യമനില്‍ തിക്കിലും തിരക്കിലും പെട്ട് 80 ലേറെപ്പേർ കൊല്ലപ്പെട്ടു: നൂറുകണക്കിന് ആളുകള്‍ക്ക് പരിക്ക്
സന: യമന്‍ തലസ്ഥാനമായ സനയില്‍ തിക്കിലും തിരക്കിലും പെട്ട് 80 ലധികം പേർ കൊല്ലപ്പെട്ടു. സംഭവത്തില്‍ നൂറില്‍ അധികം ആളുകള്‍ക്ക് പരിക്കേറ്റതായും അന്തർദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. റംസാനിനോട് അനുബന്ധിച്ച് ഒരു ചാരിറ്റി സംഘടന നടത്തിയ സക്കാത്ത് വിതരണ പരിപാടിയിലേക്ക് എത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. വിശുദ്ധ റംസാന്‍ മാസത്തിന്റെ അവസാനത്തെ അടയാളപ്പെടുത്തുന്ന ഈദ് അൽ-ഫിത്തറിന് ദിവസങ്ങൾക്ക് മുമ്പാണ് അറേബ്യൻ പെനിൻസുലയിലെ തന്നെ ഏറ്റവും ദരിദ്രമായ രാജ്യത്തെ ഞെട്ടിക്കുന്ന ദുരന്തം ഉണ്ടായത്.
സനയിലെ ബാബ് അൽ-യെമൻ ജില്ലയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 85 പേർ കൊല്ലപ്പെടുകയും 322 പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നാണ് ഹൂതി സുരക്ഷാ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാർത്താ ഏജന്‍സികള്‍ റിപ്പോർട്ട് ചെയ്യുന്നത്. "മരിച്ചവരിൽ സ്ത്രീകളും കുട്ടികളും ഉണ്ടായിരുന്നു," മാധ്യമങ്ങളോട് സംസാരിക്കാൻ തനിക്ക് അധികാരമില്ലാത്തതിനാൽ പേര് വെളിപ്പെടുത്താന്‍ താല്‍പര്യപ്പെടാത്ത ഉദ്യോഗസ്ഥന്‍ എഎഫ്‌പിയോട് പറഞ്ഞു.

സഹായം വിതരണം ചെയ്യുന്ന സ്‌കൂളിലാണ് സംഭവം നടന്നത്. സൌജന്യ വിതരണം നടക്കുന്നത് അറിഞ്ഞ് ആയിരക്കണക്കിന് ആളുകള്‍ ഇവിടേക്ക് ഒഴുകി എത്തുകയായിരുന്നു. അപകടം വിവരം അറിഞ്ഞതിന് ശേഷം ബന്ധുക്കളെ തിരഞ്ഞെ ജനം വീണ്ടും കൂട്ടത്തോടെ അപകട സ്ഥലത്തേക്ക് എത്തി. ഇതോടെ പ്രദേശത്ത് കൂടുതല്‍ സുരക്ഷ ഉദ്യോഗസ്ഥരെ വിന്യസിക്കുകയായിരുന്നു ഹൂതി ഭരണ കൂടം.
മരിച്ചവരെയും പരിക്കേറ്റവരെയും അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റിയെന്നും അപകടത്തിന് ഇടയാക്കിയ ചാരിറ്റി വിതരണം നടത്തിയവരെ കസ്റ്റഡിയിലെടുത്തതായും ആഭ്യന്തര മന്ത്രാലയം വിമതരുടെ വാർത്താ ഏജൻസിയായ സബയിലൂടെ നടത്തിയ പ്രസ്താവനയിൽ വ്യക്തമാക്കി. സംഭവത്തില്‍ ഹൂത്തി ഭരണകൂടം അന്വേഷണവും ആവശ്യപ്പെട്ടിട്ടുണ്ട്. "ചില വ്യാപാരികൾ ക്രമരഹിതമായി പണം വിതരണം ചെയ്യുന്നതിനിടെ തിക്കിലും തിരക്കിലും പെട്ട് ഡസൻ കണക്കിന് ആളുകൾ കൊല്ലപ്പെട്ടു" എന്നാണ് ഹൂതി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നത്.
2014-ലാണ് യെമനിൽ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെടുന്നത്. ഇറാൻ പിന്തുണയുള്ള ഹൂത്തി വിമതർ സന പിടിച്ചടക്കിയപ്പോൾ, അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട സർക്കാരിനെ പിന്തുണയ്ക്കാൻ സൗദി നേതൃത്വത്തിലുള്ള സഖ്യം രംഗത്ത് വരികയായിരുന്നു. പിന്നീട് വർഷങ്ങളോളം യമന്‍ വലിയ സംഘർഷത്തിലൂടെയാണ് കടന്ന് പോയതെങ്കിലും സമീപകാലത്ത് മേഖലയില്‍ ഏറ്റുമുട്ടലുകള്‍ കുറഞ്ഞു. എങ്കിലും ലോകത്തിലെ ഏറ്റവും വലിയ മാനുഷിക ദുരന്തങ്ങളിലൊന്നായാണ് യമന്‍ സംഘർഷത്ത ഐക്യരാഷ്ട്രസഭ വിശേഷിപ്പിക്കുന്നത്.












Click it and Unblock the Notifications