കാര ചാത്തോത്ത് കനാല്‍പ്പാലം തകര്‍ന്നു; പ്രദേശവാസികള്‍ക്ക് യാത്രാദുരിതം
മട്ടന്നൂര്‍: പഴശ്ശി കനാലിന് കുറുകെയുള്ള കാരയിലെ ചാത്തോത്ത് കനാല്‍പ്പാലം തകര്‍ന്നു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് നടപ്പാലത്തിന്റെ പകുതിഭാഗം തകര്‍ന്നു വീണത്. 52 വര്‍ഷത്തോളം പഴക്കമുള്ള കനാല്‍പ്പാലം തകര്‍ന്നതോടെ കാര, തെളുപ്പ് ഭാഗങ്ങളിലെ നാട്ടുകാര്‍ യാത്രാദുരിതത്തിലായി. കനാല്‍ കടക്കാന്‍ മുക്കാല്‍ കിലോമീറ്ററോളം ദൂരെയുള്ള അടുത്ത പാലം വഴി പോകേണ്ട സ്ഥിതിയാണ്.
12 മീറ്ററോളം നീളമുള്ള പാലമാണ് തകര്‍ന്നത്. കൈവരികളും മറ്റും തകര്‍ന്ന പാലം വര്‍ഷങ്ങളായി അപകടഭീഷണിയിലായിരുന്നു. കയനി യുപി. സ്‌കൂള്‍, തെളുപ്പ് അങ്കണവാടി തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പോകുന്ന വിദ്യാര്‍ഥികളും യാത്രാക്ലേശത്തിലായി. തെളുപ്പ് ഭാഗത്തേക്ക് ബസ് സര്‍വ്വീസ് ഇല്ലാത്തതിനാല്‍ കനാലിന്റെ മറുഭാഗത്ത് ബസ്സിറങ്ങി പാലം വഴിയാണ് ആളുകള്‍ വീടുകളിലെത്താറുള്ളത്. പാലം തകര്‍ന്നതോടെ തെളുപ്പ് ഭാഗം ഒറ്റപ്പെട്ട നിലയിലാണ്.

പഴശ്ശി കനാലിന്റെ സമീപത്തെ പല കനാല്‍പ്പാലങ്ങളും പഴകി അപകടഭീഷണിയിലാണ്. പ്രദേശവാസികള്‍ക്ക് വലിയ സുരക്ഷാഭീഷണിയാണ് ഇതുണ്ടാക്കുന്നത്. സമീപത്തുള്ള കനാല്‍പ്പാലം പുതുക്കിപ്പണിയാന്‍ ജലസേചനവകുപ്പ് എസ്റ്റിമേറ്റ് തയ്യാറാക്കി വരുന്നതിനിടെയാണ് ചാത്തോത്ത് കനാല്‍പ്പാലം തകര്‍ന്നത്. യാത്രാദുരിതം ഒഴിവാക്കാന്‍ ജലസേചനവകുപ്പ് ഉടന്‍ നടപടി സ്വീകരിക്കണമെന്നും തല്‍ക്കാലം യാത്രാമാര്‍ഗ്ഗമൊരുക്കാനുള്ള ശ്രമം നടത്തി വരികയാണെന്നും സ്ഥലം സന്ദര്‍ശിച്ച കീഴല്ലൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.അനില്‍ കുമാര്‍ പറഞ്ഞു. ഫണ്ട് ലഭ്യമാകുന്ന മുറയ്ക്ക് മാത്രമേ പ്രവൃത്തി നടത്താന്‍ സാധിക്കുകയുള്ളൂവെന്നും വകുപ്പിന് വിശദമായ റിപ്പോര്‍ട്ട് നല്‍കുമെന്നും സ്ഥലത്തെത്തിയ ജലസേചനവകുപ്പ് കനാല്‍വിഭാഗം അസി. എന്‍ജിനീയര്‍ സിയാദ് പറഞ്ഞു.












Click it and Unblock the Notifications