
ഇനി പിശുക്കി എഴുതേണ്ട; കാത്തിരുന്ന ആ മാറ്റം ട്വിറ്ററില്‍ ഉടന്‍ എത്തിയേക്കും
ട്വിറ്റർ ഏറ്റെടുത്തത് മുതൽ കമ്പനിയിൽ പുതിയപുതിയ പരീക്ഷണങ്ങൾ നടത്തുകയാണ് ഇലോൺ മസ്ക്. ഇപ്പോൾ പുതിയ ഒരു മാറ്റം കൂടി അവതരിപ്പിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് മസ്‌ക്. ട്വീറ്റിലെ 280 അക്ഷര പരിമിതി ഒഴിവാക്കുമെന്നാണ് വിവരം. നിലവില്‍ 280 അക്ഷരങ്ങളാണ് ഒരു ട്വീറ്റില്‍ ടൈപ്പ് ചെയ്യാനാവുക. 280 അക്ഷരങ്ങളില്‍ നിന്നും 420 ആയി ഉയര്‍ത്താനാണ് മസ്‌ക് പ്ലാന്‍ ചെയ്യുന്നതെന്നാണ് സൂചന.
തുടക്കത്തില്‍ 140 ആയിരുന്നു അക്ഷരങ്ങളുടെ എണ്ണം, പിന്നീട് 280 ആക്കി ഉയര്‍ത്തി. 2017 ലാണ് ട്വീറ്റിലെ അക്ഷര പരിധി 140 ല്‍ നിന്ന് 280 ആക്കി ഉയര്‍ത്തിയത്. നേരത്തെ തന്നെ അക്ഷരങ്ങളുടെ എണ്ണം കൂട്ടുമെന്ന സൂചന മസ്ക് നൽകിയിരുന്നു. ഇപ്പോൾ തീരുമാനം ഏതാണ്ട് ഉറപ്പിച്ച മട്ടിലാണ്. ഏറെ വൈകാതെ തന്നെ 280 ൽ നിന്ന് 420 ആക്കി ഉയർത്തുമെന്നാണ് റിപ്പോർട്ട്...

അക്ഷരപരിമിതി ഒഴിവാക്കുമോ അതോ പരിധി വർധിപ്പിക്കുമോ എന്ന ഒരു ട്വിറ്റർ ഉപഭോക്താവിന്റെ ചോദ്യത്തിന് 'തീർച്ചയായും' എന്ന് ആയിരുന്നു അദ്ദേഹം മറുപടി നൽകിയത്. ദൈർഘ്യമേറിയ ട്വീറ്റുകൾ എത്തിക്കുന്നതിൽ ട്വിറ്റർ ഏറെ വൈകിയെന്ന് അദ്ദേഹം പറയുന്നു. അതുകൊണ്ടുതന്നെ ട്വിറ്റർ ത്രെഡ് സംവിധാനം പെട്ടെന്ന് തന്നെ ഒഴിവാക്കുമെന്ന് അദ്ദേഹം പറയുന്നു.

നേരത്തെ ട്വിറ്ററിൽ എഡിറ്റ് ബട്ടൻ വേണമെന്ന് മസ്‌ക് ആവശ്യപ്പെട്ടിരുന്നു. എഡിറ്റ് ബട്ടൻ നിർമിക്കുന്നതിനുള്ള ജോലികൾ നടക്കുന്നുണ്ടെന്ന് കമ്പനിയും നേരത്തെ പറഞ്ഞിരുന്നു. അതേസമയം, ജീവനക്കാരെ പിരിച്ചുവിട്ടുകൊണ്ടായിരുന്നു മസ്ക് ട്വിറ്ററിൽ മാറ്റങ്ങൾ ആരംഭിച്ചത്.
പകുതിയോളം ജീവനക്കാരെ പിരിച്ചുവിട്ടശേഷം പുതിയ ആളുകളെ ജോലിക്കെടുക്കാൻ ഒരുങ്ങുകയാണ് ഇലോൺ മസ്‌ക്. മികച്ച സോഫ്റ്റ്‌വെയർ വിദഗ്ധർ ട്വിറ്ററിൽ എത്തുമെന്നും മസ്‌ക് പറഞ്ഞിരുന്നു. ട്വിറ്ററിൽ ഒട്ടേറെ പുതിയ ഫീച്ചറുകൾ വരുന്നുണ്ടെന്നും അദ്ദേഹം സൂചന നൽകി.

'ട്വിറ്റർ 2.0- എവരിതിങ് ആപ്പ്' എന്ന പ്രഖ്യാപനത്തോടെ ആപ്പിന്റെ പുതിയ ലുക്ക് ഇലോൺ മസ്‌ക് നേരത്തെ അവതരിപ്പിച്ചിരുന്നു. ട്വിറ്റർ 2.0 വീഡിയോയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുമെന്നും മസ്‌ക് അറിയിച്ചു. ട്വിറ്ററിലെ വെരിഫൈഡ് ബാഡ്ജ് ഉടൻ തിരികെ ത്തുമെന്നും ഇലോൺ മസ്‌ക് പറഞ്ഞിരുന്നു. അടുത്ത വെള്ളിയാഴ്ചയോടെ വെരിഫൈഡ് ബാഡ്ജ് പ്രാബല്യത്തിൽ വരുമെന്നാണ് ട്വിറ്റർ അറിയിച്ചിരിക്കുന്നത്. വലിയ മാറ്റത്തോടെയാകും ബാഡ്ജ് അവതരിപ്പിക്കുക. നീല നിറത്തിൽ അനുവദിച്ചിരുന്ന ബാഡ്ജ് ഇനി ചാര, സ്വർണനിറങ്ങളിലും കാണാനാകും.

വ്യക്തികൾക്ക് നൽകിവന്നിരുന്ന ബ്ലൂ ടിക്ക് അതേപടി തന്നെ തുടരുമെന്നും കമ്പനികൾക്ക് ഗോൾഡ് ടിക്കാകും ഇനി മുതൽ അനുവദിക്കുക. സർക്കാർ സ്ഥാപനങ്ങൾക്ക് ഗ്രേ ടിക്കും നൽകും. ഒരുപാട് മാറ്റങ്ങളാണ് ട്വിറ്ററിൽ വരുന്നതെന്നാണ് സൂചന.