കവി കെ.സി ഉമേഷ്ബാബുവിന്റെ വീടിനു നേരെയുള്ള അക്രമം: പൊലിസ് കേസെടുക്കാതെ ഒളിച്ചു കളിക്കുന്നു
കണ്ണൂര്‍: കവിയും എഴുത്തുകാരനുമായ കെ.സി ഉമേഷ് ബാബുവിന്റെ വീടിന് നേരെ അക്രമം നടന്നിട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തില്ലെന്ന് പരാതി. ഈക്കാര്യത്തില്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടും പോലീസ് അന്വേഷണം നടത്തുകയോ പ്രതികളെ പിടികൂടുകയോ ചെയ്തിട്ടില്ല. പരാതി രേഖാമൂലം നല്‍കിയെങ്കിലും എഫ്ഐആര്‍ തയാറാക്കുകയോ അന്വേഷണം നടത്താനോ പോലീസ് തയാറായിട്ടില്ല. അന്നത്തെ ടൗണ്‍ എസ്. ഐ ശ്രീജിത്ത് കോടെരിയാണ് കേസ് അന്വേഷിച്ചത്.
പിണറായി വിജയന്‍ തികഞ്ഞ പരാജയം, ആഭ്യന്തര വകുപ്പ് ഒഴിയണം; സേനയില്‍ ക്രിമിനലുകള്‍ കൂടുന്നു
2018 ഏപ്രില്‍ ഒന്നിന് പുലര്‍ച്ചെ ആറരയ്ക്കാണ് ഉമേഷ്ബാബുവിന്റെ കണ്ണൂര്‍ നഗരത്തിലെ പാറക്കണ്ടിയില്‍ സ്ഥിതിചെയ്യുന്ന വീടിനു നേരെ അക്രമം നടത്തുന്നത്. ബൈക്കിലെത്തിയ സംഘം ട്യൂബ് ലൈറ്റുകള്‍ വീടിനു നേരെ വലിച്ചെറിയുകയായിരുന്നു. ഉഗ്രസ്‌ഫോടനശബ്ദത്തോടെ ട്യൂബ് പൊട്ടുകയും ജനല്‍ചില്ലുകളും മറ്റും തകരുകയും ചെയ്തു. ഈ സമയം ഉമേഷും കുടുംബവും വീടിനകത്തുണ്ടായിരുന്നു.

തുടയെല്ലുപൊട്ടി ചികിത്സയിൽ
വീഴ്ചയില്‍ തുടയെല്ലുപൊട്ടി ചികിത്സയിലായിരുന്ന ഉമേഷ് ബാബു കെ സി ജനാല തുറന്ന് നോക്കുമ്പോഴെക്കും അക്രമികള്‍ രക്ഷപ്പെട്ടിരുന്നു. ബൈക്കിന്റെ മുരള്‍ച്ചമാത്രമാണ് കേട്ടത്. അക്രമവിവരം മാധ്യമങ്ങളില്‍ വാര്‍ത്തയായതിനെ തുടര്‍ന്നാണ് കണ്ണൂര്‍ ടൗണ്‍ എസ്. ഐയും സംഘവും വീട്ടിലെത്തി തെളിവുകള്‍ ശേഖരിച്ചത്. ഈ സമയം തന്നെ പരാതിയും എഴുതി വാങ്ങി. എന്നാല്‍ നാളിതുവരെ അന്വേഷണം നടത്താനോ കേസ് രജിസ്റ്റര്‍ ചെയ്യാനോ പൊലിസ് തയ്യാറായില്ല.

വധശ്രമക്കേസിലും സ്ഥിതി ഇതുതന്നെ
2012മാര്‍ച്ച് 18ന് കരിവെള്ളൂരില്‍ നടന്ന ഒരു സെമിനാറില്‍ പങ്കെടുക്കാനെത്തിയപ്പോഴും ഉമേഷ്ബാബുവിനെതിരെ വധശ്രമം ഉണ്ടായിരുന്നു. കരിവെള്ളൂര്‍ പെരളം റോഡില്‍ ഒരു അണ്‍ എയ്ഡഡ് സ്‌കൂളില്‍ വച്ചായിരുന്നു സെമിനാര്‍. സിപി എം വിമതര്‍ സംഘടിപ്പിച്ച സെമിനാറിലെ മുഖ്യപ്രഭാഷകനായിരുന്നു ഉമേഷ്. സെമിനാര്‍ തുടങ്ങുന്നതിനു മുന്‍പെ ഒരു ഇന്നോവകാറില്‍ ഒരുസംഘമാളുകള്‍ അവിടെയെത്തുകയും ഉമേഷ്ബാബുവിനെ അക്രമിക്കാനായി അവിടെ തമ്പടിക്കുകയുമായിരുന്നു. എന്നാല്‍ ഇതു മണത്തറിഞ്ഞ് സംഘാടകര്‍ തടഞ്ഞതിനെ തുടര്‍ന്ന് ഇവര്‍ക്ക് പിന്‍വലിയേണ്ടിവന്നു. തലശ്ശേരിയില്‍ നിന്നും കൊടി സുനിയുടെ സംഘത്തില്‍പ്പെട്ടവരാണ് അവിടെയെത്തിയത്. ഈ സംഭവം മാധ്യമങ്ങളില്‍ വാര്‍ത്തയാകുകയും ഉമേഷ്ബാബു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലിസ് അന്വേഷണം നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ യു.ഡി. എഫ് ഭരണക്കാലമായിട്ടു കൂടി നാട്ടുകാര്‍ തിരിച്ചറിഞ്ഞ പ്രതികളെ കൂടി പിന്‍കൂടാനായില്ല.

ഇപ്പോഴും നിലനില്‍ക്കുന്നു ഭീഷണി
കെ.സി ഉമേഷ്ബാബുവിനെതിരെ ഇപ്പോഴും വധഭീഷണി നിലനില്‍ക്കുന്നുവെന്നാണ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. വധശ്രമം നടന്ന കാലത്ത് അന്നത്തെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉമേഷ്ബാബുവിന് പൊലിസ് സുരക്ഷയൊരുക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നുവെങ്കിലും ഉമേഷ്ബാബു വേണ്ടെന്ന് പറയുകയായിരുന്നു. എന്നാല്‍ കുറച്ചുക്കാലം മഫ്തിയില്‍ സ്‌പെഷ്യല്‍ ബ്രാഞ്ചുകാര്‍ അദ്ദേഹത്തിന്റെ വീടും പരിസരവും നിരീക്ഷിച്ചിരുന്നു. എന്നാല്‍ ഭരണം മാറിയതോടെ ഇതുനിലച്ചു.

പിന്നിൽ വിമർശനം
ചാനല്‍ ചര്‍ച്ചകളിലും പൊതുയോഗങ്ങളിലും സിപിഎമ്മിനെ രൂക്ഷമായി വിമര്‍ശിക്കുന്ന രാഷ്ട്രീയ നിരീക്ഷകരിലൊരാളാണ് ഉമേഷ്ബാബു. നേരത്തെ സിപിഎം നേതൃത്വം നല്‍കുന്ന പുരോഗമനകലാസാഹിത്യ സംഘത്തിന്റെ നേതാക്കളിലൊരാളായ ഉമേഷ്ബാബു എം. എന്‍ വിജയന്‍ പാര്‍ട്ടിയിലുയര്‍ത്തിയ ആശയപോരാട്ടത്തിന്റെ ഭാഗമായാണ് സി.പി. എം ബന്ധമവസാനിപ്പിച്ചത്. പൊതുമരാമത്ത് വകുപ്പ്(റോഡ്‌സ്) വിഭാഗത്തില്‍ നിന്നും എന്‍ജിനിയറായി വിരമിച്ച ഉമേഷ്ബാബു ടി.പി ചന്ദ്രശേഖരന്‍ ഒഞ്ചിയത്ത് രൂപീകരിച്ച ആര്‍. എം. പിക്ക് പ്രത്യയശാസ്ത്രദൃഡത നല്‍കിയ സാംസ്‌കാരിക പ്രവര്‍ത്തകരിലൊരാളാണ്.