60 വർഷങ്ങൾ പരസ്പരം അറിയാതെ ജീവിച്ച രണ്ട് സഹോദരിമാർ; ഡിഎൻഎ ടെസ്റ്റ് വഴിത്തിരിവായി..
അറുപത് വർഷങ്ങൾക്ക് ശേഷം പരസ്പരം കണ്ടുമുട്ടി രണ്ട് സഹോദരിമാർ. അതുവരെ തീർത്തും അപരിചിതരായിരുന്നു ഇവർ. തങ്ങൾ സഹോദരങ്ങളാണെന്ന് ഇവർക്ക് അറിയുകപോലുമില്ലായിരുന്നു. എന്നാൽ ഒരു ഡിഎൻഎ ടെസ്റ്റിലൂടെ ആണ് ആ വലിയ രഹസ്യം പുറത്തുവന്നത്.
രണ്ട് പേരുടേയും പേര് ജൂലി എന്നായിരുന്നു. ആദ്യത്തെ ആൾ ജൂലി മാമോ, രണ്ടാമത്തെ ആൾ ജൂലി അൻസെൽ. ഇവരുടെ മരുമകനായ ജേസൺ ഫിഷർ നടത്തിയ ഡിഎൻഎ ടെസ്റ്റാണ് വഴിത്തിരിവായത്. MyHeritage.com വഴിയായിരുന്നു ഈ ടെസ്റ്റ് നടത്തിയത്. എങ്ങനെയാണ് ഈ സഹോദരിമാർ രണ്ട് സ്ഥലങ്ങളിൽ ആയതെന്നും, എന്താണ് ഇവരുടെ ജീവിതത്തിൽ സംഭവിച്ചതെന്നും വിശദമായി അറിയാം.

ഇവരുടെ അമ്മയുടെ പേര് ലിലിയൻ ഫിഷർ എന്നാണ്. ജൂലി മാമോയെ പ്രസവിക്കുമ്പോൾ ഇവർക്ക് 17 വയസ്സ് മാത്രമായിരുന്നു പ്രായം. വിവാഹവും കഴിച്ചിരുന്നില്ല, ആരും അറിയാതെയായിരുന്നു ആ സ്ത്രീ അന്ന് ജുലി മാമോയ്ക്ക് ജന്മം നൽകിയത്. തൊട്ടുപിന്നാലെ കുഞ്ഞിനെ ദത്ത് നൽകുകയും ചെയ്തു. ജൂലി മാമോയെ 9 ദിവസം പ്രായമുള്ളപ്പോഴാണ് മാവിസ്- ഡേവിഡ് ഹോളണ്ട് ദമ്പതികൾ ദത്തെടുത്തത്. പിന്നെ അവളെ അവർ ഓസ്ട്രേലിയയിലേക്ക് കൊണ്ടുപോയി.
പിന്നീട് വിവാഹം കഴിഞ്ഞ ലിലിയന് നാല് കുട്ടികൾ ഉണ്ടായി. നാല് പേരിൽ മൂത്ത ആളായിരുന്നു ജൂലി ആൻസൽ. ഇവർ യുകെയിലാണ് താമസിക്കുന്നത്. ജൂലിയോട് ലിലിയൻ തന്റെ ആദ്യത്തെ കുട്ടിയെക്കുറിച്ച് പറഞ്ഞിരുന്നു. തനിക്ക് 12 വയസുള്ളപ്പോൾ ആയിരുന്നു അമ്മ തന്നോട് തനിക്ക് ഒരു മകൾ കൂടി ഉണ്ടായിരുന്നു എന്ന കാര്യം പറഞ്ഞത്.
അവളെ താൻ ദത്ത് നൽകുകയായിരുന്നുവെന്നും അമ്മ പറഞ്ഞതായി ജൂലി അൻസൽ പറഞ്ഞു. എന്നാൽ, കുട്ടിയായിരുന്ന താൻ അത് മറന്നുപോയെന്നും അവർ പറഞ്ഞു. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ലിലിയൻ മരിക്കുകയും ചെയ്തു
പിന്നീട് ഇവരുടെ മരുമകൻ , ജേസൺ ഫിഷർ ഫേസ്ബുക്കിലൂടെ ജൂലി മാമോയുടെ മകളെ കണ്ടെത്തി പരിചയം ഉണ്ടാക്കി. തനിക്ക് ഒരു സഹോദരിയുണ്ട് അവർ ഇപ്പോൾ ഓസ്ട്രേലിയയിലാണ് എന്നും അറിഞ്ഞ അൻസൽ ആകെ ആവേശംകൊണ്ടു, പിന്നീട് ഒട്ടും സമയം കളഞ്ഞില്ല. അവർ ഉടൻ തന്നെ ഓസ്ട്രേലിയയിലേക്ക് പോയി. അങ്ങനെ 60 വർഷങ്ങൾക്ക് ശേഷം ആ സഹോദരങ്ങൾ പരസ്പരം കണ്ടുമുട്ടുകയായിരുന്നു.












Click it and Unblock the Notifications