ശിവകുമാര്‍ മലയാളികളെ അപമാനിച്ചു; പിണറായിയും കോണ്‍ഗ്രസും പ്രതികരിക്കണമെന്ന് കൃഷ്ണദാസ്
കണ്ണൂര്‍: കോണ്‍ഗ്രസ് ദേശീയ നേതാവും കര്‍ണാടക ഉപമുഖ്യമന്ത്രിയുമായ ഡികെ. ശിവകുമാര്‍ നടത്തിയ കേരളവിരുദ്ധ പ്രസ്താവന നിരുപാധികം പിന്‍വലിച്ച് നിര്‍വ്യാജം മലയാളികളോട് മാപ്പ് ചോദിക്കണമെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പികെ കൃഷ്ണദാസ്. കര്‍ണാടക സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കണ്ണൂര്‍ ജില്ലയിലെ ഒരു ക്ഷേത്രത്തിന് സമീപത്ത് ശത്രുഭൈരവയാഗം നടത്തിയെന്നും 21 പോത്ത്, 21 ചെമ്മരിയാട് അഞ്ച് പന്നികളെയും ബലിനല്‍കിയെന്നുമാണ് ശിവകുമാര്‍ പരസ്യമായി പറഞ്ഞത്.
ഇത് അടിസ്ഥാനരഹിതമാണെന്ന് മാത്രമല്ല കേരളീയ ജനതയെ അവഹേളിക്കാന്‍ ബോധപൂര്‍വ്വം നടത്തിയതുമാണ്. കേരളീയ ജനതയ്ക്ക് കേട്ടുകേള്‍വിയില്ലാത്ത സംഭവമാണ് ശിവകുമാര്‍ പറഞ്ഞത്. ഡികെ ശിവകുമാര്‍ നടത്തിയ പ്രസ്താവന കേരളവിരുദ്ധം മാത്രമല്ല ദേശവിരുദ്ധം കൂടിയാണ്. മലയാളികളെ പരസ്യമായി അപമാനിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് ചെയ്തത്.

അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും ആഭിചാരക്രിയകളുടെയം നാടാണ് കേരളമെന്നും മലയാളികള്‍ പ്രാകൃതരാണെന്നുമുള്ള രീതിയിലുള്ള പ്രസ്താവനയാണ് അദ്ദേഹം നടത്തിയത്. രാജരാജേശ്വര ക്ഷേത്രത്തെ അവഹേളിക്കല്‍ കൂടിയാണ് ഇത്തരത്തിലുള്ള പരാമര്‍ശം നടത്തിയത്. രാജരാജേശ്വക്ഷേത്രം ആഭിചാര ക്രിയകളുടെ കേന്ദ്രമാണെന്നാണ് അദ്ദേഹം പറഞ്ഞത്.
ഏത് ഭാഗത്തു നിന്നാണ് അദ്ദേഹത്തിന് ഇത്തരത്തിലുള്ള വിവരങ്ങള്‍ കിട്ടിയത്. കേരളീയ സമൂഹത്തെ അവഹേളിക്കാന്‍ കോണ്‍ഗ്രസ് നേതാവ് ഇത്തരത്തിലുള്ള പരസ്യപ്രസ്താവന നടത്തിയിട്ടും മുഖ്യമന്ത്രി പിണറായി വിജയനും കെപിസിസി പ്രസിഡന്റ് കെ. സുധാകരനും എന്തുകൊണ്ടാണ് മൗനം പാലിക്കുന്നത്. കോണ്‍ഗ്രസിന്റെ ദേശീയ നോതൃത്വവും നിലപാട് വ്യക്തമാക്കണമെന്നും കൃഷ്ണദാസ് ആവശ്യപ്പെട്ടു.
കര്‍ണ്ണാടക സര്‍ക്കാരിനെ അട്ടിമറിക്കനാണ് യാഗം നടത്തിയതെന്നാണ് ശിവകുമാര്‍ പറഞ്ഞത്. എന്നാല്‍ മാധ്യമപ്രവര്‍ത്തകര്‍ ആവര്‍ത്തിച്ച് ചോദിച്ചിട്ടും സംഭവത്തിന് പിന്നില്‍ ആരാണെന്ന് ശിവകുമാര്‍ വ്യക്തമാക്കിയില്ല. ഇത് സംശയാസ്പദമാണ്. കര്‍ണാടകത്തിലെ കോണ്‍ഗ്രസിനകത്ത് അതിശക്തമായ വിഭാഗീയത നിലനില്‍ക്കുകയാണ്. സിദ്ധാരാമയ്യയെ മുഖ്യമന്ത്രി സ്ഥാനത്ത് നീന്ന് നീക്കാനുള്ള ശ്രമവും കോണ്‍ഗ്രസിലെ ഒരു വിഭാഗം നടത്തുന്നു.
അതില്‍ ഏതെങ്കിലും ഒരു വിഭാഗമാണ് ഇതിന് പിന്നിലെന്നായിരിക്കും ശിവകുമാര്‍ മനസ്സിലാക്കിയിട്ടുണ്ടാവുക. അങ്ങനെയെങ്കില്‍ തങ്ങളുടെ കൂടെയുള്ള ആരാണ് പിന്നിലെന്ന് പരസ്യമായി അദ്ദേഹം പ്രഖ്യാപിക്കണം. അതല്ലാതെ എല്ലാവരെയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുകയല്ല വേണ്ടത്. കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ കണ്ണൂര്‍ ജില്ലക്കാരനാണ്. അദ്ദേഹമറിയാതെ ഇത്തരത്തില്‍ ഒരു ആഭിചാരക്രിയ നടക്കാന്‍ സാധ്യതയില്ല.
അദ്ദേഹത്തിന്റെ പിന്തുണയോടെയാണോ അല്ലയോ എന്ന് കെ. സുധാകരന്‍ വ്യക്തമാക്കേണ്ടതുണ്ടെന്നും കൃഷ്ണദാസ് പറഞ്ഞു. ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ്, ജില്ലാ ജനറല്‍ സെക്രട്ടറി ബിജു ഏളക്കുഴി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications