മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗിയുടെ പിന്‍ഗാമി: ടി സിദ്ദിഖ്
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗിയുടെ പിന്‍ഗാമിയാകുകയാണെന്ന് കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് ടി സിദ്ദിഖ്. ഡിസിസി ഓഫീസില്‍ നടന്ന ബ്ലോക്ക്-മണ്ഡലം പ്രസിഡന്റുമാരുടെ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന കൊലപാതകവും ഗുണ്ടാ അക്രമവും സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന ക്രൂരമായ അക്രമവും വര്‍ഗീയ വിദ്വേഷം പരത്തി അരാജകത്വം സൃഷ്ടിക്കുന്നവരെ സംരക്ഷിക്കുവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പിണറായി പോലീസ് മടിക്കുകയാണ്. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെക്കാള്‍ നാണിപ്പിക്കുന്ന നയമാണ് പിണറായി സ്വീകരിക്കുന്നതെന്നും സിദ്ദിഖ് പറഞ്ഞു.
ആലുവയില്‍ മോഫിയ പര്‍വിന്‍ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട സംഭവത്തില്‍ പ്രതികളെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ച പോലീസ് നടപടിക്കെതിരെ സമരം നടത്തിയ യൂത്ത് കോണ്‍ഗ്രസ്- കെ എസ് യു നേതാക്കന്‍മാരെ അവരുടെ മതം നോക്കി തീവ്രവാദ കേസില്‍ പ്രതിയാക്കിയ സി ഐയെ സംരക്ഷിച്ച നിലപാട് സ്വീകരിച്ച പിണറായി കേരളത്തിന് അപമാനമാണ്. ലഘുലേഖ കൈവശം വെച്ചതിന്റെ പേരില്‍ പിണറായിയുടെ പാര്‍ട്ടിക്കാരനായ രണ്ട് ചെറുപ്പക്കാരെ യുഎപിഎ ചുമത്തി ജയിലലടച്ചവര്‍ തലശേരിയില്‍ കെ ടി ജയകൃഷ്ണന്‍ മാസ്റ്ററുടെ ബലിദാന ദിനത്തില്‍ നടത്തിയ പ്രകടനത്തില്‍ യാതൊരു പ്രകോപനവുമില്ലാതെ ചില മതങ്ങള്‍ക്കെതിരെ വര്‍ഗീയ വിദ്വേഷം പടര്‍ത്തുന്ന രീതിയില്‍ മുദ്രാവാക്യം വിളിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കാത്തതും പിണറായി സര്‍ക്കാരിന്റെ കാപട്യം വെളിവാക്കുന്നതാണ്. കേരളത്തില്‍ നടക്കുന്ന മാഫിയകളുടെ വിളയാട്ടവും സ്ത്രീകളെ നിഷ്ഠൂരമായി റോഡില്‍ വെച്ച് തീ കൊളുത്തി കൊലപ്പെടുത്തുന്നതും ഗുണ്ടകള്‍ വിളയാടി കൈയും കാലും വെട്ടി റോഡിലേക്ക് വലിച്ചെറിയുന്ന ക്രൂരതയാണ് നടക്കുന്നത്. കൊടു ക്രമിനലുകള്‍ക്ക് പോലും വിളയാടാന്‍ തുറന്നുവിട്ട പോലീസിന്റെ നിലപാട് അഭ്യന്തരവകുപ്പിലെ വലതുപക്ഷ ഫാസിസ്റ്റായി പിണറായി വിജയനെ രേഖപ്പെടുത്തുമെന്നും സിദ്ദിഖ് പറഞ്ഞു.ഡിസംബർ - 28: കോൺഗ്രസ് ജന്മദിനം വിപുലമായ പരിപാടികളോടെ ആഘോഷിക്കാൻ തീരുമാനിച്ചു.പ്രഭാത ഭേരി, മധുരപലഹാര വിതരണം, ജില്ലയിലെ മുഴുവൻ മണ്ഡലങ്ങളിലും ബൂത്ത് തലങ്ങൾ കേന്ദ്രീകരിച്ച് മണ്ഡലം തല ഘോഷയാത്ര നടത്താൻ തീരുമാനിച്ചു. ഡിസംബർ -27 ന് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സി യു സി അംഗങ്ങളുടേയും നേതാക്കളുടെയും സംഗമവും റാലിയും നടത്തുന്നതാണ്. വൈകുന്നേരം 4 മണിക്ക് റാലി മഞ്ഞളാം പുറത്തു നിന്ന് ആരംഭിച്ചു കേളകം ബസ് സ്റ്റാൻഡിൽ സമാപിക്കും. പൊതുസമ്മേളനം കെപിസിസി പ്രസിഡൻറ് കെ സുധാകരൻ എംപി ഉദ്ഘാടനം ചെയ്യും. ഡിസംബർ 23ന് കെ കരുണാകരൻ ചരമ വാർഷിക ദിനത്തിൽ പുഷ്പാർച്ചനയും,
അനുസ്മരണ യോഗത്തോടുകൂടിയും ആചരിക്കുവാനും യോഗം തീരുമാനിച്ചു. യോഗത്തില്‍ ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്ജ് കെപിസിസി ജനറല്‍ സെക്രട്ടറി സോണി സെബാസ്റ്റ്യന്‍ മുഖ്യപ്രഭാഷണം നടത്തി. അഡ്വ. സജീവ് ജോസഫ് എം എല്‍എ, യുഡിഎഫ് ചെയര്‍മാന്‍ പി ടി മാത്യു, കെ സി മുഹമ്മദ് ഫൈസല്‍, അഡ്വ. റഷീദ് കവ്വായി,കെ പി സാജു, വി വി പുരുഷോത്തമന്‍, ബ്രിജേഷ് കുമാര്‍, അജിത്ത് മാട്ടൂല്‍ തുടങ്ങിയവര്‍ സംസാരിച്ചു.