സിപിഎം പ്രവര്‍ത്തകനെ വീട്ടില്‍ കയറി വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ക്ക് തടവ്
തലശേരി: പാനൂരില്‍ വീട്ടിനകത്തു നിന്നും ടി.വി കണ്ടുകൊണ്ടിരുന്ന യുവാവിനെ രാഷ്ട്രീയവൈരാഗ്യത്താല്‍ അതിമാരകമായി വെട്ടിപരുക്കേല്‍പ്പിച്ച കേസിലെ പ്രതികള്‍ക്ക് 32 ലക്ഷം രൂപപിഴയടക്കാനും തടവിനും ശിക്ഷിച്ചു.രാഷ്ട്രീയ കൊലപാതക കേസില്‍ ഭീമമായ സംഖ്യ പിഴയീടാക്കുന്നത് അപൂര്‍വ്വസംഭവങ്ങളിലൊന്നാണ്.അക്രമത്തിനിരയായ വ്യക്തി ഏറെവര്‍ഷങ്ങളായ ശയ്യാവലംബിയാണ്. ഇതുപരിഗണിച്ചാണ് കോടതി ഭീമമായ സംഖ്യ പിഴവിധിച്ചത്.നേരത്തെ ലീഗല്‍ സര്‍വീസസ് അതോറിറ്റി അക്രമിക്കപ്പെട്ടയാള്‍ക്ക് സാമ്പത്തികിസഹായം നല്‍കിയിരുന്നു.
പാനൂര്‍ മേഖലയില്‍ സി.പി.എം പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതികളായ നാല് ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് തടവും പിഴയും. വിളക്കോട്ടൂരിലെ കുനിയില്‍ രാജീവന്‍ (38), പൊയിലൂര്‍ കുണ്ടന്‍ചാലില്‍ രമേശന്‍ (40), വിളക്കോട്ടൂര്‍ വട്ടപൊയിലുമ്മല്‍ രാജേഷ് (36), സെന്‍ട്രല്‍ പൊയിലൂരില്‍ കൊക്കണീന്റവിട ഹൗസില്‍ പ്രമോദ് (34) എന്നിവരെയാണ് തലശേരി പ്രിന്‍സിപ്പല്‍ അസി. സെഷന്‍സ് കോടതി ജഡ്ജി കെ.ബി വീണ ശിക്ഷിച്ചത്. ഒന്നാംപ്രതി രാജീവന് ആറുവര്‍ഷവും രണ്ടു മുതല്‍ നാലു വരെയുള്ള പ്രതികള്‍ക്ക് ഭവന ഭേദനം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം എട്ടുവര്‍ഷം വീതവുമാണ് തടവു ശിക്ഷ.
വീട്ടില്‍ അതിക്രമിച്ചു കയറിയതിനും വധശ്രമത്തിനുമായി മൊത്തം 32 ലക്ഷം രൂപ പ്രതികള്‍ പിഴ നല്‍കണം. സി.പി.എം പ്രവര്‍ത്തകനായ തൃപ്പങ്ങോട്ടൂരിലെ കല്ലിന്റവിട കെ. ജ്യോതി രാജിനെ (36) ആണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. 2008 മാര്‍ച്ച് ആറിന് രാത്രി 10 ഓടെയാണ് കേസിനാസ്പദമായ സംഭവം. വീട്ടില്‍ അതിക്രമിച്ചു കയറിയ പ്രതികള്‍ ദേഹമാസകലം വെട്ടിപ്പരുക്കേല്‍പ്പിച്ചെന്നായിരുന്നു കേസ്. ഗുരുതരമായി പരുക്കേറ്റ് ഏഴര മാസത്തോളം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ജ്യോതി രാജ്. പൊനൂര്‍ പൊലിസായിരുന്നു കേസന്വേഷിച്ച് കുറ്റപത്രം നല്‍കിയത്. 19 സാക്ഷികളെ കേസില്‍ വിസ്തരിച്ചു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ സി.കെ രാമചന്ദ്രന്‍ ഹാജരായി.