'ഇന്ത്യക്ക് ഉചിതമായ മറുപടി നൽകും'; പാക്കിസ്ഥാനിലും തിരക്കിട്ട നീക്കം,ദേശീയ സുരക്ഷ യോഗം നാളെ
ഇന്ത്യയുടെ തിരിച്ചടിക്ക് പിന്നാലെ തിരക്കിട്ട നീക്കവുമായി പാക്കിസ്ഥാൻ. വ്യാഴാഴ്ച ഉന്നത ഉദ്യോസ്ഥരുടേയും സൈനിക നേതൃത്വത്തിന്റേയും യോഗം പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് വിളിച്ച് ചേർത്തു. ഇന്ത്യക്ക് ഉചിതമായ മറുപടി നൽകുമെന്നും മന്ത്രി പ്രസ്താവനയിൽ പറഞ്ഞു .
'പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ അധ്യക്ഷതയിൽ ദേശീയ സുരക്ഷാ സമിതിയുടെ യോഗം നാളെ ചേരും. ഇന്ത്യൻ നടപടികൾക്ക് ഉചിതമായ മറുപടി യോഗത്തിൽ കൈക്കൊള്ളും', പ്രസ്താവനയിൽ പറഞ്ഞു. മന്ത്രിമാർ അടക്കമുള്ളവർ യോഗത്തിൽ പങ്കെടുക്കും.

ഇന്ത്യയ്ക്കെതിരെ പ്രകോപന പ്രംസഗവുമായി പാക് മന്ത്രി അസ്മ ബൊഖാരി രംഗത്തെത്തി. ഏത് തരം ആക്രമണത്തേയും നേരിടാൻ തയ്യാറാണെന്ന് ബൊഖാരി പറഞ്ഞു. പഞ്ചാബ് സർക്കാരിലെ മന്ത്രിയാണ് ബൊഖാരി.
'തെറ്റായ പതാക ഉയർത്തിക്കാട്ടി ഇന്ത്യ ഏത് തരത്തിൽ പ്രതികരിക്കാൻ ശ്രമിച്ചാലും തക്കതായ മറുപടിയുണ്ടാകും', ബൊഖാരി പറഞ്ഞു. ഇന്ത്യ തന്നെയാണ് കാശ്മീരിലെ ഭീകരാക്രമണത്തിന് പിന്നിലെന്നും പാക്കിസ്ഥാനെതിരെ തിരിയാൻ വേണ്ടിയുള്ള നീക്കമാണിതെന്നുമാണ് ബൊഖാരിയുടെ ആരോപണം. ഏറ്റവും ഒടുവിൽ ഞങ്ങൾ നൽകിയത് ചായയാണ്. എന്നാൽ അടുത്ത അവസരത്തിൽ അതാകില്ല സ്ഥിതിയെന്നും ബൊഖാരി മുന്നറിയിപ്പ് നൽകി.
2019 ൽ വിങ് കമാന്റർ ആയ അഭിനന്ദ് വർധമാനിനെ കൈകാര്യം ചെയ്തത രീതി പ്രതിപാദിച്ചാണ് ബൊഖാരിയുടെ പ്രതികരണം. ' എപ്പോഴെങ്കിലും ഒരു അതിഥി സന്ദർശനം നടത്തുന്നത് സഹിക്കാം. എന്നാൽ അതിഥികൾ സ്ഥിരമായാലോ? പാക്കിസ്ഥാനിലെ ജനങ്ങൾക്കും ഇവിടുത്തെ സർക്കാരിനും അവരോട് എങ്ങനെ പെരുമാറണമെന്ന് കൃത്യമായി അറിയാം. മുൻപ് പലപ്പോഴും ഇന്ത്യ നടത്തിയത് പോലുള്ളൊരു വ്യാജ നാടകം മാത്രമാണ് പഹൽഗാം സംഭവം. ഏഴ് ലക്ഷത്തിലധികം വരുന്ന സൈനികരുടെ മുന്നിൽ വെച്ച് അത്രയും സെൻസിറ്റീവായ പ്രദേശത്ത് എങ്ങനെയാണ് ഒരു ആക്രമണം നടക്കുക?', ബൊഖാരി ചോദിച്ചു.
പഹൽഗാം ആക്രമണത്തിന് പിന്നിൽ തങ്ങൾക്ക് പങ്കില്ലെന്നാണ് പാക്കിസ്ഥാന്റെ വാദം. സംഭവത്തിൽ പാക്കിസ്ഥാൻ അപലപിച്ചിരുന്നു. അതേസമയം ഭീകാരാക്രമണത്തിൽ കടുത്ത മറുപടിയാണ് ഇന്ത്യ പാക്കിസ്ഥാന് നൽകിയത്. ഇന്ത്യ. പാക്കിസ്ഥാനുമായുള്ള സിന്ധു നദീജല കരാർ മരവിപ്പിച്ചതായും പാക് പൗരൻമാർ 48 മണിക്കൂറിനുള്ളിൽ രാജ്യം വിടണമെന്നും സർക്കാർ അറിയിച്ചു. വാഗ-അട്ടാരി അതിർത്തി പൂർണമായും അടച്ചു. സാർക്ക് വിസ എക്സംപ്ഷൻ സ്കീം (എസ് വി ഇ എസ്) പ്രകാരം പാക്കിസ്ഥാൻ പൗരൻമാർക്ക് ഇനി ഇന്ത്യയിലേക്ക് വിസ അനുവദിക്കില്ല. പാക് പൗരൻമാർക്ക് മുൻപ് നൽകിയിട്ടുള്ള വിസ റദ്ദാക്കും. പാക് പ്രതിരോധ ഉദ്യോഗസ്ഥരെ പുറത്താക്കിയതായും ഇന്ത്യ വ്യക്തമാക്കി.












Click it and Unblock the Notifications