തുര്‍ക്കി വമ്പന്‍ ഓഫര്‍ പ്രഖ്യാപിച്ചു; നേട്ടം സൗദി, യുഎഇ ഉള്‍പ്പെടെ 6 രാജ്യങ്ങള്‍ക്ക്, കൊതിയൂറും സ്ഥലങ്ങള്‍
അങ്കാറ: എല്ലാ രാജ്യങ്ങളും വരുമാനത്തിന്റെ പുതിയ സ്രോതസ് ആയി കണ്ടെത്തിയിരിക്കുന്നത് ടൂറിസം മേഖലയാണ്. ചരിത്രവും പാരമ്പര്യവും സംസ്‌കാരവുമെല്ലാം മാലോകരെ അറിയിക്കാനും അതുവഴി സഞ്ചാരികളെ ആകര്‍ഷിക്കാനുമുള്ള വിവിധ പദ്ധതികള്‍ അവതരിപ്പിക്കുകയാണ് രാജ്യങ്ങള്‍. ഇന്തോനേഷ്യയും ശ്രീലങ്കയും തായ്‌ലാന്റുമെല്ലാം ഇന്ത്യക്കാര്‍ക്ക് വിസ ഇളവ് നല്‍കിയതും ഈ ലക്ഷ്യത്തോടെയാണ്.
വിദേശികളെ ആകര്‍ഷിപ്പിക്കാന്‍ വിനോദ സഞ്ചാര മേഖലകള്‍ നവീകരിക്കുന്നതില്‍ കൂടുതല്‍ രാജ്യങ്ങള്‍ ശ്രദ്ധ പതിപ്പിക്കുന്നുണ്ട്. തൊഴില്‍ സാധ്യതകള്‍ വര്‍ധിക്കുന്നതും വന്‍തോതില്‍ വരുമാനം ലഭിക്കുന്നതും ടൂറിസം വഴിയുള്ള നേട്ടമാണ്. ഇപ്പോള്‍ തുര്‍ക്കി ഈ രംഗത്ത് പുതിയ പ്രഖ്യാപനം നടത്തിയിരിക്കുന്നു. കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകള്‍ സമ്മാനിക്കുന്ന രാജ്യമാണ് തുര്‍ക്കി.

ആറ് രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിസയില്ലാതെ തുര്‍ക്കിയിലേക്ക് വരാനുള്ള സൗകര്യമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതില്‍ നാല് രാജ്യങ്ങളും ജിസിസിയില്‍ നിന്നാണ് എന്നതാണ് എടുത്തു പറയേണ്ടത്. ജിസിസി രാജ്യങ്ങളുമായി പഴയ പിണക്കം മാറ്റിവച്ച് ഐക്യപ്പെടുകയാണ് തുര്‍ക്കി. സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍, ഒമാന്‍, അമേരിക്ക, കാനഡ എന്നീ രാജ്യങ്ങളിലെ പൗരന്മാര്‍ക്കാണ് വിസ ഇളവ്.
സമീപ കാലം വരെ സൗദി അറേബ്യയുമായി പോരിലായിരുന്നു തുര്‍ക്കി. മുസ്ലിം ലോകത്തിന്റെ നേതൃത്വം ആര്‍ക്ക് എന്ന കാര്യത്തില്‍ ഇരുരാജ്യങ്ങള്‍ക്കിടയില്‍ അപ്രഖ്യാപിത കലഹം നിലനില്‍ക്കുന്നുണ്ട്. ഒരുകാലത്ത് തുര്‍ക്കിയിലെ ഖലീഫമാരെ ഔദ്യോഗിക നേതൃത്വമായി മുസ്ലിങ്ങള്‍ കരുതിയിരുന്നു. എന്നാല്‍ ആധുനിക സൗദി അറേബ്യ ഇതില്‍ നിന്ന് വ്യത്യസ്തമായ വഴി വെട്ടിയതാണ് തര്‍ക്കത്തിന്റെ അടിസ്ഥാനം.
തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍ ജിസിസി രാജ്യങ്ങള്‍ സന്ദര്‍ശിച്ച് പിണക്കം മാറ്റിയതോടെ പരസ്പരം നിക്ഷേപ അന്തരീക്ഷം ഒരുങ്ങിയിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങള്‍ കോടികളാണ് തുര്‍ക്കിയില്‍ നിക്ഷേപിച്ചിരിക്കുന്നത്. യൂറോപ്പില്‍ അതിവേഗം വളരുന്ന രാജ്യമായിരുന്ന തുര്‍ക്കി, സമീപകാലത്ത് സാമ്പത്തികമായി അല്‍പ്പം ഞെരുക്കത്തിലായപ്പോള്‍ ഗള്‍ഫ് രാജ്യങ്ങള്‍ സഹായിച്ചിരുന്നു.
വിസ ഇളവ് പ്രഖ്യാപിക്കുന്നതോടെ ജിസിസി രാജ്യങ്ങളുമായുള്ള തുര്‍ക്കിയുടെ ബന്ധം ദൃഢമാകുന്നു എന്ന് വ്യക്തം. വിസയില്ലാതെ തന്നെ ആറ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് തുര്‍ക്കിയിലേക്ക് വരാന്‍ സാധിക്കും. തുര്‍ക്കിയില്‍ 90 ദിവസം വരെ തങ്ങാനും ഈ രാജ്യക്കാര്‍ക്ക് അനുമതിയുണ്ട്. ആറ് രാജ്യങ്ങളുമായും നയതന്ത്ര ബന്ധം കൂടുതല്‍ ശക്തമാക്കുക എന്ന ലക്ഷ്യവും തുര്‍ക്കിക്കുണ്ട്.
നാറ്റോ അംഗരാജ്യമായ തുര്‍ക്കി ഗാസ-ഇസ്രായേല്‍ വിഷയത്തില്‍ അമേരിക്കന്‍ വിരുദ്ധ ചേരിയിലാണ്. അമേരിക്ക കഴിഞ്ഞാല്‍ നാറ്റോയിലെ വലിയ സൈനിക ശക്തി തുര്‍ക്കിയാണ്. അമേരിക്കയുടെ ആണവായുധങ്ങള്‍ തുര്‍ക്കിയില്‍ സൂക്ഷിച്ചിട്ടുണ്ട് എന്നും ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സമീപകാലത്തുണ്ടായ ചില അസ്വാരസ്യങ്ങള്‍ അകറ്റുക എന്ന ലക്ഷ്യത്തോടെയാണ് അമേരിക്കക്കാര്‍ക്കും തുര്‍ക്കി വിസ ഇളവ് നല്‍കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.












Click it and Unblock the Notifications