എന്താണ് ജറുസലേമില്‍ സംഭവിക്കുന്നത്? വീണ്ടും സംഘര്‍ഷമുണ്ടായത് എങ്ങനെ... ചരിത്രവും വര്‍ത്തമാനവും
ജറുസലേം: പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പ്രധാന കാരണമായി എക്കാലത്തും നിലനില്‍ക്കുന്ന ഒരു പ്രശ്‌നമാണ് പലസ്തീന്‍-ഇസ്രായേല്‍ തര്‍ക്കം. 1948ല്‍ രൂപീകൃതമായ ഇസ്രായേല്‍ മേഖലയിലെ പലസ്തീന്‍ കുടുംബങ്ങളെ കുടിയൊഴിപ്പിക്കുകയും ജറുസലേം പിടിച്ചടയ്ക്കാന്‍ ശ്രമിക്കുന്നതുമാണ് തര്‍ക്കത്തിന്റെ പ്രധാന കാരണം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മേഖല സംഘര്‍ഷഭരിതമാണ്. ഇതിന്റെ കാരണങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ വിശദീകരിക്കുന്നു.
Recommended Video
മുസ്ലിങ്ങളുടെ പുണ്യമാസമായ റമദാന്‍ ആദ്യം മുതല്‍ ഇസ്രായേല്‍ പോലീസ് ജറുസലേമിലെ ഡമസ്‌കസ് ഗേറ്റില്‍ ബാരിക്കേഡ് സ്ഥാപിച്ചതോടെയാണ് പ്രശ്‌നം തുടങ്ങുന്നത്. പലസ്തീന്‍കാര്‍ ഇവിടെ ഒത്തുചേരുന്നത് തടയുകയായിരുന്നു ലക്ഷ്യം. ഇപ്പോഴുണ്ടായ സംഘര്‍ഷവും ആഗോള തലത്തിലെ പ്രതിഷേധവും കാരണം ബാരിക്കേഡ് ഇസ്രായേല്‍ പോലീസ് നീക്കി. എങ്കിലും സംഘര്‍ഷാവസ്ഥ തുടരുകയാണ്.

ബാരിക്കേഡ് സ്ഥാപിച്ച വേളയില്‍ തന്നെയാണ് ജറുസലേമിലെ ശൈഖ് ജര്‍റാഹ് എന്ന പ്രദേശത്ത് നിന്ന് പലസ്തീന്‍ കുടുംബങ്ങളെ ഒഴിപ്പിക്കാന്‍ ഇസ്രായേല്‍ സൈന്യം ശ്രമം തുടങ്ങിയത്. ഇതിനെതിരെ അല്‍ അഖ്‌സ പള്ളിക്ക് സമീപം പലസ്തീന്‍കാരും സാമൂഹിക പ്രവര്‍ത്തകരും വലിയ പ്രതിഷേധം സംഘടിപ്പിച്ചു. മെയ് ഏഴിന് രാത്രി ഇവര്‍ക്കെതിരെ ഇസ്രായേല്‍ പോലീസ് വെടിവച്ചു. അല്‍ അഖ്‌സ പള്ളിയില്‍ കയറി അക്രമം നടത്തുകയും ചെയ്തു. 300ഓളം പലസ്തീന്‍കാര്‍ക്കും 20ഓളം ഇസ്രായേലി പോലീസുകാര്‍ക്കും സംഭവത്തില്‍ പരിക്കേറ്റു.
1967ല്‍ നടന്ന ഇസ്രായേല്‍-അറബ് യുദ്ധത്തില്‍ ഇസ്രായേലിനായിരുന്നു ജയം. ഇസ്രായേലിലെ തീവ്ര ദേശീയ വാദികള്‍ ഇതിന്റെ വാര്‍ഷികം ജറുസലേം ദിനമായി ആചരിക്കാറുണ്ട്. പ്രകടനങ്ങളും മറ്റു ആഘോഷ പരിപാടികളും അവര്‍ സംഘടിപ്പിക്കും. ഈ മാര്‍ച്ച് കടന്നുപോകുന്ന വഴി തീരുമാനിച്ചതും ഇത്തവണ സംഘര്‍ഷത്തിന് ആക്കം കൂട്ടി. മാര്‍ച്ചിന് ഇസ്രായേല്‍ ഭരണകൂടം അനുമതി നല്‍കുകയും ചെയ്തു.
അല്‍ അഖ്‌സ പള്ളിയില്‍ കയറി ഇസ്രായേല്‍ പോലീസ് അക്രമം നടത്തിയത് ഗാസയിലെ ഹമാസിനെ പ്രകോപിപ്പിച്ചു. അവര്‍ പോലീസുകാര്‍ ഒഴിഞ്ഞു പോകണമെന്ന് അന്ത്യശാസനം നല്‍കി. സമയ പരിധി കഴിഞ്ഞാല്‍ ആക്രമിക്കുമെന്നും ഭീഷണി മുഴക്കി. അവര്‍ നല്‍കിയ സമയ പരിധി കഴിഞ്ഞതോടെ ഇസ്രായേലിലേക്ക് റോക്കറ്റാക്രമണമുണ്ടായി. ഇസ്രായേല്‍ സൈന്യം ഇതിന് പകരമായി ഗാസയില്‍ ബോംബാക്രമണം നടത്തി. ഈ സംഭവത്തില്‍ 9 കുട്ടികള്‍ ഉള്‍പ്പെടെ 21 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു.

എന്താണ് ശൈഖ് ജര്‍റാഹ് തര്‍ക്കം
1948ലാണ് പലസ്തീന്‍കാര്‍ ജീവിച്ചിരുന്ന പ്രദേശത്ത് ഇസ്രായേല്‍ രാഷ്ട്രം രൂപീകരിക്കുന്നത്. അന്ന് ഇവിടെയുണ്ടായിരുന്ന പലസ്തീന്‍കാരെ തുരത്തിയായിരുന്നു രാഷ്ട്ര രൂപീകരണം. പലസ്തീന്‍കാര്‍ ഈ സംഭവം ദുരന്ത ദിനമായി ആചരിക്കാറുണ്ട്. അന്ന് 28 പലസ്തീന്‍ കുടുംബങ്ങള്‍ ജറുസലേമില്‍ നിന്ന് ഏതാനും അകലെയുള്ള ശൈഖ് ജര്‍റാഹ് എന്ന പ്രദേശത്തേക്ക് മാറിത്താമസിച്ചു. ജറുസലേം ഭരിക്കുന്നത് ജോര്‍ദാന്‍ ആയിരുന്നു. 1956ല്‍ ജോര്‍ദാനും യുഎന്നും ഈ കുടുംബങ്ങള്‍ക്ക് വീട് വയ്ക്കാനുള്ള അനുമതി നല്‍കി. എന്നാല്‍ 1967ലെ യുദ്ധത്തില്‍ ഈ പ്രദേശം പൂര്‍ണമായും ഇസ്രായേല്‍ സൈന്യം പിടിച്ചു.
1970കളില്‍ ശൈഖ് ജര്‍റാഹിലെ കുടുംബങ്ങളോട് ജൂത ഏജന്‍സികള്‍ ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടു. ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ കീഴിലായിരുന്ന ഈ പലസ്തീന്‍ പ്രദേശം 1885ല്‍ തങ്ങള്‍ വാങ്ങിയിരുന്നു എന്നാണ് ജൂതരുടെ വിവിധ കമ്മിറ്റികള്‍ പറയുന്നത്. നാല് പലസ്തീന്‍ കുടുംബങ്ങളെ ഒഴിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ഈ വര്‍ഷം ആദ്യത്തില്‍ ഇസ്രായേല്‍ കോടതി ശരിവച്ചു. മാത്രമല്ല, ശൈഖ് ജര്‍റാഹില്‍ ജൂത കുടിയേറ്റക്കാര്‍ക്ക് അനുകൂലമായി വിധി പ്രസ്താവിക്കുകയും ചെയ്തു. ഈ കേസിലെ അപ്പീല്‍ ഇസ്രായേല്‍ സുപ്രീംകോടതി മെയ് 10ന് വാദം കേള്‍ക്കാന്‍ മാറ്റിയെങ്കിലും സര്‍ക്കാര്‍ ഉപദേശം കണക്കിലെടുത്ത് നീട്ടിവച്ചിരിക്കുകയാണ്.
പലസ്തീന്‍-ഇസ്രായേല്‍ തര്‍ക്കത്തിന്റെ പ്രധാന കാരണം ജറുസലേം ആണ്. 1947ല്‍ ഐക്യരാഷ്ട്രസഭ തയ്യാറാക്കിയ വിഭജന പദ്ധതി പ്രകാരം ജറുസലേം അന്താരാഷ്ട്ര നഗരമായി നിലനിര്‍ത്തുകയാണ് ചെയ്തത്. ആദ്യ ഇസ്രായേല്‍-അറബ് യുദ്ധം നടന്ന 1948ല്‍ ജറുസലേമിന്റെ പടിഞ്ഞാറന്‍ ഭാഗം ഇസ്രായേല്‍ സൈന്യം പിടിച്ചു. കിഴക്കന്‍ ഭാഗം ജോര്‍ദാനും പിടിച്ചു. ജോര്‍ദാന്‍ പിടിച്ചടക്കിയ പ്രദേശം അല്‍ അഖ്‌സ പള്ളി ഉള്‍പ്പെടുന്നതായിരുന്നു. ജൂതര്‍ പുണ്യ പ്രദേശമായി കാണുന്ന ടെമ്പിള്‍ മൗണ്ടും ഇവിടെയാണ്.
1967ല്‍ ആറ് ദിവസം നീണ്ട യുദ്ധത്തില്‍ ഈ പ്രദേശം മൊത്തം ഇസ്രായേല്‍ പിടിച്ചടക്കി. ശേഷമാണ് കുടിയേറ്റ നിര്‍മാണം ഇസ്രായേല്‍ വ്യാപിപ്പിക്കാന്‍ തുടങ്ങിയത്. ഇന്ന് ഈ മേഖലിയല്‍ 2.20 ലക്ഷം ജൂതര്‍ താമസിക്കുന്നു. കിഴക്കന്‍ ജറുസലേമില്‍ ജനിച്ച ജൂതരെ ഇസ്രായേല്‍ പൗരന്‍മാരായിട്ടാണ് പരിഗണിക്കുന്നത്. ഇവിടെയുള്ള പലസ്തീന്‍കാര്‍ക്ക് ഉപാധികളോടെ താമസിക്കാം എന്നാണ് നിബന്ധന. ഇസ്രായേല്‍ പൗരത്വത്തിന് വേണ്ടി അപേക്ഷിക്കാന്‍ അവര്‍ക്ക് സാധിക്കും. പക്ഷേ, പൗരത്വം ലഭിക്കുമെന്ന് ഉറപ്പില്ല.
ജറുസലേം തലസ്ഥാനമായുള്ള രാജ്യമാണ് ഇസ്രായേലിന്റെ ലക്ഷ്യം. അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അതിനെ അനുകൂലിച്ചു. അമേരിക്കയുടെ ഇസ്രായേല്‍ എംബസി ജറുസലേമിലേക്ക് മാറ്റാനും അദ്ദേഹം തീരുമാനിച്ചു. എന്നാല്‍ യൂറോപ്പും ഐക്യരാഷ്ട്രസഭയും അറബ് രാജ്യങ്ങളും ഇതിന് എതിരാണ്. കിഴക്കന്‍ ജറുസലേം തലസ്ഥാനമായുള്ള രാജ്യമാണ് വേണ്ടത് എന്ന് പലസ്തീന്‍ നേതാക്കളും ആവശ്യപ്പെടുന്നു.












Click it and Unblock the Notifications