അമേരിക്കയില്‍ കപ്പല്‍ ഇടിച്ച് കൂറ്റന്‍ പാലം തകര്‍ന്നു വീണു; പാലത്തിലുണ്ടായിരുന്ന വാഹനങ്ങളടക്കം നദിയില്‍!
മേരിലാന്റ്: കപ്പല്‍ ഇടിച്ച് അമേരിക്കയിലെ ബാള്‍ട്ടിമോറില്‍ ഫ്രാന്‍സിസ് സ്‌കോട്ട് കീ പാലം തകര്‍ന്ന് വീണു. ചൊവ്വാഴ്ച പുലര്‍ച്ചെ 1.30 നാണ് സംഭവം. സിനര്‍ജി മറൈന്‍ ഗ്രൂപ്പിന്റെ കണ്ടെയ്‌നര്‍ കപ്പലാണ് പാലത്തിന്റെ വലിയ തൂണിലേക്ക് ഇടിച്ച് കയറിയത്. പാലം തല്‍ക്ഷണം നദിയിലേക്ക് തകര്‍ന്ന് വീഴുകയായിരുന്നു. നിരവധി വാഹനങ്ങള്‍ പാലത്തിലൂടെ പോകുമ്പോഴായിരുന്നു അപകടം.
ഏഴോഴം വാഹനങ്ങള്‍ നദിയില്‍ വീണതായാണ് വിവരം. സംഭവസമയത്ത് ബാള്‍ട്ടിമോര്‍ പാലത്തില്‍ 20 ഓളം നിര്‍മ്മാണ തൊഴിലാളികള്‍ ഉണ്ടായിരുന്നുവെന്നും ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പാലത്തിന്റെ തൂണിലിടിച്ചതിന് പിന്നാലെ കപ്പലിന് തീ പിടിക്കുകയും ചെയ്തു. കപ്പലില്‍ ഉള്ളവര്‍ സുരക്ഷിതരാണെന്നാണ് വിവരം.

അപകടത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം വ്യക്തമല്ല. അതേസമയം, ഇരു ദിശകളിലുമുള്ള എല്ലാ പാതകളും അടച്ചിട്ടുണ്ടെന്ന് പ്രാദേശിക ട്രാഫിക് മന്ത്രാലയം അറിയിച്ചു. പറ്റാപ്സ്‌കോ നദിക്കു മുകളില്‍ 1.6 മൈല്‍ ദൂരത്തില്‍ ആണ് നാലുവരി പാലം സ്ഥിതി ചെയ്യുന്നത്. അതേസമയം പ്രദേശത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി മേരിലാന്‍ഡ് ഗവര്‍ണര്‍ വെസ് മൂര്‍ പ്രസ്താവനയില്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട് എന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
1977 ല്‍ തുറന്ന ഈ പാലം ബാള്‍ട്ടിമോര്‍ തുറമുഖത്തോടൊപ്പം കിഴക്കന്‍ തീരത്തെ ഷിപ്പിംഗിന്റെ കേന്ദ്രമായ പടാപ്സ്‌കോ നദിക്ക് കുറുകെയാണ് കടന്നുപോകുന്നത്. 'ദി സ്റ്റാര്‍-സ്പാംഗിള്‍ഡ് ബാനര്‍' എന്ന എഴുത്തുകാരന്റെ പേരിലാണ് ഇത് അറിയപ്പെടുന്നത്.
സിംഗപ്പുര്‍ പതാകയുള്ള കണ്ടെയ്‌നര്‍ കപ്പലാണ് അപകടത്തില്‍പ്പെട്ടത് എന്നാണ് വിവരം. 300 മീറ്ററോളം നീളമുള്ള ഈ കപ്പല്‍ കൊളംബോയിലേക്കുള്ള യാത്രയിലായിരുന്നു. പ്രതിവര്‍ഷം 11 ദശലക്ഷത്തിലധികം വാഹനങ്ങള്‍ കടന്ന് പോകുന്ന പാലമാണ് തകര്‍ന്ന് വീണത്. വാഷിംഗ്ടണ്‍ ഡിസിക്ക് അടുത്തുള്ള യുഎസ് ഈസ്റ്റ് കോസ്റ്റിലെ വ്യവസായ നഗരമായ ബാള്‍ട്ടിമോറിന് ചുറ്റുമുള്ള റോഡ് ശൃംഖലയുടെ ഒരു പ്രധാന ഭാഗമാണിത്.
അതേസമയം കപ്പല്‍ കൂട്ടിയിടിയുടേയും തുടര്‍ന്നുള്ള തകര്‍ച്ചയുടേയും കാരണത്തെക്കുറിച്ചുള്ള അന്വേഷണം ഉടന്‍ നടക്കും എന്നും ഇപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിനാണ് മുന്‍ഗണന എന്നും ഫെഡറല്‍ അധികൃതര്‍ വ്യക്തമാക്കി. ഔദ്യോഗിക സ്ഥിരീകരണവും വിശദാംശങ്ങളും ഇനിയും വരാനുണ്ടെങ്കിലും പാലത്തിന്റെ വലിയ ഭാഗങ്ങള്‍ വെള്ളത്തിനടിയിലായതായാണ് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.












Click it and Unblock the Notifications