സൗദി അറേബ്യയില്‍ വെടിവെപ്പ്; ചോരയില്‍ മുങ്ങി സ്‌കൂള്‍, ഞെട്ടിത്തരിച്ച് തലസ്ഥാനം!!
റംസാന്‍ അവധിയായതിനാല്‍ കുട്ടികള്‍ ആരും സ്‌കൂളില്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ട് കൂടുതല്‍ അത്യാഹിതം സംഭവിക്കാതെ രക്ഷപ്പെട്ടു.
റിയാദ്: സൗദി അറേബ്യയില്‍ സ്‌കൂളില്‍ വെടിവയ്പ്പ്. അമേരിക്കന്‍ വംശജന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ കൊല്ലപ്പെട്ടു. തീവ്രവാദ ആക്രമണങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാകുന്നതിനിടെയാണ് തലസ്ഥാന നഗരിയിലെ സംഭവം. എന്നാല്‍ സ്‌കൂളിലെ സംഭവത്തില്‍ തീവ്രവാദ ബന്ധമില്ലെന്ന് അധികൃതര്‍ അറിയിച്ചു.
തലസ്ഥാനമായ റിയാദിലാണ് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് വെടിവയ്പ്പുണ്ടായത്. ഏഷ്യന്‍ വംശജനായ ഒരാള്‍ക്ക് പരിക്കേറ്റു. മോശം പെരുമാറ്റത്തിന്റെ പേരില്‍ നേരത്തെ പുറത്താക്കിയ അധ്യാപകനാണ് തോക്കുമായി സ്‌കൂളിലെത്തി അക്രമം നടത്തിയത്.

ഈ അധ്യാപകന്‍ അറബ് വംശജനാണ്. എന്നാല്‍ സൗദി പൗരനല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇയാളെ നാല് വര്‍ഷം മുമ്പ് മോശം പെരുമാറ്റത്തെ തുടര്‍ന്ന് സ്‌കൂളില്‍ നിന്നു പുറത്താക്കിയുരുന്നു.

കൊല്ലപ്പെട്ടത് പ്രിന്‍സിപ്പലും ഒരു അധ്യാപകനുമാണ്. പരിക്കേറ്റ ഏഷ്യന്‍ വംശജന്‍ ഏത് രാജ്യക്കാരനാണെന്ന് വ്യക്തമല്ല. പുറത്താക്കിയ അധ്യാപകന്‍ ആളൊഴിഞ്ഞ നേരം വന്ന് അരിശം തീര്‍ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

കിങ്ഡം ഹോള്‍ഡിങ് ആണ് സ്‌കൂള്‍ നടത്തിപ്പുകാര്‍. സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗത്തില്‍ പ്രാദേശിക സമയം ഉച്ചകഴിഞ്ഞാണ് പ്രതി എത്തിയത്. കൂടുതല്‍ ആളുകള്‍ സ്ഥലത്തില്ലെന്ന് ഉറപ്പാക്കിയ ശേഷമായിരുന്നു ഇയാളുടെ നീക്കം.

മരിച്ച പ്രിന്‍സിപ്പല്‍ ഫലസ്തീന്‍ വംശജനായ അമേരിക്കന്‍ പൗരനാണെന്ന് കിങ്ഡം ഹോള്‍ഡിങ് അറിയിച്ചു. കൊല്ലപ്പെട്ട അധ്യാപകന്‍ സൗദി സ്വദേശിയുമാണ്. എന്നാല്‍ പ്രതി ഏത് രാജ്യക്കാരനാണെന്ന് വ്യക്തമല്ല.

പ്രതി അറബ് വംശജനാണെന്ന് അധികൃതര്‍ സൂചന നല്‍കി. നാല് വര്‍ഷം മുമ്പാണ് ഇയാളെ പിരിച്ചുവിട്ടത്. ഇതിലുള്ള ദേഷ്യം തീര്‍ക്കുകയായിരുന്നു പ്രതി ചെയ്തതെന്ന് കിങ്ഡം ഹോള്‍ഡിങ് സിഇഒയും കിങ്ഡം സ്‌കൂള്‍സ് ചെയര്‍മാനുമായ തലാല്‍ അല്‍ മുഅയ്മന്‍ അറിയിച്ചു.

പ്രമുഖ വ്യവസായിയും രാജുകുടുംബാംഗവുമായ അല്‍ വലീദ് ബിന്‍ തലാല്‍ രാജകുമാരന്റേതാണ് കിങ്ഡം ഹോള്‍ഡിങ്. ആക്രമണമുണ്ടായെന്ന വാര്‍ത്ത തലസ്ഥാനത്ത് ഞെട്ടലുണ്ടാക്കിയിരുന്നു. സൗദിയില്‍ ഇടക്കിടെ ഭീകരാക്രണമുണ്ടാകുന്ന പശ്ചാത്തലത്തിലാണ് പുതിയ സംഭവം റിപ്പോര്‍ട്ട് ചെയ്തത്.

റംസാന്‍ അവധിയായതിനാല്‍ കുട്ടികള്‍ ആരും സ്‌കൂളില്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ട് കൂടുതല്‍ അത്യാഹിതം സംഭവിക്കാതെ രക്ഷപ്പെട്ടു. പക്ഷേ പ്രതിക്ക് മറ്റുള്ളവര്‍ ലക്ഷ്യമായിരുന്നില്ലെന്നാണ് ലഭ്യമാകുന്ന സൂചനകള്‍. പ്രിന്‍സിപ്പലിനെ ലക്ഷ്യമിട്ടാണ് പ്രതി വന്നതെന്നും കരുതുന്നു.

പ്രവാസി മലയാളി സണ്ണി വര്‍ക്കിയുടെ ഉടമസ്ഥതയിലുള്ള ജെംസ് ഗ്ലോബല്‍ ശൃംഖലയില്‍പ്പെട്ടതാണ് കിങ്ഡം സ്‌കൂള്‍. വെടിവച്ചയാള്‍ ഇറാഖ് പൗരനാണെന്നാണ് ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.

പരിക്കേറ്റ ഏഷ്യക്കാരന്‍ സ്‌കൂളിലെ ഗാര്‍ഡ് ആണ്. ഇയാളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് അധികൃതര്‍ പറയുന്നത്. സ്‌കൂളില്‍ നിന്നു 18 കിലോമീറ്റര്‍ അകലെയാണ് അമേരിക്കന്‍ എംബസി.

സൗദി-ഇന്റര്‍നാഷനല്‍ കരിക്കുലം പിന്തുടരുന്ന സ്‌കൂളാണിത്. ക്ലിനിക്ക്, പള്ളി, ഓഡിറ്റോറിയം, ലൈബ്രറി എന്നിവയും സ്‌കൂളിനോട് ചേര്‍ന്നുണ്ട്. കഴിഞ്ഞ വര്‍ഷം അമേരിക്കന്‍ എംബസിക്കടത്തും മദീനയിലും ആക്രമണമുണ്ടായത് ഏകദേശം ഇതേ വേളയിലാണ്.












Click it and Unblock the Notifications