ട്രംപ്-പുടിൻ കൂടിക്കാഴ്‌ചയ്ക്ക് മണിക്കൂറുകൾ മാത്രം; സമാധാനത്തിനായി ഭൂപ്രദേശം വിട്ടുകൊടുക്കില്ലെന്ന് സെലൻസ്‌കി
കീവ്: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനും വ്യാഴാഴ്‌ച കൂടിക്കാഴ്‌ച നടത്താനിരിക്കെ നിലപാട് വ്യക്തമാക്കി യുക്രൈൻ പ്രസിഡന്റ് സെലൻസ്‌കി രംഗത്ത്. യുദ്ധം അവസാനിപ്പിക്കുന്നതിനായി യുഎസ്-റഷ്യ രാഷ്ട്ര തലവൻമാർ നിർണായക കൂടിക്കാഴ്‌ച നടത്താൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ സമാധാനത്തിനായി ഭൂപ്രദേശം വിട്ടു നൽകില്ലെന്നാണ് സെലൻസ്‌കി വ്യക്തമാക്കിയിരിക്കുന്നത്.
തന്റെ രാജ്യം ഡോൺബാസിന്റെ കിഴക്കൻ മേഖല റഷ്യയ്ക്ക് വിട്ടുകൊടുക്കില്ലെന്നാണ് സെലൻസ്‌കി ഉറച്ച നിലപാട് എടുത്തിരിക്കുന്നത്. ഓഗസ്‌റ്റ് പതിനഞ്ചിന് നടക്കുന്ന ചർച്ചകളിൽ യുക്രൈനെ കൂടി ഉൾപ്പെടുത്തണമെന്ന് സെലൻസ്‌കി പല കോണുകളിൽ സമ്മർദ്ദം ചെലുത്തിയെങ്കിലും ഇതുവരെ അദ്ദേഹത്തെ ക്ഷണിച്ചിട്ടില്ല. അതിനിടയിലാണ് ഭൂപ്രദേശം കൈമാറിയുള്ള സന്ധിക്ക് താനില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയത്.

'റഷ്യക്കാർക്ക്, ഭാവിയിലെ പുതിയ ആക്രമണത്തിനുള്ള ഒരു പാലമാണ് ഡോൺബാസ്. ഏതെങ്കിലും പ്രാദേശിക പ്രശ്‌നങ്ങളെ സുരക്ഷാ ഉറപ്പുകളിൽ നിന്ന് വേർതിരിക്കാനാവില്ല' എന്നായിരുന്നു സെലൻസ്‌കി പറഞ്ഞത്. ഞങ്ങളില്ലാതെ എന്ത് ചർച്ച ചെയ്യുമെന്ന് എനിക്കറിയില്ല, അവർക്ക് ഒരു ഉഭയകക്ഷി രീതി ഉണ്ടായിരിക്കാം; അദ്ദേഹം കൂട്ടിച്ചേർത്തു. മാത്രമല്ല വിഷയം മൂന്ന് കക്ഷികൾ ഒരുമിച്ചിരുന്ന് ചർച്ച ചെയ്യണമെന്നാണ് സെലൻസ്‌കി പറയുന്നത്.
യുക്രൈനിനായി കുറച്ച് പ്രദേശങ്ങൾ തിരിച്ചുപിടിക്കാൻ പ്രവർത്തിക്കുന്നുണ്ടെന്ന് ഡൊണാൾഡ് ട്രംപ് പറഞ്ഞതിന് പിന്നാലെയാണ് സെലൻസ്‌കിയുടെ പരാമർശം. കൈവിനും മോസ്കോയ്ക്കും ഇടയിൽ പ്രദേശങ്ങൾ കൈമാറുന്നതിനെക്കുറിച്ച് അദ്ദേഹം പരാമർശിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.
അതിനിടെ വിഷയത്തിൽ ട്രംപുമായി സെലാൻസ്‌കി സംസാരിച്ചുവെന്നാണ് ലഭ്യമായ വിവരം. ടെലിഫോണിലൂടെയാണ് ഇരുവരും ബന്ധപ്പെട്ടത്. ചർച്ചകളുടെ ഫലത്തെ ആശ്രയിച്ചിരിക്കും വിജയം എന്ന് സെലൻസ്‌കി പറയുന്നു. നിലവിലെ സാഹചര്യത്തിൽ വളരെയധികം ശുഭാപ്‌തി വിശ്വാസത്തിലാണ് താനെന്നും സെലൻസ്‌കി യൂറോപ്യൻ യൂണിയൻ നേതാക്കളുമായുള്ള കൂടിക്കാഴ്‌ചയ്ക്ക് ശേഷം പറഞ്ഞു.
അതിനിടെ കഴിഞ്ഞ ദിവസമാണ് ട്രംപ്, റഷ്യ-യുക്രൈൻ ഭൂമി കൈമാറ്റ ചർച്ചകളെ കുറിച്ചുള്ള സൂചനകൾ നൽകിയത്. പുടിനുമായുള്ള ചർച്ചയിലെ പ്രധാന അജണ്ടകളിൽ ഒന്ന് റഷ്യ പിടിച്ചെടുത്ത യുക്രൈനിയൻ പ്രദേശം തിരിച്ചുപിടിക്കുക എന്നതായിരിക്കുമെന്ന് ട്രംപ് പറഞ്ഞിരുന്നു. റഷ്യ യുക്രൈന്റെ വലിയൊരു ഭാഗം കൈവശപ്പെടുത്തിയെന്നും ട്രംപ് പറഞ്ഞിരുന്നു.
വെടിനിർത്തൽ പ്രഖ്യാപിക്കുന്നതിനും ദീർഘകാല സമാധാന ഉടമ്പടിയിൽ ചർച്ചകളിൽ ഏർപ്പെടുന്നതിനുമുള്ള ഒരു വ്യവസ്ഥയായി, ഡോൺബാസ് മേഖലയിലെ ഡൊണെറ്റ്‌സ്ക്, ലുഹാൻസ്ക് പ്രദേശങ്ങൾ യുക്രൈൻ ഉപേക്ഷിക്കണമെന്ന് പുടിൻ ആവശ്യപ്പെടുന്നു. ഇതിനിടയിലാണ് സെലൻസ്‌കി അത് വിട്ടു നൽകില്ലെന്ന നിലപാട് ആവർത്തിക്കുന്നത്.
എന്നാൽ അത്തരമൊരു തീരുമാനമെടുത്താൽ, 9,000 ചതുരശ്ര കിലോമീറ്റർ വരുന്ന (3,474 ചതുരശ്ര മൈൽ) യുക്രൈനിയൻ പ്രദേശത്ത് നിന്ന് സൈന്യത്തെ പിൻവലിക്കാൻ സെലെൻസ്‌കിയ്ക്ക് ഉത്തരവിടേണ്ടി വരും. അങ്ങനെ വന്നാൽ കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി മോസ്കോയ്ക്ക് സൈനികമായി നേടാൻ കഴിയാത്ത വിജയമാവും അതിലൂടെ പ്രാപ്‌തമാവുക. അതുകൊണ്ട് കൂടിയാണ് ഭൂമി കൈമാറില്ലെന്ന് സെലൻസ്‌കി ആവർത്തിക്കുന്നത്.
അതിനിടെ പുടിനുമായുള്ള നിർണായക ചർച്ചയ്ക്ക് മുന്നോടിയായി ജർമ്മനി, ഫിൻലാൻഡ്, ഫ്രാൻസ്, യുണൈറ്റഡ് കിംഗ്‌ഡം, ഇറ്റലി, പോളണ്ട്, യൂറോപ്യൻ യൂണിയൻ എന്നീ രാജ്യങ്ങളിലെ നേതാക്കളും ട്രംപും തമ്മിലുള്ള വീഡിയോ കോൺഫറൻസ് നടന്നിരുന്നു. ഇതിന് ശേഷമാണ് ട്രംപും സെലൻസ്‌കിയും തമ്മിൽ സംസാരിച്ചത്.












Click it and Unblock the Notifications