ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിച്ച് പൊലീസിനാപ്പം ഋഷി സുനക്; 105 അനധികൃത കുടിയേറ്റക്കാര്‍ അറസ്റ്റില്‍
ലണ്ടന്‍: അനധികൃത കുടിയേറ്റം തടയുന്നതിന്റെ ഭാഗമായി യുകെ ഹോം ഓഫീസ് എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡില്‍ ഒപ്പം ചേര്‍ന്ന് യു കെ പ്രധാനമന്ത്രി ഋഷി സുനക്. റെയ്ഡില്‍ 20 രാജ്യങ്ങളില്‍ നിന്നുള്ള 105 ഓളം പേര്‍ അറസ്റ്റിലായി. ബുള്ളറ്റ് പ്രൂഫ് വസ്ത്രം ധരിച്ച ഋഷി സുനക് നോര്‍ത്ത് ലണ്ടനിലെ ബ്രെന്റില്‍ നടന്ന റെയ്ഡിലാണ് പങ്കെടുത്തത്. പിടികൂടിയവരില്‍ 40 പേരെ ഉടന്‍ നാടുകടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
അടുത്ത വര്‍ഷം പ്രതീക്ഷിക്കുന്ന പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്തെ അനധികൃത കുടിയേറ്റം പൂര്‍ണമായും ഒഴിവാക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. അനധികൃത കുടിയേറ്റക്കാരെ രാജ്യത്ത് നിന്ന് ഒഴിവാക്കുമെന്ന വാഗ്ദാനം നല്‍കിയാണ് ഋഷി സുനകിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലേറിയത്.

'അനധികൃതമായ കുടിയേറ്റവും നിയമവിരുദ്ധമായ ജോലിയും ഞങ്ങളുടെ കമ്മ്യൂണിറ്റിയെ ദോഷകരമായി ബാധിക്കും. പ്രധാനമന്ത്രി പറഞ്ഞതുപോലെ, നമ്മുടെ നിയമങ്ങളെയും അതിര്‍ത്തികളെയും ദുരുപയോഗം ചെയ്യുന്നത് തടയാന് ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. യുകെയിലേക്ക് നിയമവിരുദ്ധവുമായി എത്തുന്ന കുടിയേറ്റക്കാരുടെ ഒരു പ്രധാന ആകര്‍ഷണമാണ് ബ്ലാക്ക് മാര്‍ക്കറ്റ് തൊഴില്‍ സാധ്യതയെന്ന് ഞങ്ങള്‍ക്കറിയാം'- യു കെ ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവര്‍മാന്‍ പറഞ്ഞു.
ഇതിനെതിരെയുള്ള വ്യക്തമായ സന്ദേശമാണ് കഴിഞ്ഞ ദിവസം നടന്ന റെയ്ഡുകളെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. യു കെയില്‍ ഉടനീളം നടന്ന ഓപ്പറേഷനില്‍, 159 അനധികൃത തൊഴില്‍ സ്ഥാപനങ്ങളില്‍ നടന്ന റെയ്ഡുകളില്‍ 105 വിദേശ പൗരന്മാരെ ഇമിഗ്രേഷന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു.
റെസ്റ്റോറന്റുകള്‍, കാര്‍ വാഷ് കേന്ദ്രങ്ങള്‍, നെയില്‍ ബാറുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍, കണ്‍വീനിയന്‍സ് സ്റ്റോറുകള്‍ എന്നിവയുള്‍പ്പെടെയുള്ള വാണിജ്യ സ്ഥാപനങ്ങളില്‍ നിന്നാണ് അറസ്റ്റ് നടന്നത്. അനധികൃത ജോലി, തെറ്റായ രേഖകള്‍ കൈവശം വച്ചതുള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ചില സ്ഥലങ്ങളില്‍ നിന്ന് പണവും പിടിച്ചെടുത്തു.
അറസ്റ്റിലായവരില്‍ 40-ലധികം പേരെ യു കെയില്‍ ഉടന്‍ നാടുകടത്താന്‍ തീരുമാനിച്ചു. ശേഷിക്കുന്ന പ്രതികളെ ഇമിഗ്രേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ഇത്തരം റെയ്ഡുകള്‍ അനധികൃത കുടിയേറ്റക്കാര്‍ സ്വയം ഒഴിഞ്ഞുപോകുന്നതിന് സഹായിക്കുമെന്നും യു ക ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ശരിയായ വിസ പേപ്പറുകള്‍ ഇല്ലാത്തവരെയാണ് അറസ്റ്റ് ചെയ്തത്. ഏതൊക്കെ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് അറസ്റ്റിലായതെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.












Click it and Unblock the Notifications