റഷ്യക്കും സൗദിക്കും പണികൊടുക്കാന്‍ ഇന്ത്യയിലേക്ക് വെനസ്വേലയന്‍ ക്രൂഡ്: കേന്ദ്രത്തിന് സമ്മതം, വന്‍ ലാഭം
ഡല്‍ഹി: വെനസ്വേലയിൽ നിന്നും ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി സംബന്ധിച്ച ചർച്ചകള്‍ സജീവമാക്കി കേന്ദ്ര സർക്കാർ. റഷ്യന്‍ എണ്ണയുടെ വിലക്കിഴിവ് കുറയുമെന്ന ആശങ്കകള്‍ക്കിടെ വെനസ്വേല ഒരു പ്രധാന ഇറക്കുമതിക്കാരനായി വീണ്ടും മാറിയേക്കുമെന്ന ചർച്ചകള്‍ ഉയരുന്നതിനിടെ പെട്രോളിയം വകുപ്പ് മന്ത്രി ഹർദീപ് സിംഗ് പുരി തന്നെ ഇക്കാര്യം സ്ഥിരീകരിച്ച് രംഗത്ത് വരികയായിരുന്നു.
"ഏറ്റവും വലിയ ക്രൂഡ് ഓയില്‍ കരുതൽ ശേഖരം വെനസ്വേലയിലാണ്. വെനസ്വേല വിപണിയിൽ വന്നാൽ, അത് മറ്റെല്ലാവരിലും നല്ല സ്വാധീനം ചെലുത്തും, "ഗ്ലോബൽ എനർജി അലയൻസ് ഫോർ പീപ്പിൾ ആൻഡ് പ്ലാനറ്റിന്റെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് ഹർദീപ് സിംഗ് പുരി പറഞ്ഞു. "ഞങ്ങളുടെ റിഫൈനറികളായ പാരദീപും റിലയൻസും ഇതിനകം വെനസ്വേലൻ എണ്ണ ഉപയോഗിക്കുന്നു," മന്ത്രി കൂട്ടിച്ചേർത്തു.

വെനസ്വേല കൂടി വിപണിയിലേക്ക് വരികയാണെങ്കില്‍ റഷ്യയുടേയും സൌദിയുടേയും മേല്‍ സമ്മർദ്ദം ചെലുത്താന്‍ കഴിയുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. മാത്രവുമല്ല മറ്റ് രാജ്യങ്ങള്‍ നല്‍കുന്നതിനേക്കാള്‍ വിലക്കിഴിവില്‍ വെനസ്വേല എണ്ണ ഇന്ത്യക്ക് നല്‍കുകയും ചെയ്തു. റഷ്യൻ ക്രൂഡ് ഓയിലിന്റെ ഇന്ത്യയുടെ വിഹിതം ഒക്ടോബറിൽ വലിയ തോതില്‍ കുറയുകയും ചെയ്തിരുന്നു.
ഇന്ത്യ ഇതിനകം 39 രാജ്യങ്ങളിൽ നിന്ന് എണ്ണ വാങ്ങുന്നുണ്ടെന്നും കൂടുതൽ ഊർജ സ്രോതസുകള്‍ വന്നാൽ അതിന്റെ സാധ്യതകള്‍ വിപുലീകരിക്കാൻ ശ്രമിക്കുമെന്നും പുരി പറഞ്ഞു. ബാരലുകളുടെ വലിയ വിലക്കിഴിവ് കാരണം ഇന്ത്യക്ക് വലിയ തോതില്‍ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യാനുള്ള വളർന്നുവരുന്ന വിപണിയായിട്ട് ഈ മേഖലയിലെ വിദഗ്ധർ വെനസ്വേലയെ കാണുകയും ചെയ്യുന്നു.
"ഇന്ത്യൻ റിഫൈനർമാർ വിലക്കിഴിവുള്ള ബാരലുകൾ ഇറക്കുമതി ചെയ്യാൻ വെനസ്വേലൻ വിപണിയെ പരിഗണിക്കാൻ സാധ്യതയുണ്ട്. "എസ്സിലെ റിഫൈനറി ഇക്കണോമിക്സ് അനലിസ്റ്റ് സുമിത് റിട്ടോലിയ പറഞ്ഞു. ഭാവിയിൽ റിഫൈനിംഗ് ഇക്കണോമിക്‌സ് വെനസ്വേലൻ ക്രൂഡിന് അനുകൂലമാകുകയാണെങ്കിൽ, ഇന്ത്യൻ റിഫൈനർമാർ അവരുടെ നിലവിലുള്ള സ്രോതസ്സുകളായ ഗള്‍ഫ് രാഷ്ട്രങ്ങള്‍, റഷ്യ, അമേരിക്ക എന്നിവയെ ആശ്രയിക്കുന്നത് കുറഞ്ഞേക്കുമെന്നും അദ്ദേഹം പറയുന്നു.
യുഎസ് ഉപരോധത്തിന് മുമ്പ് 2017 മുതൽ 2019 വരെയുള്ള കാലയളവിൽ വെനസ്വേലയിൽ നിന്ന് പ്രതിദിനം ഏകദേശം 300,000 ബാരൽ ക്രൂഡ് ഇന്ത്യ ഇറക്കുമതി ചെയ്തിരുന്നു. 2016-ൽ ഇന്ത്യ ഒരു ദിവസം 419,000 ബാരൽ വെനസ്വേലൻ എണ്ണ വാങ്ങി റെക്കോർഡ് സൃഷ്ടിച്ചിരുന്നു. എന്നാല്‍ 2020 ഇത് പ്രതിദിനം 167,000 ബാരൽ (b/d) ആയി കുറഞ്ഞു, 2019-ല്‍ ഇത് 307,000 b/d ആയിരുന്നുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
Kpler-ൽ നിന്നുള്ള കണക്കുകൾ പ്രകാരം റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതി സെപ്റ്റംബറിലെ 1.78 ദശലക്ഷം ബിപിഡിയിൽ നിന്ന് ഒക്ടോബറിൽ പ്രതിദിനം 1.57 ദശലക്ഷം ബാരലായി കുറഞ്ഞു. എന്നാൽ, സൗദി അറേബ്യയിൽ നിന്നുള്ള ഇറക്കുമതി ഈ മാസം 65 ശതമാനം ഉയർന്ന് 7,96,659 ബിപിഡിയിലെത്തി. ഒക്‌ടോബറിലെ ഇന്ത്യയുടെ മൊത്തം ഇറക്കുമതിയായ 4.50 ദശലക്ഷം ബിപിഡിയിൽ, മൊത്തം ഇറക്കുമതിയുടെ 35% റഷ്യൻ ക്രൂഡാണ്. ഇറാഖ് 21%, സൗദി അറേബ്യ 18% വിഹിതവും നല്‍കി.


Click it and Unblock the Notifications