'ഉത്തരവാദിത്തപരമായ പരിഹാരത്തിനായി ശ്രമിക്കണം'; ഇന്ത്യ-പാകിസ്ഥാൻ ഭിന്നതയിൽ നിലപാട് വ്യക്തമാക്കി യുഎസ്
ന്യൂയോർക്ക്: ജമ്മു കശ്‌മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നയതന്ത്ര ഭിന്നതയിൽ നിലപാട് വ്യക്തമാക്കി യുഎസ് രംഗത്ത്. ഇരു രാജ്യങ്ങളോടും ഉത്തരവാദിത്തപരമായ പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കണമെന്നാണ് അമേരിക്ക ആവശ്യപ്പെട്ടത്. എന്നാൽ വിഷയത്തിൽ ഇന്ത്യയ്ക്കുള്ള പിന്തുണ യുഎസ് ആവർത്തിച്ചു സ്ഥിരീകരിക്കുകയും ചെയ്‌തിട്ടുണ്ട്.
ഏപ്രിൽ 22ലെ ആക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതിനെത്തുടർന്ന് സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇരു സർക്കാരുകളുമായും വിവിധ തലങ്ങളിൽ ബന്ധപ്പെട്ടിട്ടുണ്ടെന്ന് യുഎസ് സ്‌റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. ഈ ഭീകരാക്രമണത്തിന് പിന്നാലെയാണ് പാകിസ്ഥാനെതിരെ ഇന്ത്യ നയതന്ത്ര തലത്തിൽ വിവിധ തരത്തിലുള്ള തിരിച്ചടികൾ നൽകി തുടങ്ങിയത്.

പഹൽഗാം ആക്രമണത്തിന് പിന്നിലെ തീവ്രവാദികളെയും ഗൂഢാലോചനക്കാരെയും തിരിച്ചറിയാനും കണ്ടെത്താനും ശിക്ഷിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചിരുന്നു. പാകിസ്ഥാൻ പ്രത്യാക്രമണ നീക്കങ്ങളിലൂടെ പ്രതികരിക്കുകയും സ്വതന്ത്ര അന്വേഷണം ആവശ്യപ്പെടുകയും ചെയ്യുന്ന വേളയിൽ അവരുടെ മന്ത്രി ഇന്ത്യയ്‌ക്കെതിരെ പരസ്യമായി ഭീഷണി മുഴക്കിയെന്നതും സംഘർഷത്തിന്റെ ആഴം കൂട്ടുന്നു.
'ഇത് വളർന്നുവരുന്ന ഒരു സാഹചര്യമാണ്, ഞങ്ങൾ സംഭവവികാസങ്ങൾ സൂക്ഷ്‌മമായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്' യുഎസ് സ്‌റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് വാർത്താ ഏജൻസിയായ റോയിറ്റേഴ്‌സിന് അയച്ച ഇമെയിൽ പ്രസ്‌താവനയിൽ പറഞ്ഞു. 'ഉത്തരവാദിത്തപരമായ ഒരു പരിഹാരത്തിനായി ഒരുമിച്ച് പ്രവർത്തിക്കാൻ എല്ലാ കക്ഷികളെയും അമേരിക്ക പ്രോത്സാഹിപ്പിക്കുന്നു' പ്രസ്‌താവന പറയുന്നു.
പഹൽഗാമിൽ നടന്ന ക്രൂരമായ ഭീകരാക്രമണത്തെ അമേരിക്ക അപലപിച്ചതായും സ്‌റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് ആവർത്തിച്ചു, വാഷിംഗ്‌ടൺ ഇക്കാര്യത്തിൽ ഇന്ത്യയ്‌ക്കൊപ്പം നിൽക്കുന്നുവെന്നും പറഞ്ഞു. വിഷയത്തിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും വൈസ് പ്രസിഡന്റ് ജെഡി വാൻസിന്റെയും പരാമർശങ്ങൾ ആവർത്തിക്കുകയാണ് വക്താവ് ചെയ്‌തത്.
ഏഷ്യയിൽ ചൈനയുടെ വർധിച്ചുവരുന്ന സ്വാധീനത്തെ ചെറുക്കാനുള്ള ശ്രമങ്ങളിൽ ന്യൂഡൽഹിയെ ഒരു പ്രധാന പങ്കാളിയായാണ് യുഎസ് കാണുന്നത്. അതുപോലെ പാകിസ്ഥാൻ ഒരു യുഎസ് സഖ്യകക്ഷിയായി തുടരുന്നുണ്ടെങ്കിലും, 2021-ൽ അഫ്‌ഗാനിസ്ഥാനിൽ നിന്നുള്ള അമേരിക്കൻ സേനയുടെ പിൻവാങ്ങലിനെത്തുടർന്ന് അവരുടെ തന്ത്രപരമായ പ്രാധാന്യം കുറഞ്ഞുവന്നതാണ് പ്രധാന കാര്യം.
അതേസമയം, ഇന്ത്യയുടെ ആരോപണങ്ങളിൽ നിഷ്‌പക്ഷ അന്വേഷണം നടത്തണമെന്ന പാകിസ്ഥാന്റെ ആവശ്യത്തെ ചൈന കഴിഞ്ഞ ദിവസം പിന്തുണച്ചിരുന്നു. പാകിസ്ഥാൻ ഉപപ്രധാനമന്ത്രി ഇഷാഖ് ദാറും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും തമ്മിലുള്ള ഫോൺ സംഭാഷണത്തിലാണ് നിഷ്‌പക്ഷ അന്വേഷണത്തെ പിന്തുണയ്ക്കുന്നതായി ബീജിംഗ് വിദേശകാര്യ മന്ത്രാലയം അറിയിച്ചത്.
ചൈന, റഷ്യ, മറ്റ് പാശ്ചാത്യ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്‌ധരെ ഉൾപ്പെടുത്തി ഒരു അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് ഇസ്ലാമാബാദ് നിർദ്ദേശിച്ചു. പഹൽഗാം ആക്രമണത്തെക്കുറിച്ചുള്ള ഏത് നിഷ്‌പക്ഷ അന്വേഷണത്തിലും സഹകരിക്കാൻ തന്റെ സർക്കാർ തയ്യാറാണെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് നിലപാട് അറിയിച്ചിട്ടുണ്ട്.
2019ലെ പുൽവാമ സംഭവത്തിന് ശേഷം കശ്‌മീരിലുണ്ടായ ഏറ്റവും വലിയ ഭീകരാക്രമണമാണിത്. പാകിസ്ഥാൻ ആസ്ഥാനമായുള്ള നിരോധിത സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുടെ പ്രതിനിധിയായ ദി റെസിസ്‌റ്റൻസ് ഫ്രണ്ടാണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. ബൈസരൻ പുൽമേട്ടിൽ നിരായുധരായ വിനോദസഞ്ചാരികൾക്ക് നേരെ വെടിയുതിർത്ത മൂന്ന് തോക്കുധാരികളുടെ ചിത്രങ്ങൾ സർക്കാർ നേരത്തെ പുറത്തുവിട്ടിരുന്നു.
കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിർദ്ദേശ പ്രകാരം നിലവിൽ എൻഐഐ കേസിൽ അന്വേഷണം ഏറ്റെടുത്തിരിക്കുകയാണ്. ആക്രമണത്തിൽ പാക് പങ്ക് സൂചിപ്പിക്കുന്ന ഇന്റലിജൻസ് വിവരങ്ങൾ ലഭിച്ചതിന് പിന്നാലെ കടുത്ത നടപടികളാണ് ഇന്ത്യ സ്വീകരിച്ചത്. 1960ലെ സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവയ്ക്കൽ, അട്ടാരിയിലെ സംയോജിത ചെക്ക് പോസ്‌റ്റ് അടച്ചുപൂട്ടൽ, പാകിസ്ഥാൻ പൗരന്മാർക്കുള്ള സാർക്ക് വിസ ഇളവ് പദ്ധതി താൽക്കാലികമായി നിർത്തിവയ്ക്കൽ എന്നിങ്ങനെയാണ് ഈ നടപടികൾ.












Click it and Unblock the Notifications