ദുബായ് ഭരണാധികാരിയുടെ 'മകൾ' ഒളിച്ചോടി? മൂന്ന് വർഷം തടവിലിട്ടുവെന്ന്, മയക്കുമരുന്ന് കുത്തിവച്ചെന്നും

  • Written By: Desk
Subscribe to Oneindia Malayalam

ദുബായ്: ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മകള്‍ എന്ന് അവകാശപ്പെടുന്ന യുവതിയുടെ വീഡിയോ പുറത്ത്. താന്‍ രാജ്യത്ത് നിന്ന് രക്ഷപ്പെട്ട് ഒരു നൗകയില്‍ കഴിയുകയാണ് എന്നാണ് യുവതി വീഡിയോയില്‍ അവകാശപ്പെടുന്നത്.

ഡെയ്‌ലി മെയില്‍ ആണ് ഈ വിവരങ്ങള്‍ പുറത്തെത്തിച്ചിരിക്കുന്നത്. ദുബായ് ഭരണാധികാരിയുടെ മകള്‍ ഷെയ്ഖ ലത്തീഫ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എന്ന് അവകാശപ്പെട്ടുകൊണ്ടുള്ള വീഡിയോയും ശബ്ദ സന്ദേശങ്ങളും തങ്ങള്‍ക്ക് ലഭിച്ചു എന്നാണ് ഡെയ്‌ലി മെയില്‍ വാര്‍ത്ത.

എന്നാല്‍ ഇത് ദുബായ് ഭരണാധികാരിയുടെ മകള്‍ തന്നെ ആണോ എന്ന കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഒന്നും ഇല്ല. വര്‍ഷങ്ങളായി തന്നെ ദുബായില്‍ തടവിലാക്കിയിരിക്കുകയായിരുന്നു എന്നാണ് യുവതി പറയുന്നത്.

ഷെയ്ഖ ലത്തീഫ

ഷെയ്ഖ ലത്തീഫ

താന്‍ ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മകള്‍ ആണ് എന്നാണ് യുവതി അവകാശപ്പെടുന്നത്. പേര് ഷെയ്ഖ ലത്തീഫ അല്‍ മുഹമ്മദ് മക്തൂം എന്നും ഇവര്‍ അവകാശവാദം ഉന്നയിക്കുന്നുണ്ട്. തന്റെ ഐഡന്റിറ്റി തെളിയിക്കുന്നത് സംബന്ധിച്ച രേഖകളും ഇവര്‍ ഡെയ്‌ലി മെയിലിന് അയച്ച് നല്‍കിയതായി പറയുന്നുണ്ട്. പാസ്‌പോര്‍ട്ടിന്റേയും യുഎഇ തിരിച്ചറിയില്‍ കാര്‍ഡിന്റേയും ചിത്രങ്ങളാണ് ഇത്. ഡെയ്‌ലി മെയില്‍ വാര്‍ത്തക്കൊപ്പം ഈ ചിത്രങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇത് ദുബായ് ഭരണാധികാരിയുടെ മകള്‍ തന്നെ ആണോ എന്ന കാര്യം ഡെയ്‌ലി മെയിലും സ്ഥിരീകരിക്കുന്നില്ല എന്നതാണ് വാസ്തവം.

ഒളിച്ചോട്ടം

ഒളിച്ചോട്ടം

താന്‍ യുഎഇയില്‍ നിന്ന് രക്ഷപ്പെട്ട് ഇന്ത്യന്‍ തീരത്ത് ഒരു നൗകയില്‍ ആണ് ഇപ്പോഴുള്ളത് എന്നാണ് പുറത്ത് വിട്ട വീഡിയോയില്‍ യുവതി പറയുന്നത്. യുഎഇയില്‍ തനിക്ക് ഒരു തരത്തിലും ഉള്ള സ്വാതന്ത്ര്യവും ഉണ്ടായിരുന്നില്ല എന്നാണ് ഇവര്‍ പറയുന്നത്. യുഎഇയിലെ തന്നെ ഏറ്റവും സ്വാതന്ത്ര്യങ്ങളുള്ള സ്ഥലം ദുബായ് ആണ്. തന്നെ രഹസ്യമായി തടവില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു എന്നും യുവതി ആരോപിക്കുന്നുണ്ട്. എന്നാല്‍ എന്തുകൊണ്ടാണ് അത്തരം ഒരു നടപടി ഉണ്ടായത് എന്ന കാര്യത്തില്‍ വ്യക്തമായ ഒരു വിശദീകരണം നല്‍കാനും ഇവര്‍ക്ക് സാധിക്കുന്നില്ല.

ആദ്യ ശ്രമം

ആദ്യ ശ്രമം

ഇതിന് മുമ്പും യുഎഇയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമം നടത്തിയിട്ടുണ്ട് എന്നാണ് യുവതി പറയുന്നത്. അന്ന് പിടിക്കപ്പെട്ടു. കൗമാരകാലത്തായിരുന്നത്രെ ഈ ശ്രമം നടത്തിയത്. അതിന് ശേഷം മൂന്ന് വര്‍ഷത്തോളം താന്‍ തടവിലായിരുന്നു എന്നും യുവതി പറയുന്നുണ്ട്. ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ആശുപത്രിയില്‍ വച്ച് തനിക്ക് മയക്കുമരുന്ന് നല്‍കി മയക്കിക്കിടത്തിയിരുന്നതായും ഇവര്‍ ആരോപണം ഉന്നയിക്കുന്നുണ്ട്. പ്രശ്‌നങ്ങള്‍ ഉണ്ടാക്കാതിരിക്കാന്‍ വേണ്ടി ആയിരുന്നത്രെ ഇത്തരം ഒരു നടപടി. എന്നാല്‍ ഇക്കാര്യങ്ങള്‍ക്ക് എന്തെങ്കിലും അടിസ്ഥാനമുണ്ടോ എന്ന സംശയം ഇപ്പോഴും ബാക്കിയാണ്.

30 മക്കളില്‍ ഒരാള്‍

30 മക്കളില്‍ ഒരാള്‍

ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ 30 മക്കളില്‍ ഒരാളാണ് താന്‍ എന്നാണ് 33 കാരിയായ യുവതിയുടെ അവകാശവാദം. ആറ് ഭാര്യമാരില്‍ ആയാണ് ഇത്രയും മക്കള്‍. ഒരു മുന്‍ ഫ്രഞ്ച് ചാരന്റെ സഹായത്തോടെയാണ് താന്‍ രാജ്യം വിട്ടത് എന്നും യുവതി പറയുന്നുണ്ട്. അമേരിക്കയില്‍ അഭയം തേടുകയാണ് ലക്ഷ്യം. എന്നാല്‍ അതിന് മുമ്പ് താന്‍ പിടിക്കപ്പെടുമോ എന്ന ഭയവും തനിക്കുണ്ട് എന്ന് യുവതി പറയുന്നുണ്ട്. അത്തരം ഒരു ഭയം ഉള്ള വ്യക്തി ഇങ്ങനെ ഒരു വീഡിയോ പുറത്ത് വിടുമോ എന്ന സംശയവും ബാക്കിയാണ്.

ദക്ഷിണേന്ത്യന്‍ തീരത്ത്

ദക്ഷിണേന്ത്യന്‍ തീരത്ത്

ദുബായില്‍ നിന്ന് രക്ഷപ്പെട്ട താന്‍ ഇപ്പോള്‍ ഒരു നൗകയില്‍ ആണ് ഉള്ളത് എന്നും യുവതി വ്യക്തമാക്കുന്നുണ്ട്. ദക്ഷിണേന്ത്യന്‍ തീരത്താണ് ആ നൗക ഇപ്പോള്‍ ഉള്ളത് എന്നും പറയുന്നുണ്ട്. അമേരിക്കയില്‍ രാഷ്ട്രീയ അഭയം തേടുക എന്നത് എത്രത്തോളം സാധ്യമാണ് എന്ന് വ്യക്തമല്ല. എന്നാല്‍ ഇത് സംബന്ധിച്ച് അമേരിക്കയിലെ ഒരു അഭിഭാഷകനുമായി ബന്ധപ്പെട്ടിട്ടുണ്ട് എന്നാണ് യുവതി പറയുന്നത്. ദുബായുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന രാജ്യമാണ് അമേരിക്ക. ആ സാഹചര്യത്തില്‍ ഇത്തരത്തില്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്ന ഒരു യുവതിക്ക് അവര്‍ രാഷ്ട്രീയ അഭയം നല്‍കാന്‍ തയ്യാറാകുമോ എന്ന കാര്യത്തിലും സംശയമുണ്ട്.

രണ്ട് സഹോദരിമാര്‍

രണ്ട് സഹോദരിമാര്‍

തനിക്ക് രണ്ട് സഹോദരിമാര്‍ കൂടി ഉണ്ട് എന്നാണ് യുവതി അവകാശപ്പെടുന്നത്. തനിക്ക് 16 വയസ്സുള്ളപ്പോള്‍ ആണ് ആദ്യമായി രക്ഷപ്പെടാന്‍ ശ്രമിക്കുന്നത്. എന്നാല്‍ ഒമാന്‍ അതിര്‍ത്തി വരെ എത്താനെ അന്ന് കഴിഞ്ഞുള്ളു. അതിന് ശേഷം, തന്റെ സമ്മതം കൂടാതെ തന്നെ ദുബായിലേക്ക് തിരിച്ചുകൊണ്ടുപോവുകയായിരുന്നു എന്നാണ് ആരോപണം. ദുബായില്‍ മൂന്ന് വര്‍ഷത്തിലേറെ കാലം ജയിലില്‍ കിടക്കേണ്ടി വന്നു. ഡോക്ടര്‍മാര്‍ മയക്കുമരുന്ന് കുത്തിവച്ചു. പുറത്തിറങ്ങുമ്പോള്‍ എല്ലാം നിരീക്ഷിക്കാന്‍ ആളുകളെ ഏര്‍പ്പാടാക്കിയിരുന്നു. ഒരിക്കലും പാസ്‌പോര്‍ട്ട് കൈവശം വക്കാന്‍ അനുവദിച്ചിരുന്നില്ല. ഒരു തരത്തിലും രക്ഷപ്പെടാന്‍ പറ്റാത്ത സാഹചര്യം ആയിരുന്നു തനിക്ക് എന്നും യുവതി പറയുന്നുണ്ട്.

മകളാണെന്ന് തെളിയിക്കാന്‍

മകളാണെന്ന് തെളിയിക്കാന്‍

താന്‍ ദുബായ് ഭരണാധികാരിയുടെ മകളാണെന്ന് തെളിയിക്കാന്‍ ഉതകുന്ന ചില കാര്യങ്ങളും യുവതി പുറത്ത് വിട്ടിട്ടുണ്ട്. ഏതൊക്കെ സ്‌കൂളുകളിലാണ് താന്‍ പഠിച്ചത് എന്നും എന്തൊക്കെയാണ് തന്റെ വിനോദങ്ങള്‍ എന്നും വിശദീകരിക്കുന്നുണ്ട്. കുതിര സവാരിക്കിടയിലും സ്‌കൈ ഡൈവിങ്ങിനിടയിലും പരിചയപ്പെട്ട വ്യക്തികളെ കുറിച്ചും വിശദീകരിക്കുന്നുണ്ട്. ഒരു ഹോട്ടല്‍ മുറിയില്‍ വച്ച് ചിത്രീകരിച്ചത് എന്ന് തോന്നിക്കുന്ന വീഡിയോ ആണ് ഡെയ്‌ലി മെയില്‍ പുറത്ത് വിട്ടിട്ടുള്ളത്. ഇത് എവിടെ വച്ച് ചിത്രീകരിച്ചതാണ് എന്ന് ഇപ്പോഴും വ്യക്തമല്ല .

ഡീറ്റെയിന്‍ഡ് ഇന്‍ ദുബായ്

ഡീറ്റെയിന്‍ഡ് ഇന്‍ ദുബായ്

ദുബായ് വിടുന്നതിന് മുന്നോടിയായി ഡീറ്റെയിന്‍ഡ് ഇന്‍ ദുബായ് എന്ന സംഘടനയെ ലത്തീഫ ബന്ധപ്പെട്ടിട്ടുണ്ട് എന്നാണ് പറയുന്നത്. ഇവര്‍ നടത്തിയ അന്വേഷണത്തില്‍ ലത്തീഫ രാജകുടുംബാംഗമാണെന്ന് കണ്ടെത്തിയിട്ടുള്ളതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട് . ലത്തീഫയുടെ പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ് ഇവര്‍ക്ക് ലഭിച്ചതായും പറയുന്നുണ്ട് . ആദ്യ ഒളിച്ചോട്ട ശ്രമത്തിന് ശേഷം തനിക്ക് ആരേയും വിശ്വാസമില്ലാത്ത അവസ്ഥയായിരുന്നു. വളര്‍ത്തുമൃഗങ്ങളോട് മാത്രമായിരുന്നു അക്കാലത്ത് താന്‍ സമാധാനത്തോടെ ഇടപെട്ടിരുന്നത് എന്നും ലത്തീഫ എന്ന് അവകാശപ്പെടുന്ന യുവതി വിശദീകരിക്കുന്നുണ്ട് .

ഷംസ അല്‍ മക്തൂം

ഷംസ അല്‍ മക്തൂം

ലത്തീഫയുടെ സഹോദരി ഷംസ അല്‍ മക്തൂമിന്റെ തിരോധാനവും വലിയ വാര്‍ത്തയായിരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. യുകെയിലെ സറേ എസ്‌റ്റേറ്റില്‍ വച്ചായിരുന്നു ഷംസയെ കാണാതായാത് എന്നാണ് പറയുന്നത്. 2001 ല്‍ കേംബ്രിഡ്ജിലെ ഒരു തെരുവില്‍ വച്ച് ഷംസയെ തട്ടിക്കൊണ്ടുപോയതാണെന്ന് ആരോപണം ഉണ്ടായിരുന്നു. ഇത് സംബന്ധിച്ച് പോലീസ് അന്വേഷണം തുടങ്ങിയിരുന്നതായും ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍ ഈ അന്വേഷണം എവിടേയും എത്തിയില്ലത്രെ.

സുരക്ഷിതയാണോ?

സുരക്ഷിതയാണോ?

ലത്തീഫ എന്ന് അവകാശപ്പെടുന്ന യുവതി ഇപ്പോള്‍ സുരക്ഷിതയാണോ എന്ന കാര്യത്തില്‍ ഉറപ്പൊന്നും ഇല്ലെന്നാണ് ഡീറ്റെയിന്‍ഡ് ഇന്‍ ദുബായ് സംഘടന പ്രതിനിധികള്‍ പറയുന്നത്. അവര്‍ ഇത് സംബന്ധിച്ച് സ്‌കോട്ട്‌ലാന്‍ഡ് യാര്‍ഡ് പോലീസിന് റിപ്പോര്‍ട്ട് നല്‍കിയതായും പറയുന്നു. ദിവസങ്ങളായി ലത്തീഫയുടെ വിവരമൊന്നും ലഭ്യമല്ലത്രെ. സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി ലഭിച്ചിട്ടില്ല എന്നും പറയുന്നുണ്ട്. ഏറ്റവും അവസാനം ലഭിച്ച സന്ദേശത്തില്‍ 'പുറത്ത് ആളുകള്‍ ഉണ്ട്, തന്നെ രക്ഷിക്കണം' എന്നാണത്രെ ലത്തീഫ പറഞ്ഞത്.

വീഡിയോ കാണാം

ദുബായ് ഭരണാധികാരിയുടെ മകൾ എന്ന് അവകാശപ്പെടുന്ന യുവതി സംസാരിക്കുന്ന വീഡിയോ. ഡെയ് ലി മെയിൽ ആണ് ഈ വീഡിയോ പുറത്ത് വിട്ടിട്ടുള്ളത്

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Woman claiming Dubai ruler's daughter run away from country, says in a video

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്