മുഖ്യമന്ത്രി ധർമ്മടത്ത്: മണ്ഡലത്തിലെ വികസന പ്രവൃത്തികൾ വിലയിരുത്തി, അഞ്ച് ദിവസം കണ്ണൂരിൽ തുടരും!!
കണ്ണുർ: സംസ്ഥാന രാഷ്ട്രീയത്തിൽ സ്വർണക്കടത്ത് കേസും ഡോളർ കടത്ത് വിവാദവും ചർച്ചകളും സജീവമായി നില നിൽക്കുമ്പോഴും പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ. തന്റെ മണ്ഡലമായ ധർമ്മടത്തെ വികസന പ്രവർത്തനങ്ങളും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളും വിലയിരുത്തിക്കൊണ്ട് കഴിഞ്ഞ രണ്ടു ദിവസമായി അദ്ദേഹം ധർമ്മടത്ത് തന്നെയുണ്ട്. മുഖ്യമന്ത്രിയോട് പല തവണ മാധ്യമ പ്രവർത്തകർ പ്രതികരണമാരാഞ്ഞുവെങ്കിലും ഒഴിഞ്ഞു മാറുകയായിരുന്നു. എന്നാൽ സിപിഎം വെർച്ച്വൽ റാലികളിൽ വോട്ടർമാരെ ആവേശഭരിതരാക്കിക്കൊണ്ടാണ് മുഖ്യമന്ത്രി കടന്നുപോകുന്നത്.
ധർമടം മണ്ഡലത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ വിലയിരുത്തിയ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ഉദ്യോഗസ്ഥർ അനുഗമിച്ചത് രാഷ്ട്രീയ വിവാദത്തിനിടയാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനം നടത്തിയെന്ന ആരോപണവുമായി ബിജെപി രംഗത്തുവന്നിട്ടുണ്ട്.
കഴിഞ്ഞ ദിവസം പ്രവൃത്തി നടക്കുന്ന മുഴപ്പിലങ്ങാട് ഇൻഡോർ സ്റ്റേഡിയം, കടമ്പൂരിലെ ലൈഫ് ഭവന സമുച്ചയം, പ്രവൃത്തി പൂർത്തിയായ മുഴപ്പിലങ്ങാട് ഗവ. എൽപി സ്കൂൾ കെട്ടിടം എന്നിവിടങ്ങളിൽ മുഖ്യമന്ത്രി സന്ദർശിച്ചു.

20 കോടി രൂപ ചെലവിൽ നിർമിക്കുന്ന സ്റ്റേഡിയത്തിന്റെ ആദ്യഘട്ട പ്രവർത്തനം പൂർത്തിയായിട്ടുണ്ട് 80 ലക്ഷം രൂപയുടെ രണ്ടാം ഘട്ട നിർമാണ പ്രവൃത്തിയാണ് പുരോഗമിക്കുന്നത്. മാപ്പിൾ വുഡ് ഉപയോഗിച്ചുള്ള ഷട്ടിൽ കോർട്, വോളിബോൾ കോർട്, ഗ്യാലറി, ടോയ്‌ലറ്റ്, ഡ്രസിങ് റൂം എന്നിവയടക്കം അത്യാധുനിക സൗകര്യമാണ് ഇവിടെ ഒരുക്കുന്നത്.
മുഴപ്പിലങ്ങാട് ഗവ.എൽപി സ്കൂളിൽ ഒരുകോടി രൂപയുടെ വികസനമാണ് നടപ്പാക്കിയത്. ഹൈടെക് ക്ലാസ് റൂമുകൾ, കളിസ്ഥലം, കംപ്യൂട്ടർ എന്നിവയും ഓരോ ക്ലാസുകളിലും പഠനത്തിനായി എൽഇഡി ടിവിയും സ്ഥാപിച്ചു. ഒന്നാം ക്ലാസ് എയർകണ്ടീഷനാക്കി. ജില്ലയിലെ ആദ്യത്തെ ലൈഫ് ഭവന സമുച്ചയം പനോന്നേരിയിൽ 41 സെന്റ് സ്ഥലത്താണ് പുരോഗമിക്കുന്നത്. പ്രീ - ഫാബ് സാങ്കേതികവിദ്യയിൽ നാലുനിലകളിലായാണ് ഭവനസമുച്ചയം നിർമിക്കുന്നത്. നിർമാണ പുരോഗതി മുഖ്യമന്ത്രി ചോദിച്ചറിഞ്ഞു.
മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലൻ, വി പ്രഭാകരൻ, കെ വി പത്മനാഭൻ, എം പി ഹാബീസ്, കെ ഗിരീശൻ എന്നിവരും ഒപ്പമുണ്ടായി. മുഴപ്പിലങ്ങാട്, കടമ്പൂർ പഞ്ചായത്തുകളിലെ തെരഞ്ഞെടുപ്പ് അവലോകന യോഗങ്ങളിൽ പങ്കെടുത്തു. പെരളശേരി എ കെ ജി സ്മാരക ഗവ. എച്ച്എസ്എസ്, മമ്പറം പാലം എന്നിവ മുഖ്യമന്ത്രി സന്ദർശിക്കും.












Click it and Unblock the Notifications