ബക്കളത്ത് 16 രാജവെമ്പാല കുഞ്ഞുങ്ങളെ കൃത്രിമ അന്തരീക്ഷത്തിൽ വിരിയിച്ചു; കൗതുക കാഴ്‌ച
തളിപ്പറമ്പ്: കണ്ണൂർ ജില്ലയിലെ മലയോര പ്രദേശമായ കുടിയാൻ മലയിൽ രാജവെമ്പാല മുട്ടകൾ കൃത്രിമമായ അന്തരീക്ഷത്തിൽ വിജയകരമായി വിരിയിച്ചു. കുടിയാൻമലയിലെ കൊക്കോതോട്ടത്തിൽ നിന്നും കണ്ടെത്തിയ മുട്ടകൾ അടവെച്ച് വിരിയിച്ചെടുത്തതിന്റെ സന്തോഷത്തിലാണ് വനംവകുപ്പ് വാച്ചർ ഷാജി ബക്കളം. ഷാജിയുടെ ബക്കളത്തെ വീട്ടിൽ നിന്നും കൃത്യമായ പരിചരണത്തിൽ രാജവെമ്പാലയുടെ 16 കുഞ്ഞുങ്ങളാണ് മുട്ട വിരിഞ്ഞ് പുറത്തുവന്നത്.
കഴിഞ്ഞ ഏപ്രിൽ 20 ന് കുടിയാൻമലയിലെ കൊക്കോതോട്ടത്തിൽ നിന്ന് കണ്ടെത്തിയ 31 മുട്ടകളിൽ 16 എണ്ണം വിരിഞ്ഞാണ് ഇപ്പോൾ രാജവെമ്പാല കുഞ്ഞുങ്ങളായിരിക്കുന്നത്. 31 മുട്ടകൾ ഉപേക്ഷിച്ച് തള്ളപ്പാമ്പ് സ്ഥലം വിട്ടെങ്കിലും ഷാജി ഇവരെ കൈവിട്ടില്ല. പൂർണ ആരോഗ്യവാന്മാരായ പാമ്പിൻ കുഞ്ഞുങ്ങളെ വൈകാതെ കാട്ടിൽ തുറന്നു വിടാനാണ് ഷാജിയുടെ തീരുമാനം. രാജവെമ്പാല കുഞ്ഞുങ്ങളെ കാണാനായി നിരവധിയാളുകളാണ് ഷാജിയുടെ വീട്ടിലെത്തുന്നത്.

16 രാജവെമ്പാലക്കുഞ്ഞുങ്ങളെയാണ് വനംവകുപ്പ് വാച്ചർ ഷാജി ബക്കളത്തിന്റെ വീട്ടിലെ പ്ലാസ്റ്റിക് കൊട്ടയിൽ സൂക്ഷിച്ചിട്ടുള്ളത്. അമ്മപ്പാമ്പിന്റെ ചൂടില്ലെങ്കിലും കുഞ്ഞുങ്ങളൊക്കെ ഉഷാറാണ്. ഇടയ്ക് കൂട്ടത്തിൽ ചിലർ തലപൊക്കി നോക്കും ഞങ്ങളിതെവിടെയെന്ന മട്ടിൽ. കഴിഞ്ഞ ഏപ്രിൽ 20 നാണ് കുടിയാൻമലയിലെ കൊക്കോതോട്ടത്തിൽ ഒരു രാജവെമ്പാലയെ കണ്ടെത്തിയത്. കൂടെ 31 മുട്ടകളും. തള്ളപ്പാമ്പ് സ്ഥലം വിട്ടെങ്കിലും ഷാജി ഇവരെ കൈവിട്ടില്ല.
പ്ലാസ്റ്റിക് കൊട്ടയിൽ ഉണങ്ങിയ മുളയിലകൾ വിരിച്ചായിരുന്നു മുട്ടകൾ അടവച്ചത്. തണുപ്പ് ക്രമീകരിച്ച് ദിവസേന നിരീക്ഷണവുമുണ്ടായിരുന്നു. 16 പേരെയും അധികം വൈകാതെ കാട്ടിലേക്ക് തുറന്നു വിടുമെന്ന് ഷാജി വ്യക്തമാക്കി നേരത്തെ നിരവധി രാജവെമ്പാലകളെ ഷാജി മലയോര പ്രദേശത്തുനിന്നും പിടി കൂടി അവയുടെ ആവാസ വ്യവസ്ഥയിലേക്ക് തുറന്നു വിട്ടിട്ടുണ്ട്.
പെരുമ്പാമ്പ്, ഉടുമ്പുകൾ തുടങ്ങിയവയെയും ഷാജി ബക്കളം പിടികൂടിയിട്ടുണ്ട്. നേരത്തെ കൊട്ടിയൂരിൽ നിന്നും കണ്ടെത്തിയ രണ്ട് രാജവെമ്പാല മുട്ടകൾ അതേ സ്ഥലത്തു നിന്നുതന്നെ വിരിയിച്ചെടുത്തുവെങ്കിലും മറ്റൊരിടത്തേക്ക് കൊണ്ടുപോയി രാജവെമ്പാലകളെ ഒറ്റയടിക്ക് വിരിയിച്ചത് കേരളത്തിൻ്റെ തന്നെ ചരിത്രത്തിൽ ആദ്യത്തെ സംഭവങ്ങളിലൊന്നാണ്.












Click it and Unblock the Notifications