അഴിമതി ആരോപണം ഉന്നയിച്ചു: ബിജെപി ബൂത്ത് പ്രസിഡന്റിന്റെ വീടിന് നേരെ ബോംബെറിഞ്ഞതായി പരാതി
ഇരിട്ടി: ഇരിട്ടിയിൽ അഴിമതി ആരോപണത്തെ തുടർന്നുണ്ടായ വിവാദങ്ങൾ ബോംബെറിലെത്തി. സംസ്ഥാനത്ത് തന്നെ ഏറ്റവും മികച്ച പ്രവർത്തനമികവിനുള്ള നിരവധി അംഗീകാരങ്ങൾ ലഭിച്ച പായം ഗ്രാമ പഞ്ചായത്തിനെതിരെയാണ് ആരോപണം ഉയർന്നത്. ഇതോടെ പരസ്പരം ആരോപണ പ്രത്യാരോപണങ്ങൾ നിലനിൽക്കവെ രേഖകൾ സഹിതം വാർത്താ സമ്മേളനം നടത്തിയ ബിജെപി പ്രവർത്തകന്റെ വീടിനു നേരെ ബോംബേറ് നടന്നത് സ്ഥിതി സംഘർഷകാത്മകമാക്കിയിട്ടുണ്ട്.
ഇരിട്ടി റൂറൽ സർവീസ് സഹകരണ ബാങ്ക് ഏജന്റ് മരണമടഞ്ഞ വയോധികയുടെ വ്യാജ ഒപ്പിട്ടു തട്ടിയെടുത്ത സംഭവം വാർത്താ സമ്മേളനത്തിലൂടെ പുറത്തുവിട്ട ബിജെപി പ്രവർത്തകന്റെ വീടിന് നേരെയാണ് ബോംബെറിഞ്ഞതായാണാത് പരാതി. ഇരിട്ടി പായം പഞ്ചായത്തിലെ അള പ്രയിൽ ബിജെപി ബൂത്ത് പ്രസിഡന്റ് സരീഷിന്റെ വീടിന് നേരെയാണ് തിങ്കളാഴ്ച്ച രാത്രി പതിനൊന്നരയോടെ ഒരു സംഘമാളുകൾ ബോംബെറിഞ്ഞത്.

എന്നാൽ വീടിന് മുൻപിൽ വെച്ച് ബോംബ് പൊട്ടിയതിനാൽ വീടിന് നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്ന് സരീഷ് പറഞ്ഞു.സംഭവമറിഞ്ഞ് ഇരിട്ടി പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. ബോംബ് പൊട്ടുന്ന ശബ്ദം കേട്ട് വീട്ടുകാർ പുറത്തിറങ്ങുമ്പോഴെക്കും അക്രമികൾ രക്ഷപ്പെട്ടതായി സരീഷ് പറഞ്ഞു. സംഭവസ്ഥലത്ത് ബോംബ് സ്ക്വാഡ് പരിശോധന നടത്തി. ഈ മേഖലയിൽ ബോംബു ഒളിപ്പിച്ചു വെച്ചിട്ടുണ്ടെന്ന പരാതിയുയർന്നതിനെ തുടർന്ന് വ്യാപകമായ തെരച്ചിൽ നടത്തുമെന്ന് പൊലീസ് അറിയിച്ചു.
സരീഷിന്റെ അടുത്ത ബന്ധുവാണ് പെൻഷൻ തട്ടിപ്പിനിരയായ പരേതയായ അള പ്രയിലെ കൗസു. ഇവരുടെ ക്ഷേമ പെൻഷൻ കളക്ഷൻ ഏജന്റും ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റിയംഗവും മന്ത്രി കെ കെ ശൈലജയുടെ അമ്മയുടെ അനുജത്തിയുടെ മകളുമായ സ്വപ്ന അശോകൻ തട്ടിയെടുത്തുവെന്ന ആരോപണം ഉന്നയിച്ചതിനെ തുടർന്നാണ് തന്റെ വീടിനു നേരെ ബോംബേറുണ്ടായതെന്നാണ് സരീഷ് പറയുന്നത്. സംഭവത്തിൽ ബിജെപി നേതാക്കളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ബിജെപി ജില്ലാ പ്രസിഡന്റ് എൻ ഹരിദാസ് ഉൾപ്പെടെയുള്ള നേതാക്കൾ സ്ഥലം സന്ദർശിച്ചു.
Recommended Video
കഴിഞ്ഞ ദിവസം സാമുഹ്യ പെന്ഷന് വിതരണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് പായം പഞ്ചായത്തിനെതിരേയും പാർട്ടിയുടെ നിയന്ത്രണത്തിലുള്ള ഇരിട്ടി റൂറൽ സഹ ബാങ്കിനെതിരേയും കോണ്‍ഗ്രസും ബിജെപിയും നടത്തുന്നത് വ്യാജ പ്രചാരണമാണെന്ന് ആരോപിച്ച്സിപിഎം ഇരിട്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇരിട്ടിയില്‍ പ്രതിഷേധസദസ് സംഘടിപ്പിച്ചിരുന്നു. സിപിഎം ജില്ലാസെക്രട്ടറി എം വി. ജയരാജന് ഉദ്ഘാടനം ചെയ്തു.
സംസ്ഥാനത്തുതന്നെ മാതൃകാപരമായ പ്രവര്‍ത്തനം നടത്തുന്ന പഞ്ചായത്തിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ഗൂഢശ്രമത്തെ രാഷ്ട്രീയപരമായി നേരിടുമെന്ന് ജയരാജൻ പറഞ്ഞു. വരും ദിനങ്ങളിലും തങ്ങളുടെ നിലപാട് വ്യക്തമാകുന്നതിനായി സിപിഎം പായം പഞ്ചായത്തിന്റെ വിവിധ മേഖലയിൽ പ്രതിഷേധ സദസ് സംഘടിപ്പിക്കുന്നുണ്ട്. ആരോപണ വിധേയയായ വനിതാ നേതാവിനെ സിപിഎം നിയന്ത്രണത്തിലുള്ള ഇരിട്ടി റൂറൽ ബാങ്കിൽ നിന്നും കലക്ഷൻ ഏജന്റ് ജോലിയിൽ നിന്നും പുറത്താക്കായിരുന്നു. ഇവർക്കെതിരെ വഞ്ചനാകുറ്റത്തിന് ഇരിട്ടി പോലീസ് കേസെടുത്തിട്ടുമുണ്ട്.












Click it and Unblock the Notifications