കൊവിഡ് പ്രതിസന്ധി വരിഞ്ഞുമുറുക്കുന്നു: നഷ്ടക്കയത്തിൽ ചെമ്മീൻ കർഷകർ
തലശേരി: കാലവർഷക്കെടുതിയും കൊവിഡും പ്രതിസന്ധിയിലാക്കിയ ചെമ്മീൻ കർഷകർക്ക് സർക്കാർ സഹായം ലഭിക്കാത്തത് ഇരുട്ടടിയാകുന്നു. തലശേരി - മേലുർ ഭാഗങ്ങളിൽ ചെമ്മീൻ കൃഷി ഉപജീവനമാക്കിയവർ. കഴിഞ്ഞ രണ്ടുവർഷമായി അനുഭവിക്കുന്നത് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ്. സബ്സിഡിയോ, വിത്ത് അടക്കമുള്ള സർക്കാർ സഹായങ്ങളൊന്നും ഇവർക്ക് ലഭ്യമാകുന്നില്ല. വൈദ്യുതി ലഭ്യമല്ലാത്തതിനാൽ ജനറേറ്റർ പ്രവർത്തിപ്പിച്ചാണ് ചെമ്മീൻ കെട്ടിലേക്കുള്ള ഓക്സിജൻ എത്തിക്കുന്നത്. ഇതിനാണെങ്കിൽ മുടക്കേണ്ടത് ഭാരിച്ച ചെലവാണ്.
രണ്ട് ഏക്കർ കൃഷിയിടത്തിലേക്ക് ശരാശരി രണ്ടര മുതൽ മൂന്ന് ലക്ഷം രൂപ വരെയുള്ള ഡീസൽ വേണ്ടി വരും. ആറുജനറേറ്ററെങ്കിലും പ്രവർത്തിച്ചാലെ ഒരു ഹെക്ടർ പാടത്തേക്കുള്ള ഓക്സിജൻ കടത്തിവിടാൻ കഴിയൂ. ചെമ്മീൻ പാട പരിസരങ്ങളിലേക്ക് ലൈൻ വലിച്ച് വൈദ്യുതി എത്തിക്കുക എന്നത് മാത്രമാണ് ഏക പോംവഴി. ട്രാൻസ്ഫോർമർ സ്ഥാപിച്ച് ത്രീ ഫെയ്സ് ലൈൻ വലിക്കാൻ കർഷകർ പണം മുടക്കാൻ തയ്യാറാണെങ്കിലും വൈദ്യുതി ബോർഡും സർക്കാരും അനുകൂലമായ നിലപാടല്ല സ്വീകരിക്കുന്നത്. ഇല്ലാത്ത കാരണങ്ങളും നൂലാമാലകളും പറഞ്ഞ് വൈദ്യുതി വകുപ്പ് ഒഴിഞ്ഞ് മാറുകയാണ് ചെയ്യുന്നതെന്നാണ് കർഷകരുടെ പരാതി.

വൈദ്യുതി ലഭ്യമായൽ ഇപ്പോൾ മൂന്ന് ലക്ഷം രൂപ ചെലവു വരുന്നേടത്ത് ഒരു ലക്ഷത്തിൽ താഴെ മാത്രമെ മാത്രമെ ചെവാകൂ. 2 എച്ച്.പിയുടെ 8 മോട്ടർ പ്രവർത്തിപ്പിച്ചാൽ ഒരു ഹെക്ടറിന് ആവശ്യമായ ഓക്സിജൻ ലഭ്യമാകുമെന്നാണ് കർഷകർ പറയുന്നത്. നഷ്ടം സഹിച്ച് കൃഷി ഇറക്കുന്നതിനിടെയാണ് പ്രളയവും കൊവിഡും കർഷകർക്ക് കൂനിന്മേൽ കുരുവായത്. അതിനിടെ വൈറ്റ് ഫീക്കൽറ്റ് (വെള്ള നിറത്തിലുള്ള വിസർജ്യം) രോഗം വന്നുപെട്ടതും കർഷകർക്ക് ഇരുട്ടടിയായി. ഈ രോഗം വന്നുകഴിഞ്ഞാൽ ചെമ്മീനുകൾ ഒന്നാകെ ഭക്ഷണം കഴിക്കാതെ ചത്തുപോവുകയാണ് ചെയ്യുന്നത്.
കൂടാതെ കർഷകരെ കണ്ണീരിലാഴ്തി ചെമ്മീൻ പാടങ്ങളിലേക്ക് കല്ലുമ്മക്കായ കയറുന്നതും നഷ്ടം ഇരട്ടിയിലധികമാകാൻ കാരണമായി. കല്ലുമ്മക്കായയുടെ സാന്നിദ്ധ്യം ചെമ്മീൻ കെട്ടിലെ ക്ഷാരാംശം കുറയാൻ ഇടയാക്കും. ചുരുങ്ങിയത് 80 മുതൽ 120 പി.പി.എംവരെ ക്ഷാരാംശമുള്ള പാടത്തുമാത്രമെ ചെമ്മീൻ കുഞ്ഞുങ്ങൾ വളരൂ. 38 പി.പി.എമ്മിന് മുകളിൽ ഉപ്പിന്റെ അംശം കൂടിയാലും കൃഷിയെ സാരമായി ബാധിക്കും. ചെമ്മീൻ കെട്ടിലേക്ക് കല്ലുമ്മക്കായ കയറാനുള്ള സാഹചര്യം പുഴവെള്ളം പാടത്തിലേക്ക് അടിച്ചുകയറ്റുമ്പോഴാണ്.
കല്ലുമ്മക്കായയുടെ എണ്ണം പെരുകുന്നതോടെ, പാടത്തിലേക്ക് കയറ്റിവിടുന്ന ഓക്സിജൻ പകുതിയിലേറെയും കല്ലുമ്മക്കായ വലിച്ചെടുക്കും. ഇതാകട്ടെ ജനറേറ്ററിന്റെ പ്രവർത്തന സമയം കൂട്ടുകയും സാമ്പത്തിക ബാദ്ധ്യത കൂടുകയും ചെയ്യുന്നു. കൂടാതെ ചെമ്മീൻ കുഞ്ഞുങ്ങളിൽ പ്രത്യക്ഷപ്പെടുന്ന എച്ച്.പി.വി, ഐ.എച്ച്.എച്ച്.എൻ.വി വൈറസുകളും സൃഷ്ടിക്കുന്ന ഭീഷണി ചില്ലറയല്ല. ഇവ കടന്നുകൂടിയാൽ ചെമ്മീ കുഞ്ഞുങ്ങളുടെ വളർച്ച മുരടിച്ചുപോകും. കുഞ്ഞുങ്ങളെ വാങ്ങുമ്പോൾതന്നെ വൈറസ് സാന്നിദ്ധ്യം കണ്ടെത്താനുള്ള പരിശോധന നടത്താനുള്ള സംവിധാനങ്ങളുടെ കുറവും കർഷകർക്ക് തിരിച്ചടിയായി മാറിയിട്ടുണ്ട്. തലശേരിയിൽ നിന്നും ഉൽപ്പാദിപ്പിച്ച് ദൂരദേശങ്ങളിൽ വരെ ചെമ്മിൻ കുഞ്ഞുങ്ങളെ വിൽക്കാറുണ്ടായിരുന്നുവെങ്കിലും കൊ വിഡ് പ്രതിസന്ധിയോടെ അതും നിലച്ചതായി കർഷകർ പറയുന്നും
35 പൈസ മുതൽ 40 പൈസ വരെയാണ് നിലവിൽ ചെമ്മീൻ കുഞ്ഞുങ്ങളുടെ വില. കാലാവസ്ഥ വ്യതിയാനവും കർഷകർ അനുഭവിക്കുന്ന മറ്റൊരു പ്രതിസന്ധിയാണ്. 20 ഡിഗ്രി സെൽഷിയസിൽ താഴെ താണുപ്പ് മാറുമ്പോൾ ഉണ്ടാകുന്ന വൈറസ് രോഗം വേറെയും വരാറുണ്ട്. വളർച്ച എത്തിയ ചെമ്മീന് മാർക്കറ്റിൽ ആവശ്യക്കാർ ഏറെയുണ്ട്. നലവിൽ പ്രാദേശിക വിപണിയിൽ 480 രൂപയാണ് ലഭിക്കുന്നത്. കയറ്റി അക്കുന്നതിന് 345 രൂപയും ശരാശരി ലഭിക്കുന്നുണ്ട്. പ്രാദേശിക മാർക്കറ്റിൽ കുറച്ച് മാത്രം വിൽപ്പന നടക്കുമ്പോൾ, കയറ്റി അയക്കുന്നവയുടെ അളവ് കൂടുന്നതിനാൽ 345 രൂപയ്ക്ക് കൊടുത്താലും നഷ്ടം വരില്ലെന്നാണ് കർഷകർ പറയുന്നത്.
സർക്കാർ മുൻകൈ എടുത്ത് വൈദ്യുതി ലഭ്യമാക്കാത്തേടത്തോളം കാലം ചെമ്മീൻ കൃഷിയുമായി മുന്നോട്ടുപോകാൻ കഴിയില്ലെന്ന് മേലുരിലെ ചെമ്മിൻ കർഷകനായ കെ മുരളി പറയുന്നു. നിലവിൽ രണ്ട് എക്കറുള്ള പാടത്തിന് ആറ് ജനറേറ്റർ ഉപയോഗിച്ചാണ് പാടത്തേക്ക് ഓക്സിജൻ കടത്തിവിടുന്നത്. താങ്ങാൻ കഴിയാത്ത തുകയാണ് ഡീസലിനുവേണ്ടി ചെലവാകുന്നത്. ഒരു പോണ്ടിനു മാത്രം മൂന്ന് ലക്ഷത്തോളം രൂപയാണ് പ്രതിമാസം ചെലവാകുന്നത്. ലക്ഷങ്ങൾ നഷ്ടം സഹിച്ചാണ് ഇപ്പോൾ കൃഷി മുന്നോട്ടുകൊണ്ടുപോകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ ചെമ്മീൻ കെട്ടിലെ വൈറസ് രോഗം കർഷകർ ശ്രദ്ധിക്കണമെന്ന് ഫിഷറീസ് ഡയറക്ടർ സി കെ ഷൈനി പറഞ്ഞു.
പരിശോധനകൾ നടത്തിയാണ് കർഷകർ വിത്തെടുക്കേണ്ടത് പലരീതിയിലും രോഗം വരാനുള്ള സാദ്ധ്യതകളുണ്ട്. വൈറസുള്ള ഫാമിലെ വെള്ളം പുഴയിലേക്ക് തുറന്നുവിടുകയാണെങ്കിൽ, ഈ വെള്ളം കയറ്റുന്ന പാടത്തിലേക്ക് വൈറസ് കടന്നുവരാനുള്ള സാദ്ധ്യത കൂടുതലാണ്. പരിശോധന നടത്തി വൈറസ് ഇല്ലെന്ന് സ്ഥിരീകരിച്ചാലും പിന്നീട് വൈറസ വരാനുള്ള കാരണങ്ങൾ ധാരാളമായുണ്ട്. കൃഷി ആവശ്യത്തിന് സബ്സിഡിയോടെ വൈദ്യുതി നൽകാനുള്ള സഹായം വകുപ്പ് നൽകുന്നുണ്ട്. കർഷകർ വൈദ്യുതി ബോർഡുമായി ബന്ധപ്പട്ടാൽ ഫിഷറീസ് ഡിപ്പാർട്ട്മെന്റ് ആവശ്യമായ ശുപാർശ നൽകുമെന്നും ഷൈനി പറഞ്ഞു.












Click it and Unblock the Notifications