സൗദിക്ക് കൂടുതല്‍ ശത്രുക്കള്‍; ഖത്തറിന് പിന്തുണ ആവര്‍ത്തിച്ച് തുര്‍ക്കി, കോടികളുടെ വ്യാപാരം?

  • Written By:
Subscribe to Oneindia Malayalam

അങ്കാറ: സൗദി സഖ്യം മുന്നോട്ട് വച്ച നിബന്ധനകളുടെ പട്ടിക തള്ളിയ ഖത്തറിന് തുര്‍ക്കിയുടെ പിന്തുണ. ഖത്തറിന്റെ നടപടിയെ പിന്തുണയ്ക്കുന്നുവെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ വ്യക്തമാക്കി. സൗദിയുടെ പട്ടികയിലുള്ള പരാമര്‍ശങ്ങളാണ് തുര്‍ക്കിയെ പ്രകോപിപ്പിച്ചത്. ഖത്തറിലെ തുര്‍ക്കിയുടെ സൈനിക താവളം മാറ്റണമെന്ന ആവശ്യവും സൗദിയും കൂട്ടരും മുന്നോട്ട് വച്ചിരുന്നു. ഈ ആവശ്യം ഖത്തറിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യലിന് തുല്യമാണെന്നാണ് ഖത്തറിന്റെ നിലപാട്. ഖത്തറിന് എല്ലാ പിന്തുണയും നല്‍കുമെന്ന് ഉര്‍ദുഗാന്‍ വ്യക്തമാക്കി.

തുര്‍ക്കിയുടെ സൈനിക താവളം മാറ്റണമെന്ന ആവശ്യം തുര്‍ക്കിയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ഉര്‍ദുഗാന്‍ അഭിപ്രായപ്പെട്ടു. ഖത്തറും തുര്‍ക്കിയും തമ്മിലുള്ള ബന്ധത്തിന്റെ ഭാഗമായാണ് സൈനിക താവളം തുടങ്ങിയത്. അതു മാറ്റണമെന്ന് സൗദി ആവശ്യപ്പെട്ടതാണ് ഉര്‍ദുഗാനെ ചൊടിപ്പിച്ചത്.

Tayyip

2014ലാണ് തുര്‍ക്കിയുടെ താവളം ഖത്തറില്‍ തുടങ്ങിയത്. നിലവില്‍ അവിടെ 150 തുര്‍ക്കി സൈനികരാണുള്ളത്. 3000 സൈനികരെ ഖത്തറിലേക്ക് അയക്കാന്‍ തുര്‍ക്കി പാര്‍ലമെന്റ് അനുമതി നല്‍കിയിരുന്നു. ഗള്‍ഫ് പ്രതിസന്ധി രൂക്ഷമയിരിക്കെയായിരുന്നു തുര്‍ക്കിയുടെ നടപടി. ഇത് സൗദിയെയും ബഹ്‌റൈനെയും യുഎഇയെയും പ്രകോപിപ്പിച്ചു. ആവശ്യപ്പെട്ടാല്‍ സൗദിയിലേക്കും പട്ടാളത്തെ അയക്കാന്‍ തയ്യാറാണെന്ന് തുര്‍ക്കി അറിയിച്ചിരുന്നു. എന്നാല്‍ ഈ നിലപാട് സൗദി അറേബ്യ തള്ളുകയായിരുന്നു.

അതേസമയം, തുര്‍ക്കിയും ഖത്തറും തമ്മിലുള്ള ബന്ധം ശക്തമായിട്ടുണ്ട്. തുര്‍ക്കിയുടെ പിന്തുണയാണ് ഖത്തറിനെ പിടിച്ചുനിര്‍ത്തുന്നതില്‍ പ്രധാനം. തുര്‍ക്കിയുടെ കയറ്റുമതിയില്‍ വന്‍ വര്‍ധനവാണിപ്പോള്‍ രേഖപ്പെടുത്തുന്നത്. ജൂണില്‍ തുര്‍ക്കിയുടെ കയറ്റുമതി 32.5 മില്യണ്‍ ഡോളറായി വര്‍ധിച്ചിട്ടുണ്ട്. ഇത് ഖത്തറുമായി ബന്ധം മെച്ചപ്പെടുത്തിയതിന് ശേഷമുള്ള വര്‍ധനവാണ്. ഖത്തറിന് ആദ്യം പിന്തുണയുമായി വന്ന രാജ്യങ്ങളിലൊന്നായിരുന്നു തുര്‍ക്കി.

ഖത്തറിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളെ ഉപരോധം കാര്യമായി ബാധിച്ചിരുന്നു. സൗദി കര അതിര്‍ത്തി അടച്ചതാണ് ഇതിന് കാരണം. എന്നാല്‍ നിര്‍മാണത്തിനാവശ്യമായ വസ്തുക്കള്‍ നല്‍കാന്‍ തയ്യാറാണെന്ന് തുര്‍ക്കി അറിയിച്ചിട്ടുണ്ട്. 2022ല്‍ ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരം ആരംഭിക്കാനിരിക്കുകയാണ് ഖത്തറില്‍. അതിന്റെ മുന്നോടിയായുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുര്‍ക്കിയുടെ സഹായത്തോടെ നടക്കുമെന്നാണ് കരുതുന്നത്.

English summary
Turkish President Recep Tayyip Erdogan has said he backs Qatar's response to a list of demands issued by Saudi Arabia and its allies.
Please Wait while comments are loading...