ആദ്യ റൗണ്ടില്‍ മുന്നിലെത്തി എര്‍ദോഗന്‍, 50 ശതമാനം വോട്ടില്ല, ഇന്നത്തെ രണ്ടാം റൗണ്ട് നിര്‍ണായകം
അങ്കാറ: തുര്‍ക്കിയില്‍ ഇന്ന് രണ്ടാം ഘട്ട വോട്ടിംഗ്. പ്രതിപക്ഷത്തിനും നിലവിലെ പ്രസിഡന്റ് രജബ് ത്വയിബ് എര്‍ദോഗനും ഒരുപോലെ നിര്‍ണായകമാണ് ഈ തിരഞ്ഞെടുപ്പ്. നേരത്തെ തിരഞ്ഞെടുപ്പിന് മുമ്പുള്ള പ്രവചനങ്ങളെ മുഴുവന്‍ കാറ്റില്‍ പറത്തി അദ്ദേഹം ഒന്നാം റൗണ്ടില്‍ വളരെ മുന്നിലെത്തിയിരുന്നു.
പ്രതിപക്ഷത്തിന്റെ കെമാല്‍ കിലിച്ച്ദരോഗ്ലുവിനായിരുന്നു കൂടുതല്‍ വിജയസാധ്യത കല്‍പ്പിച്ചിരുന്നത്. എന്നാല്‍ അഞ്ച് പോയിന്റിന് അടുത്ത് ലീഡാണ് എര്‍ദോഗന്‍ നേടിയിരിക്കുന്നത്. തുര്‍ക്കിയിലെ സാമ്പത്തിക പ്രതിസന്ധി അടക്കമുള്ള പ്രശ്‌നങ്ങള്‍ എര്‍ദോഗന് എതിരായിരുന്നു. അതുകൊണ്ട് വീണ്ടുമൊരിക്കല്‍ കൂടി അദ്ദേഹം അധികാരത്തിലെത്തുമോ എന്ന് സര്‍വേ ഫലങ്ങള്‍ സംശയം പ്രകടിപ്പിച്ചിരുന്നു.

പ്രധാനമന്ത്രി മുതല്‍ പ്രസിഡന്റ് പദവിയില്‍ വരെയായി എര്‍ദോഗന്‍ കഴിഞ്ഞ ഇരുപത് വര്‍ഷമായി അധികാര സ്ഥാനങ്ങളിലുണ്ട്. തുര്‍ക്കി സെന്‍ട്രല്‍ അധികാര കുറച്ചതും, അതിലൂടെ തുര്‍ക്കിഷ് കറന്‍സിയുടെ മൂല്യമിടിഞ്ഞതും, വിലക്കയറ്റം പിടിച്ച് നിര്‍ത്താനാവാത്ത വിധം കുതിച്ചതുമെല്ലാം എര്‍ദോഗന്റെ രാഷ്ട്രീയ ആധിപത്യം കുറച്ചിരിക്കുകയാണ്.
ഏകാധിപത്യ രീതികളാണ് എര്‍ഗോഗന്റേത് എന്ന വ്യാപക വിമര്‍ശനം രാജ്യത്ത് ശക്തമാണ്. ഇന്ന് നടക്കുന്ന രണ്ടാം റൗണ്ടില്‍ വിജയിച്ചാലേ അധികാരം നിലനിര്‍ത്താന്‍ ഉര്‍ദുഗാന് സാധിക്കും. ആദ്യ റൗണ്ടില്‍ മുന്നിലെത്തിയെങ്കിലും 50 ശതമാനം വോട്ട് നേടാന്‍ അദ്ദേഹ്തിന് സാധിച്ചിട്ടില്ല. ഇതേ തുടര്‍ന്നാണ് രണ്ടാം റൗണ്ടിലേക്ക് മത്സരം നീണ്ടത്.
തനിക്ക് വേണ്ടി വോട്ട് ചെയ്യുന്നത് രാജ്യത്തിന്റെ സ്ഥിരതയ്ക്ക് വേണ്ടി വോട്ട് ചെയ്യുന്നത് പോലെയാണെന്ന് എര്‍ദോഗന്‍ പ്രചാരണത്തില്‍ ഉന്നയിച്ചിരുന്നു. കിലിച്ച്ദരോഗ്ലു ആറ് പാര്‍ട്ടികള്‍ ചേര്‍ന്ന പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥി. റിപബ്ലിക്കന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ അധ്യക്ഷനുമാണ് അദ്ദേഹം.
ഈ പാര്‍ട്ടി സ്ഥാപിച്ചത് തുര്‍ക്കി സ്ഥാപക നേതാവ് മുസ്തഫ കെമാല്‍ അതാതുര്‍ക്കാണ്. അതേസമയം എര്‍ദോഗനെതിരെ പിന്നിലായി പോയത് കിലിച്ച്ദരോഗ്ലുവിനെ ശക്തമായി ബാധിച്ചിട്ടുണ്ട്. പ്രതിപക്ഷത്തിന് രണ്ടാം റൗണ്ടില്‍ എര്‍ദോഗനെ മറികടക്കാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍. എര്‍ദോഗന്‍ തന്നെ വീണ്ടും അധികാരത്തില്‍ വരാനാണ് സാധ്യത.
തുര്‍ക്കിയെ ഇപ്പോള്‍ ഭരിക്കുന്ന രീതിയില്‍ പലര്‍ക്കും എതിര്‍പ്പുകളുണ്ട്. ഡോളറിനെതിരെ സര്‍വകാല തകര്‍ച്ചയിലാണ് തുര്‍ക്കിയുടെ കറന്‍സിയുള്ളത്. തുര്‍ക്കിയുടെ വിദേശ നയത്തിലും പലര്‍ക്കും എതിര്‍പ്പുണ്ട്. റഷ്യയും, ഗള്‍ഫ് രാജ്യങ്ങളുമായിട്ടാണ് തുര്‍ക്കി ബന്ധം പുലര്‍ത്തുന്നത്. യൂറോപ്പ്യന്‍ യൂണിയനെയും, അമേരിക്കയെയുമെല്ലാം അവര്‍ തള്ളിയിരിക്കുകയാണ്.
എര്‍ദോഗന് 49.5 ശതമാനം വോട്ടാണ് ലഭിച്ചത്. കിലിച്ച്ദരോഗ്ലുവിന് 44.7 ശതമാനം വോട്ടും ലഭിച്ചിട്ടുണ്ട്. നേരത്തെ അഭയാര്‍ത്ഥി വിഷയത്തില്‍ അടക്കം കിലിച്ചിന്റെ പ്രചാരണങ്ങള്‍ തുര്‍ക്കിയില്‍ കൈയ്യടി നേടിയിരുന്നു. അധികാരം നേടിയാല്‍ എല്ലാ അഭയാര്‍ത്ഥികളെയും നാടുകടത്തുമെന്നായിരുന്നു കിലിച്ച്ദരോഗ്ലുവിന്റെ പ്രഖ്യാപനം. എര്‍ദോഗന്‍ ജയിച്ചാല്‍ തുര്‍ക്കിയിലെ നഗരങ്ങളെ അഭയാര്‍ത്ഥി മാഫിയയുടെ കൈയ്യിലെത്തിക്കുമെന്നും കിലിച്ച് ആരോപിച്ചിരുന്നു.












Click it and Unblock the Notifications