അറേബ്യയിലെ 8760 മണിക്കൂറുകള്‍ ചുരുക്കിയാല്‍? അതാണിത്!! സംഭവ ബഹുലം, നിറഞ്ഞ തലക്കെട്ടുകള്‍

  • Written By:
Subscribe to Oneindia Malayalam

മുന്‍വര്‍ഷങ്ങളിലെ സാമ്പത്തിക ഞെരുക്കത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കിണഞ്ഞു ശ്രമിക്കുന്ന രാജ്യങ്ങളെയാണ് ഗള്‍ഫില്‍ 2017 കണ്ടത്. അതേ വേളയില്‍ സംഘര്‍ഷ കലുഷിതമായ രാജ്യങ്ങളെയും അറബ് ലോകത്ത് കണ്ടു. സൗദി അറേബ്യ സ്വകാര്യവല്‍ക്കരണത്തിന് ഊന്നല്‍ നല്‍കിയപ്പോള്‍ ജിസിസിയിലെ മറ്റു രാജ്യങ്ങളും അതേറ്റുപിടിച്ചു. വിദേശികളെ ഒഴിവാക്കി സ്വദേശിവല്‍ക്കരണത്തിന് സൗദി ശ്രമിച്ചപ്പോള്‍ പരോക്ഷമായി മറ്റു ഗള്‍ഫ് രാജ്യങ്ങളും നടപടികള്‍ ശക്തമാക്കി. അതിനിടെയാണ് ഇറാനുമായി ബന്ധപ്പെട്ട ചില ഭീതിതമായ വാര്‍ത്തകള്‍. സിറിയയിലും ഇറാഖിലും ഒടുവില്‍ ഫലസ്തീനിലും അമേരിക്കയും യൂറോപ്പും എരിതീയില്‍ എണ്ണയൊഴിച്ചു. എപ്പോഴും ഒരു ശത്രു മറുപക്ഷത്ത് വേണമെന്ന് ആര്‍ക്കോ നിര്‍ബന്ധമുള്ള പോലെയാണ് അറബ് രാജ്യങ്ങളുടെ അവസ്ഥ. 2017ന്റെ താളുകള്‍ പിന്നിടുമ്പോള്‍ ലോകം ഏറ്റവും ചര്‍ച്ച ചെയ്ത നിരവധി സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചത് അറബ് ലോകം തന്നെയാണെന്ന് നിസ്സംശയം പറയാം....

ചേരിതിരിഞ്ഞ ഭൂമി

ചേരിതിരിഞ്ഞ ഭൂമി

അറബ് ലോകം എപ്പോഴും ചേരിതിരിഞ്ഞാണ് നില്‍ക്കാറ്. ഒന്നുകില്‍ രാജ്യങ്ങള്‍ തമ്മില്‍.. അല്ലെങ്കില്‍ ജനങ്ങള്‍ തമ്മില്‍.. എപ്പോഴും സംഘര്‍ഷ കലുഷിതമാണ് ഈ ഭൂപ്രദേശം. ഭൂരിഭാഗം രാജ്യങ്ങളും അമേരിക്കന്‍ പക്ഷത്തു തന്നെ; വിനീത വിധേയരുടെ വേഷത്തില്‍. ഈ പക്ഷത്തിന് ശക്തി വേണമെങ്കില്‍ ഒരു ശത്രു വേണം. അതാണ് ഇറാനും പരിവാരങ്ങളും. ഇതാണ് അറബ് ലോകത്തെ രാഷ്ട്രീയം.

ഞെരുങ്ങുന്ന നേതാക്കള്‍

ഞെരുങ്ങുന്ന നേതാക്കള്‍

സാമ്പത്തിക ഞെരുക്കം ശക്തമാണ് അറബ് രാജ്യങ്ങളില്‍, പ്രത്യേകിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍. അറബ് ലോകത്തെ സമ്പന്നരായ ഗള്‍ഫ് രാജ്യങ്ങള്‍ ആ പദവി നിലനിര്‍ത്തിയിരുന്നത് എണ്ണ വരുമാനത്തിന്റെ ബലത്തിലായിരുന്നു. എന്നാല്‍ എണ്ണ വിപണയിലേക്ക് അമേരിക്ക എത്തുകയും മല്‍സരം കടുക്കുകയും ചെയ്തതോടെ വില കൂപ്പുകുത്തി. അതോടെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി- ഇതാണ് അറേബ്യയിലെ ആഭ്യന്തര കാര്യം.

ഐസിസും അമേരിക്കയും

ഐസിസും അമേരിക്കയും

ആഗോള ഭീകരണ സംഘടനയായ ഐസിസ് ഉയര്‍ത്തിയ വെല്ലുവിളി ചെറുതൊന്നുമല്ല. അതിനെ നേരിടാനെന്ന പേരില്‍ അമേരിക്കയും പരിവാരങ്ങളും സിറിയയിലും ഇറാഖിലും ബോംബുകള്‍ വര്‍ഷിക്കുന്നത് ശക്തമാക്കിയ വര്‍ഷം കൂടിയാണ് 2017. എന്തെങ്കിലും പേര് പറഞ്ഞ് ഈ സമ്പന്ന മേഖലിയില്‍ സാന്നിധ്യമുറപ്പിക്കല്‍ അമേരിക്കക്ക് ആവശ്യമായിരുന്നു. ഒടുവില്‍ അത് ഐസിസ് ആയെന്ന് മാത്രം. മുമ്പ് ഇറാഖും അഫ്ഗാനും സോമാലിയയും സദ്ദാം ഹുസൈനും ബിന്‍ലാദിനുമൊക്കെ ആയിരുന്നു.

ചോരയൊലിപ്പിച്ച് സിറിയ

ചോരയൊലിപ്പിച്ച് സിറിയ

സിറിയയില്‍ ഐസിസിനെതിരേ ആക്രമണം നടത്താത്ത വന്‍ശക്തി രാജ്യങ്ങള്‍ ചുരുക്കമാണ്. അമേരിക്കയും റഷ്യയും ഒരുമിച്ച് ആക്രമണം നടത്തുന്ന അപൂര്‍വ നിമിഷങ്ങള്‍ക്കും സിറിയ സാക്ഷ്യം വഹിച്ചു. രണ്ട് ചേരികളായിരുന്നെങ്കിലും ഇവര്‍ രക്തത്തില്‍ മുക്കിയത് നൂറ്റാണ്ടുകളുടെ ചരിത്ര ഭൂമിയായ സിറിയയെ ആയിരുന്നു. ഐസിസിന് അമേരിക്കയുടെ സഹായം ലഭിച്ചുവെന്ന വ്യക്തമായ വിവരങ്ങളും പുറത്തുവന്നത് ഈവര്‍ഷം തന്നെ.

ഐസിസ് തീര്‍ന്നു

ഐസിസ് തീര്‍ന്നു

ഐസിസിനെ പൂര്‍ണമായി പരാജയപ്പെടുത്തിയെന്ന ഇറാഖും ഇറാനും ഔദ്യോഗികമായി പ്രഖ്യാപിച്ചത് ഈ വര്‍ഷമാണ്. എങ്കിലും സിറിയയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിച്ചിട്ടില്ല. ഇങ്ങനെ അറബ് ലോകത്ത് നടക്കുമ്പോള്‍ തന്നെയാണ് ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയല്‍ ശത്രുത വര്‍ധിച്ചത്. സിറിയയും ഇറാനും ഭീകരതയുമെല്ലാമായിരുന്നു അവിടെയും തര്‍ക്കവിഷയം. ഖത്തറിനെതിരേ സൗദിയും യുഎഇയും ബഹ്‌റൈനും ഈജിപ്തും ഉപരോധം പ്രഖ്യാപിച്ചത് ജൂണിലായിരുന്നു.

ജിസിസിയെ പിളര്‍ത്തി പുതിയ സംഘം

ജിസിസിയെ പിളര്‍ത്തി പുതിയ സംഘം

ഉപരോധം ആഗോളതലത്തില്‍ വിവാദമായതോടെ പരിഹാരത്തിന് വന്‍കിട രാജ്യങ്ങളെല്ലാമെത്തി. ഒടുവില്‍ സൗദി സഖ്യം 13 ഇന ഉപാധിവച്ചു. പറ്റില്ലെന്ന് ഖത്തര്‍. ഉപാധികള്‍ വെട്ടിച്ചുരുക്കി ആറെണ്ണമാക്കി. അതും പറ്റില്ലെന്ന് ഖത്തര്‍. ഏറ്റവും ഒടുവില്‍ ജിസിസി പോലും രണ്ട് ചേരിയാകുമെന്ന അവസ്ഥയിലാണ് 2017 ചരിത്രമാകുന്നത്. ജിസിസിക്ക് പുറമെ ഗള്‍ഫില്‍ മറ്റൊരു സംഘം കൂടിയുണ്ടാക്കുമെന്നാണ് യുഎഇയുടെ പ്രഖ്യാപനം. ഈ ഭിന്നത ഫുട്‌ബോള്‍, ചെസ് മല്‍സരങ്ങളില്‍ പോലും പ്രകടമായിരിക്കുകയാണിപ്പോള്‍.

വിസാ ഫ്രീയും സിനിമയും സ്ത്രീയും

വിസാ ഫ്രീയും സിനിമയും സ്ത്രീയും

ഇറാനെയും തുര്‍ക്കിയെയും ഏഷ്യയിലെയും യൂറോപ്പിലേയും ആഫ്രിക്കയിലേയും രാജ്യങ്ങളെയും കൂട്ടുപിടിച്ച് മുന്നേറാനുള്ള ശ്രമത്തിലാണ് ഖത്തര്‍. ഇന്ത്യയുള്‍പ്പെടെയുള്ള 84 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസയില്ലാതെ രാജ്യത്ത് വരാമെന്ന് ഖത്തര്‍ പ്രഖ്യാപിച്ചത് ഈ വര്‍ഷത്തെ എടുത്തു പറയേണ്ട കാര്യമാണ്. ഈ വേളയില്‍ തന്നെയാണ് സൗദി ഇതുവരെ പുലര്‍ത്തിപ്പോന്ന യാഥാസ്ഥിതിക നിലപാടുകളില്‍ അയവ് വരുത്തി വിനോദ സഞ്ചാരം, സിനിമ എന്നീകാര്യങ്ങക്ക് പ്രാധാന്യം നല്‍കിയതിന് പിന്നാലെ സ്ത്രീകള്‍ക്ക് കൂടുതല്‍ അവസരങ്ങളും പ്രഖ്യാപിച്ചത്. സൗദിയില്‍ സ്ത്രീകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കാന്‍ തീരുമാനിച്ചത് ഈ വര്‍ഷത്തെ ഏറെ ശ്രദ്ധിക്കപ്പെട്ട നടപടിയായിരുന്നു.

 കൂട്ട അറസ്റ്റും മോചനദ്രവ്യവും

കൂട്ട അറസ്റ്റും മോചനദ്രവ്യവും

മന്ത്രിമാരെയും രാജകുമാരന്‍മാരെയും സൗദി അറേബ്യയില്‍ അഴിമതിയുടെ പേരില്‍ കൂട്ടമായി അറസ്റ്റ് ചെയ്തത് മറ്റൊരു ഞെട്ടിപ്പിക്കുന്ന സംഭവമായിരുന്നു. ആഗോള സമ്പന്നരില്‍ പ്രമുഖനായ അല്‍ വലീദ് ബിന്‍ തലാല്‍ ഉള്‍പ്പെടെയുള്ളവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് മോചനദ്രവ്യം വാങ്ങി വിട്ടയക്കാനുള്ള നീക്കമാണിപ്പോള്‍ നടക്കുന്നത്. എങ്കിലും അക്കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. സൗദിയില്‍ കിരീടവകാശി അധികാരം ഉറപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് കൂട്ട അറസ്റ്റ് നടത്തിയതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുമുണ്ട്.

ലബ്‌നാനും യമനും കുഴഞ്ഞു, അസൂയപ്പെടുത്തി തുര്‍ക്കി

ലബ്‌നാനും യമനും കുഴഞ്ഞു, അസൂയപ്പെടുത്തി തുര്‍ക്കി

ഇറാനും സൗദിയും തമ്മിലുള്ള ഭിന്നത രൂക്ഷമായി എന്നതും 2017ല്‍ എടുത്തുപറയേണ്ടതാണ്. ലബ്‌നാന്‍ പ്രധാനമന്ത്രി സഅദ് ഹരീരിയെ സൗദിയില്‍ പിടിച്ചുവച്ചതും യമനില്‍ നടക്കുന്ന ആക്രമണങ്ങളുമെല്ലാം സൗദി-ഇറാന്‍ പോരിന്റെ തുടര്‍ച്ചയായിരുന്നു. പോര് നാള്‍ക്കുനാള്‍ വര്‍ധിക്കുമ്പോഴും ഇതില്‍ പക്ഷം പിടിക്കാതെ നിന്ന തുര്‍ക്കിയുടെ നിലപാടുകളും എടുത്തു പറയേണ്ടതാണ്. അറബ് ലോകത്ത് അതിവേഗം വളരുന്ന രാജ്യമാണ് തുര്‍ക്കി. ഒരുപക്ഷേ യൂറോപ്യന്‍ രാജ്യങ്ങളുമായി തട്ടിച്ചുനോക്കുമ്പോഴും തുര്‍ക്കിയുടെ വളര്‍ച്ച അസൂയാവഹമാണ്.

 ജറുസലേം തുടരും

ജറുസലേം തുടരും

അതിനിടെയാണ് ജറുസലേം ഇസ്രായേല്‍ തലസ്ഥാനമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചത്. സംഭവം വന്‍ വിവാദമാകുകയും അറബ് ലോകം ഒറ്റക്കെട്ടായി ട്രംപിന്റെ പ്രഖ്യാപനത്തെ എതിര്‍ക്കുകയും ചെയ്തു. ഐക്യരാഷ്ട്ര സഭയിലും അമേരിക്കക്കെതിരേ മറ്റു രാജ്യങ്ങള്‍ നിലകൊണ്ടു. തുര്‍ക്കിയില്‍ അറബ് രാജ്യങ്ങളുടെ കൂട്ടായ്മ യോഗം വിളിച്ച് ഒന്നിച്ചുറക്കെ എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും അതൊന്നും ട്രംപ് അറിഞ്ഞ മട്ടില്ല. ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്തുണ നല്‍കി അയല്‍രാജ്യമായ ഗ്വാട്ടിമാലയും ജറുസലേം ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ചുവെന്നാണ് ഒടുവിലെ വാര്‍ത്ത. ഇതോടെ ഒരുകാര്യം തീര്‍ച്ചയാണ്. ജറുസലേം അടുത്ത വര്‍ഷവും തലക്കെട്ടുകളില്‍ നിറയും...

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
Important Events in Arab World and GCC in 2017

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്