റെഡ് സോണായ 12 തദ്ദേശ സ്ഥാപനങ്ങളിൽ നിയന്ത്രണം കടുപ്പിച്ച് ജില്ലാ ഭരണകൂടം
കണ്ണൂര്‍: ജില്ലയില്‍ രണ്ടുപേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചതോടെ നിലപാട് കടുപ്പിച്ച് ജില്ലാ ഭരണകൂടം. ന്യൂമാഹി പെരിമുണ്ടേരി സ്വദേശിയായ 74 കാരനും മാടായി സ്വദേശിയായ 36കാരിക്കുമാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇരുവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായതെന്ന് കണ്ടെത്തിയിരുന്നു. പെരിമുണ്ടേരി സ്വദേശി കഴിഞ്ഞ 11ന് തലശേരി ജനറല്‍ ആശുപത്രിയിലും മാടായി സ്വദേശി കഴിഞ്ഞ പത്തിന് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലുമാണ് സ്രവപരിശോധനയ്ക്കു വിധേയരായത്.
ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 75 ആയി. ഇതുവരെ 38 പേരാണ് ജില്ലയില്‍ രോഗം ഭേദമായി ആശുപത്രി വിട്ടത്. ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരുന്ന ഒരാൾ കഴിഞ്ഞ ദിവസം രോഗം ഭേദമായി ആശുപത്രി വിട്ടിരുന്നു. നിലവില്‍ 59 പേര് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലും എട്ടുപേര്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും ഏഴുപേര്‍ തലശേരി ജനറല്‍ ആശുപത്രിയിലും 36 പേര് അഞ്ചരക്കണ്ടി ജില്ലാ കോവിഡ് ചികിത്സാ കേന്ദ്രത്തിലുമായി 7687 നിരീക്ഷണത്തിലുണ്ട്. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ ഉൾപ്പെടെ 7797 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുണ്ട്. ഇതുവരെ ജില്ലയില്‍നിന്ന് 1314 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ 1063 എണ്ണത്തിന്റെ ഫലം ലഭ്യമായി. 251 പരിശോധനാ ഫലങ്ങൾ കൂടി ലഭിക്കാനുണ്ട്.

12 തദ്ദേശ സ്ഥാപനങ്ങളിൽ നിയന്ത്രണം
കോവിഡ് സമൂഹവ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലയിലെ 12 തദ്ദേശസ്ഥാപനങ്ങളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ജില്ലാ ഭരണകൂടം രംഗത്തെത്തി. വൈറസിന്റെ വ്യാപനസാധ്യത പരിഗണിച്ച് നാല് തദ്ദേശ സ്ഥാപനങ്ങളെ റെഡ് സോണിലും എട്ട് തദ്ദേശസ്ഥാപനങ്ങളെ ഓറഞ്ച് സോണിലും ഉള്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവായി. ജില്ലയുടെ ചില ഭാഗങ്ങളില്‍ സമ്പര്‍ക്കം മൂലമുള്ള കോവിഡ് ബാധ കൂടിവരുന്ന സാഹചര്യത്തിലാണ് നടപടികള്‍ ശക്തമാക്കിയത്. വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം, വീടുകളില്‍ ക്വാറന്റൈനില്‍ കഴിയുന്നവരുടെ എണ്ണം എന്നിവ അടിസ്ഥാനമാക്കിയാണ് തദ്ദേശസ്ഥാപനങ്ങളെ മൂന്നു സോണുകളായി തരംതിരിച്ചിരിക്കുന്നതെന്ന് ജില്ലാ കളക്ടര്‍ ടി വി സുഭാഷ് വ്യക്തമാക്കി.

കൂത്തുപറമ്പും കതിരൂരും പാട്യവും...
കൂത്തുപറമ്പ് നഗരസഭ, പാട്യം, കതിരൂര്‍, കോട്ടയം മലബാര്‍ പഞ്ചായത്തുകള്‍ എന്നിവിടങ്ങളാണ് റെഡ് സോണായി പ്രഖ്യാപിച്ചിരിക്കുന്നത്. തലശേരി, പാനൂര്‍ നഗരസഭകള്‍, ന്യൂമാഹി, മൊകേരി, പന്ന്യന്നൂര്‍, ചിറ്റാരിപ്പറമ്പ്, ചൊക്ലി, നടുവില്‍ പഞ്ചായത്തുകള്‍ എന്നിവയാണ് ഓറഞ്ച് സോണില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ജില്ലയിലെ മറ്റു തദ്ദേശസ്ഥാപനങ്ങള്‍ യെല്ലോ സോണിലാണ്. അഞ്ചോ അതിലധികമോ കോവിഡ് പോസിറ്റീവ് കേസുകളും രണ്ടായിരത്തില്‍ കൂടുതല്‍ ഹോം ക്വാറന്റൈന് കേസുകളുമുള്ള പ്രദേശങ്ങളെയാണ് റെഡ് സോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രണ്ടുമുതല്‍ അഞ്ചുവരെ പോസിറ്റീവ് കേസുകളും 500 മുതല്‍ 2000 വരെ ഹോം ക്വാറന്റൈന് കേസുകളുമുള്ള പ്രദേശങ്ങളാണ് ഓറഞ്ച് സോണില്‍ ഉൾപ്പെടുന്നത്. റെഡ് സോണ്‍ പ്രഖ്യാപിക്കപ്പെട്ട ഇടങ്ങളില്‍ മെഡിക്കല്‍ ഷോപ്പുകള്‍ ഒഴികെയുള്ള ഒരു വ്യാപാരസ്ഥാപനവും തുറന്നുപ്രവര്‍ത്തിക്കില്ല. അവശ്യസാധനങ്ങളെല്ലാം തദ്ദേശസ്ഥാപനതല കോള്‍ സെന്റര്‍ വഴി വീടുകളിലെത്തിക്കും.

കോൾ സെന്റർവഴി സാധനങ്ങളെത്തിക്കും
തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് കോൾസെന്റർ വഴി ആവശ്യക്കാർക്ക് അവശ്യ സാധനങ്ങൾ എത്തിക്കുക. ഇവിടങ്ങളില്‍ റേഷന്‍കടകള്‍, മറ്റ് സിവില്‍ സപ്ലൈസ് ഷോപ്പുകള്‍, ബാങ്കുകള്‍, മത്സ്യ-മാംസ മാര്‍ക്കറ്റുകള്‍ ഉള്‍പ്പെടെ അടച്ചിടും. റെഡ് സോണ്‍ പ്രദേശങ്ങളില്‍ ആളുകളുടെ സഞ്ചാരം കര്‍ശനമായി നിയന്ത്രിക്കും. ആളുകള്‍ വീടുകള്‍ക്കു പുറത്തിറങ്ങുന്നതും ഒരുമിച്ചുകൂടുന്നതും കര്‍ശനമായി തടയും. ഈ പ്രദേശങ്ങളിലേക്ക് പുറമേനിന്നുള്ളവർ പ്രവേശിക്കുന്നതിനും വിലക്കുണ്ട്. ഇവിടങ്ങളിലെ മുതിര്‍ന്ന പൗരന്മാര്, ഗര്‍ഭിണികള്‍ തുടങ്ങി പ്രത്യേക ശ്രദ്ധ ആവശ്യമുള്ളവരുടെ ആരോഗ്യനില ആശാവര്‍ക്കര്‍മാര്‍ ദിവസവും വിലയിരുത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കും.
Recommended Video

ഓറഞ്ച് സോണിലെ നിയന്ത്രണങ്ങൾ
ഓറഞ്ച് സോണിൽപ്പെടുന്ന പ്രദേശങ്ങളിൽ മെഡിക്കല്‍ ഷോപ്പുകള്‍, റേഷന്‍ കടകള്‍, ബാങ്കുകള്‍ എന്നിവ തുറന്നുപ്രവര്‍ത്തിക്കും. അതേസമയം, അവശ്യസാധനങ്ങള്‍ ലഭ്യമാക്കുന്നതിന് ഏതൊക്കെ പ്രദേശങ്ങളില്‍, എത്ര കടകള്‍, എത്രസമയം തുറന്നുപ്രവര്ത്തിക്കണമെന്നതിനെക്കുറിച്ച് തദ്ദേശസ്ഥാപനതലത്തിലുള്ള സേഫ്റ്റി കമ്മിറ്റി ചര്‍ച്ചചെയ്തു തീരുമാനിക്കും. കൂടുതല്‍ പോസിറ്റീവ് കേസുകളുള്ളതും കൂടുതല്‍ പേര് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നതുമായ വാര്‍ഡുകളില്‍ നിയന്ത്രണം കര്‍ക്കശമാക്കുകയും മറ്റിടങ്ങളില്‍ നിയന്ത്രണത്തിന് വിധേയമായി കടകള്‍ തുറക്കുകയും ചെയ്യുന്നരീതിയാണ് ഇവിടങ്ങളില്‍ സ്വീകരിക്കുക.












Click it and Unblock the Notifications