സൗദി രാജകുമാരി ജയിലില്‍ നിന്നിറങ്ങി; ബസ്മക്കൊപ്പം മകളും... റിയാദിലെ ആ കേസ് ഇങ്ങനെ
റിയാദ്: 2017ന് മുമ്പ് വരെ സൗദിയുടെ കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ആയിരുന്നില്ല. മുഹമ്മദ് ബിന്‍ നായിഫ് രാജകുമാരനായിരുന്നു. സൗദി രാജാവ് സല്‍മാന്‍ മകനായ മുഹമ്മദ് ബിന്‍ സല്‍മാനെ 2017 ലാണ് രാജ്യത്തിന്റെ കിരീടവകാശിയായി നിയമിച്ചത്. രാജാവിന്റെ കാലശേഷം രാജ്യ ഭരണം കിരീടവകാശിയിലെത്തും. അധികാരമേറ്റതിന് പിന്നാലെ സൗദിയില്‍ വലിയ പരിഷ്‌കരങ്ങള്‍ക്ക് തടക്കമിട്ടു ബിന്‍ സല്‍മാന്‍.
സ്ത്രീപക്ഷ തീരുമാനങ്ങളും നവലിബറല്‍ പരിഷ്‌കരണങ്ങളും നടപ്പാക്കി അദ്ദേഹം. ഇതാകട്ടെ, യുവജനങ്ങളില്‍ വലിയൊരു വിഭാഗത്തിന്റെ പിന്തുണയ്ക്കും കാരണമായി. എന്നാല്‍ വിമര്‍ശകര്‍ക്കെതിരെ ബിന്‍ സല്‍മാന്‍ കടുത്ത നടപടി എടുത്തിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. 2019ലാണ് സൗദി രാജകുമാരി ബസ്മ ബിന്‍ത് സൗദ് അറസ്റ്റിലായത്...

57കാരിയാണ് ബസ്മ ബിന്‍ത് സൗദ്. ഇവരെയും മകളെയും 2019ലാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി റിയാദിലെ ജയിലില്‍ കഴിഞ്ഞിരുന്ന ബസ്മ ഇപ്പോള്‍ മോചിതയായിരിക്കുന്നു. മനുഷ്യാവകാശ സംഘടനയാണ് ഇക്കാര്യം ട്വിറ്ററില്‍ അറിയിച്ചത്. ബസ്മക്കെതിരെ കേസെടുത്തിരുന്നില്ലത്രെ. കേസെടുക്കാതെ അവര്‍ ഇത്രയും കാലം ജയിലില്‍ കഴിഞ്ഞു.

2019 മാര്‍ച്ചില്‍ അറസ്റ്റിലായ ബസ്മ തന്നെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് 2020 ഏപ്രിലില്‍ സൗദി രാജാവിനും കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനും കത്ത് നല്‍കിയിരുന്നു. ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അവര്‍ മോചനം തേടിയത്. പക്ഷേ, വിട്ടില്ല. എന്നാലിപ്പോള്‍ ബസ്മയെയും മകള്‍ സുഹൂദിയെയും വിട്ടയച്ചിരിക്കുകയാണ്.

ആരോഗ്യനില വിഷളായ ഘട്ടത്തിലും മതിയായ ചികില്‍സ ബസ്മക്ക് നല്‍കിയില്ല എന്നാണ് മനുഷ്യാവകാശ സംഘടനകളുടെ ആരോപണം. ബസ്മയുടെ മോചനം സംബന്ധിച്ച് സൗദി ഭരണകൂടം പ്രതികരിച്ചിട്ടില്ല. അറസ്റ്റ് ചെയ്യുന്ന വേളയില്‍ അവര്‍ വിദേശ യാത്രയ്ക്ക് ഒരുങ്ങുകയായിരുന്നു. വൈദ്യ പരിശോധനയ്ക്ക് വേണ്ടി സ്വിറ്റ്‌സര്‍ലാന്റിലേക്ക് പോകാനിരിക്കെ ആയിരുന്നു അറസ്റ്റ്.

ബസ്മയുടെ അസുഖം എന്താണ് എന്ന് വ്യക്തമല്ല. റിയാദിലെ അല്‍ ഹൈര്‍ ജയിലിലായിരുന്നു അവര്‍. ഒട്ടേറെ രാഷ്ട്രീയ തടവുകാര്‍ ഈ ജയിലിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ബസ്മയുടെ കുടുംബം ഐക്യരാഷ്ട്രസഭയ്ക്ക് ഇതുസംബന്ധിച്ച് 2020ല്‍ രേഖാമൂലം മറുപടി നല്‍കിയിരുന്നു. ഈ രേഖ വാര്‍ത്താ ഏജന്‍സിയായ എഎഫ്പി പുറത്തുവിട്ടതോടെയാണ് ബസ്മയുടെ തടവ് സംബന്ധിച്ച് ചര്‍ച്ചകള്‍ ഉയര്‍ന്നത്.

സൗദിയില്‍ നടക്കുന്ന ചില കാര്യങ്ങളെ നിശിതമായി വിമര്‍ശിച്ചതാണ് ബസ്മയെ അറസ്റ്റ് ചെയ്യാന്‍ കാരണമെന്ന് ബന്ധുക്കള്‍ പറയുന്നു. മുഹമ്മദ് ബിന്‍ നായിഫുമായി അടുപ്പം നിലനിര്‍ത്തിയ വ്യക്തിയായിരുന്നു ബസ്മ. ഒരു ഭാഗത്ത് വനിതകള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ഒരുക്കുന്നതിന് ഭരണകൂടം നടപടിയെടുക്കുമ്പോള്‍ തന്നെയാണ് ബസ്മയെ പോലുള്ളവരെ തടവിലിട്ടതും.

ബിന്‍ സല്‍മാന്‍ കിരീടവകാശിയായ ശേഷം അഴിമതിക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിച്ചിരുന്നു. 2017ല്‍ രാജകുടുംബത്തിലെ പ്രമുഖരെ അറസ്റ്റ് ചെയ്തതും ഇതിന്റെ ഭാഗമാണെന്നാണ് പറയപ്പെടുന്നത്. അന്ന് ഒട്ടേറെ വ്യവസായികളും അറസ്റ്റിലായികുന്നു. അല്‍ വലീദ് ബിന്‍ തലാല്‍ ഉള്‍പ്പെടെയുള്ള ലോക കോടീശ്വരന്‍മാരും അന്ന് അറസ്റ്റിലായി തടവില്‍ കഴിയേണ്ടി വന്നു.
ഉല്‍സവ ലഹരിയില്‍ എടപ്പാള്‍; ഇനി യാത്ര മുകളിലൂടെ... ആവേശം വിതറി നേതാക്കള്‍- ചിത്രങ്ങള്‍ കാണാം

2017 നവംബറില്‍ സൗദിയില്‍ നടന്ന കൂട്ട അറസ്റ്റ് ലോകത്തെ ഞെട്ടിച്ചുകൊണ്ടായിരുന്നു. പല ആഗോള കമ്പനികളും കൂപ്പുകുത്തുമോ എന്ന ഭയം ഉടലെടുത്തു. ഓഹരി ഉടമകളായിരുന്നു സൗദിയിലെ രാജകുമാരന്‍മാര്‍. റിയാദിലെ റിറ്റ്‌സ് കാള്‍ടണ്‍ എന്ന ആഡംബര ഹോട്ടല്‍ തടവറയാക്കി മാറ്റി എല്ലാവരെയും അവിടെയാണ് അന്ന് പാര്‍പ്പിച്ചത്. 2020 മാര്‍ച്ചില്‍ സല്‍മാന്‍ രാജാവിന്റെ സഹോദരനും അനന്തരവനും അറസ്റ്റിലായതും വലിയ വാര്‍ത്തയായിരുന്നു. അഴിമതി നടത്തി എന്നാരോപണമാണ് എല്ലാവരുടെ അറസ്റ്റിനും പറഞ്ഞ കാരണം.












Click it and Unblock the Notifications