തലശേരി - മാഹി ബൈപ്പാസില്‍ ടോള്‍ നിരക്കായി, ഫാസ്റ്റ് ടാഗ് സംവിധാനമേര്‍പ്പെടുത്തും
തലശേരി: തലശേരി-മാഹി ബൈപ്പാസിലൂടെ യാത്ര ചെയ്യുന്ന വാഹനങ്ങള്‍ക്കുളള ടോള്‍നിരക്കുകള്‍ നിശ്ചയിച്ചതായി ദേശീയ പാത അതോറിറ്റി അധികൃതര്‍ അറിയിച്ചു.
ബൈപ്പാസ് കടക്കാന്‍ കാർ,ജീപ്പ്, വാന്‍ തുടങ്ങിയ ചെറുവാഹനങ്ങള്‍ക്ക് 65-രൂപയാണ് നിരക്ക്. ഇരുവശത്തേക്കും ഒരേ സമയം യാത്ര ചെയ്യുകയാണെങ്കില്‍ നൂറുരൂപ മതിയാകും. 50-യാത്രകള്‍ക്ക് 2195-രൂപയെന്ന നിരക്കില്‍ പ്രതിമാസ നിരക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കണ്ണൂര്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത ടാക്‌സി വാഹനങ്ങള്‍ക്ക് 35-രൂപയാണ് ഒരു യാത്രയ്ക്കുളള നിരക്ക്. മിനി ബസുകള്‍ക്കും ചെറുവാണിജ്യ വാഹനങ്ങള്‍ക്കും ഒരു വശത്തേക്കുളള യാത്രയ്ക്ക് 105-രൂപയും ഒരേ ദിവസം ഇരുവശത്തേക്കുമുളള യാത്രയ്ക്ക് നൂറ്റി അഞ്ച് രൂപയും നല്‍കണം. രണ്ട് ആക്‌സില്‍ ബസുകള്‍ക്കും ലോറികള്‍ക്കും ഒരുവശത്തേക്ക് 225-രൂപയും ഒരേ ദിവസം ഇരുവശത്തും യാത്ര ചെയ്യാന്‍ 335-രൂപയും നല്‍കണം. 8105- രൂപയ്ക്കുളള പ്രതിമാസ പാസും ലഭ്യമാണ്. മൂന്ന് ആക്‌സില്‍ വാഹനങ്ങള്‍ക്ക് 245 രൂപയും ഇരുവശത്തേക്കും 355 രൂപയും നാലു മുതല്‍ ആറുവരെ ആക്‌സിലുളള വാഹനങ്ങള്‍ക്ക് ഒരുവശത്തേക്ക് 425-രൂപയും ഇരുവശത്തേക്കും 640 രൂപയുമാണ് നിരക്ക്. ടോള്‍ പ്‌ളാസയുടെ ഇരുപതു കിലോമീറ്റര്‍ പരിധിയിലെ താമസക്കാരുടെ സ്വകാര്യ വാഹനങ്ങള്‍ക്ക് 330-രൂപ നിരക്കില്‍ പ്രതിമാസ പാസ് നല്‍കും.

ഉത്തരേന്ത്യയില്‍ നിന്നുളള സ്ഥാപനത്തിനാണ് ടോള്‍ പിരിക്കാനുളള കരാര്‍ ലഭിച്ചിരിക്കുന്നത്. ഫാസ്റ്റ് ടാഗ് സംവിധാനം വഴിയാണ് ടോള്‍ അടയ്‌ക്കേണ്ടത്. ദേശീയ പാതയില്‍ അറുപതു കിലോമീറ്റര്‍ ഒരിടത്തു മാത്രമേ ടോള്‍പിരിക്കാവൂവെന്നാണ് കേന്ദ്രനയം. ദേശീയ പാത ആറുപത്തിയാറിന്റെ നവീകരണം പൂര്‍ത്തിയാകുന്നതോടെ കല്യാശേരിയില്‍ ടോള്‍ പ്‌ളാസ തുറക്കും. ഇതോടെ തലശേരി-മാഹി ബൈപ്പാസിലെ കൊളശേരിയിലുളള ടോള്‍ പ്‌ളാസ ഒഴിവാകും. വടകരയ്ക്കു സമീപമുളള മുക്കാളിയിലും ദേശീയ പാതയിലെ ടോള്‍ പ്‌ളാസ് സ്ഥാപിക്കുന്നുണ്ട്.
ഈമാസം 27-ന് തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രി ഓണ്‍ ലൈനിലൂടെയാണ് മുഴപ്പിലങ്ങാട്-മാഹി ബൈപ്പാസിന്റെ ഉദ്ഘാടനം നിര്‍വഹിക്കുക. പതിനാലുമിനുട്ടുകൊണ്ടു മുഴപ്പിലങ്ങാട് നിന്നും അഴിയൂരിലേക്ക് ബൈപ്പാസ് വഴി വാഹനങ്ങള്‍ക്ക് എത്തിച്ചേരാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ ധര്‍മടം, തലശേരി ഭാഗങ്ങളിലെ ഗതാഗത കുരുക്ക് ഒഴിവാകും.












Click it and Unblock the Notifications