യുഎസ് കാപ്പിറ്റോള്‍ കലാപം; മരണം അഞ്ചായി ; രാജി വെച്ച് പൊലീസ് മേധാവി
വാഷിങ്‌ടണ്‍: യുഎസ് പാര്‍ലമെന്റായ കാപ്പിറ്റോള്‍ മന്ദിരം കയ്യേറി ട്രംപ് അനുകൂലികള്‍ നടത്തിയ അട്ടിമറി നീക്കത്തെ തുടര്‍ന്നുണ്ടായ കലാപത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി ഉയര്‍ന്നു. അക്രമണത്തില്‍ പരിക്കേറ്റ പൊലീസുകാരനാണ് മരണത്തിന് കീഴടങ്ങിയത്. വാഷിങ്‌ടണ്‍ ഡിസിയിലും കാപ്പിറ്റോള്‍ മന്ദിരത്തിലും മണിക്കൂറുകള്‍ നീണ്ട സംഘര്‍ഷത്തില്‍ 2 സ്‌ത്രീകള്‍ അടക്കം 4 പേര്‍ നേരത്തെ മരിച്ചിരുന്നു.
ബാരിക്കേടുകള്‍ തകര്‍ത്ത് പാര്‍ലമെന്റ് വളപ്പില്‍ പ്രവേശിച്ച പ്രതിഷേധക്കാരെ തടയാന്‍ പൊലീസിന് കഴിഞ്ഞില്ല. ഇരച്ചെത്തിയ സംഘത്തെ കണ്ട് കാവല്‍ നിന്ന പൊലീസുകാര്‍ പിന്തിരിഞ്ഞോടി. അക്രമികള്‍ സഭാ ഹാളില്‍ എത്തിയതോടെ സുരക്ഷാ കാറ്റില്‍ പറന്നു. പ്രതിഷേധക്കാര്‍ ഓഫീസ് സാധനങ്ങള്‍ കേടുവരുത്തി. ജനാലച്ചില്ലുകള്‍ അടിച്ചു തകര്‍ത്തു.
കാപ്പിറ്റോള്‍ മന്ദിരത്തില്‍ സുരക്ഷാക്കായി 200 പൊലീസ് ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നെങ്കിലും അക്രമാസക്തരായ പ്രക്ഷോഭകരെ നേരിടാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. സമൂഹ മാധ്യമങ്ങള്‍ വഴി ട്രംപ് അനുകൂലികള്‍ പ്രതിഷേധം ആസൂത്രണം ചെയ്യുന്നതായി സൂചന ലഭിച്ചിരുന്നെങ്കിലും മുന്‍കരുതല്‍ സ്വീകരിക്കാന്‍ തയാറാകാത്തതും കരലാപം നിയന്ത്രിക്കാന്‍ പൊലീസിന് സാധിക്കതാത്തിന്റെ പ്രാധാനകാരണമായി. ഇതിനിടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടേയും ഡെമോക്രാറ്റിക് പാര്‍ട്ടിയുടേയും ആസ്ഥാനത്ത് പൈപ്പ് ബോബുകള്‍ കണ്ടെടുത്തു. കാപ്പിറ്റോള്‍ വളപ്പില്‍ ഒളിപ്പിച്ച ഒരു തോക്കും കണ്ടെത്തി.
കാപ്പിറ്റോള്‍ മന്ദിരത്തിലുണ്ടായ ഗുരുതര പൊലീസ് വീഴ്‌ച്ചയെ തുടര്‍ന്ന് കോപ്പിറ്റോള്‍ പൊലീസ് മേധാവി വ്യാഴാഴ്‌ച്ച രാജിവെച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. സ്‌പീക്കര്‍ നാന്‍സ് പെലേസിയുടെ നിര്‍ദേശത്തെതുടര്‍ന്നാണ് രാജിവെച്ചതെന്നാണ് റിപ്പോര്‍ട്ട്. കലാപം നിയന്ത്രിക്കാന്‍ ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സ്‌പീക്കര്‍ രാജി ആവശ്യപ്പെട്ടത്. കലാപത്തെ തുടര്‍ന്ന് പൊലീസ് മേധാവി സ്റ്റീവന്‍ സണ്ട് ആണ് രാജിവെച്ചത്.
കാപ്പിറ്റോളിലേക്ക് അതിക്രമിച്ച് കയറിയ ട്രംപ് അനുകൂലികളില്‍ പലരും ആുധധാരികളായിരുന്നു. ഇതിനിടെ കാപ്പിറ്റോള്‍ മന്ദിരം പൊലീസ് അടച്ചു. സെനറ്റ്, ജനപ്രതിനിധി സഭാംഗങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. മാധ്യമപ്രവര്‍ത്തകരും സന്ദര്‍ശകരും അകത്ത് കുടുങ്ങി. പൊലീസ് ഇതിനിടെ സൈന്യത്തിന്റെ സഹായം തേടി. പ്രതിഷേധക്കാരെ ഒഴിപ്പിക്കാന്‍ പൊലീസ് കണ്ണീര്‍ വാതകവും മുളക് സ്‌പ്രേയും പ്രയോഗിച്ചു. ഒട്ടേറെ പൊലിസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റു. പാര്‍ലമെന്റ് വളപ്പില്‍ നെഞ്ചിന് വെടിയേറ്റാണ് ട്രംപ് അനുയായിയായ സത്രീ മരിച്ചത്. വൈകിട്ട് മൂന്നരയോടെയാണ് സെനറ്റ് ഹാളില്‍ നിന്നും പ്രതിഷേധക്കാരെ തുരത്തിയത്.
കാപ്പിറ്റോള്‍ മന്ദിരം കയ്യേറി കലാപം അഴിച്ചുവിട്ട കാലാപകാരികളുടെ വിവര ശേഖരണം എഫ്‌ബിഐ ഏറ്റെടുത്തു. അതിക്രമിച്ച് കടക്കുകയും അക്രമം അഴിച്ചുവിടുകയും ചെയ്‌തവരെ തിരിച്ചറിയാന്‍ സഹായിക്കുന്ന ഡിജിറ്റല്‍ വിവരങ്ങള്‍ അടക്കം കൈമാറാന്‍ എഫ്‌ബിഐ ജനങ്ങളോട് അഭ്യര്‍ഥിച്ചു. വാഷിങ്‌ടണ്‍ ഡിസിയില്‍ 68 പേരാണ് ഇതുവരെ കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. ഇതില്‍ പകുതിയോളം പേര്‍ കാപ്പിറ്റോള്‍ മന്ദിരത്തിലെ സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് പിടിയിലായത്.