കണ്ണൂർ വിമാനത്താവളത്തിന്റെ അഞ്ചാം വാർഷികം; ഗോവയിലേക്ക് പഠന യാത്രയുമായി ടീം ഹിസ്റ്റോറിക്കൽ ജേർണി
കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിന്റെ അഞ്ചാം വാർഷിക ദിനത്തിൽ ആദ്യ യാത്രാ സംഘമായ ടീം ഹിസ്റ്റോറിക്കൽ ഫ്ളൈറ്റ് ജേണി അംഗങ്ങൾ ഗോവയിലെ പുതിയ വിമാനത്താവളമായ മോപ്പയിലേക്ക് യാത്ര നടത്തും. കൂട്ടായ്‌മയുടെ ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ളബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
മോപ്പയിൽ വിദേശ വിമാനങ്ങൾക്ക് അനുമതി ലഭിച്ച സാഹചര്യം നേരിട്ടു ചെന്ന് വിലയിരുത്താനും വിമാനത്താവള ചർച്ചകളിലൂടെ മനസിലാക്കാനും ഇതു കണ്ണൂരിന് ഗുണകരമാക്കാൻ കഴിയുമോയെന്ന പരിശോധിക്കുകയാണ് യാത്രയുടെ ലക്ഷ്യമെന്ന് ഭാരവാഹികൾ അറിയിച്ചു. ഇതിനൊപ്പം ടൂറിസവുമായി ബന്ധപ്പെട്ട് ഗോവയിലെ വിവിധ ട്രാവൽ ഏജൻസികൾ ടൂർ ഓപ്പറേറ്റർമാർ എന്നിവരുമായി ചർച്ച നടത്തും.

യൂറോപ്പിൽ നിന്നും ഗോവയിലെത്തുന്ന വിനോദ സഞ്ചാരികളെ കണ്ണൂരിലേക്ക് ആകർഷിക്കാൻ ഇവരുമായി ധാരണയുണ്ടാക്കും. ഒൻപതിന് ഉച്ചയ്ക്ക് 2.40 ന് കണ്ണൂർ വിമാന താവളത്തിൽ നിന്നും അഞ്ചാം വാർഷികത്തിൽ ഇൻഡിഗോ വിമാനത്തിൽ യാത്ര ആരംഭിക്കുന്ന സംഘം ഗോവൻ ഗവർണറും മലയാളിയുമായ പി.എസ് ശ്രീധരൻ പിള്ളയുമായി കൂടികാഴ്ച്ച നടത്തും. കണ്ണൂർ വിമാനത്താവളത്തിന് പോയന്റ് ഓഫ് കോൾ പദവി ലഭിക്കുന്നതിനായി കേന്ദ്ര സർക്കാരിൽ നിരന്തരം ഇടപെടൽ നടത്തുന്ന സംഘമാണ് കണ്ണൂർ വിമാന താവളത്തിൽ നിന്നും ആദ്യം ദുബൈയിലേക്ക് യാത്ര ചെയ്തവരുടെ കൂട്ടായ്മയെന്ന് ഭാരവാഹികൾ അറിയിച്ചു.
രാജ്യത്തെ മറ്റു വിമാന താവളങ്ങൾക്ക് പോയന്റ് ഓഫ് കോൾ പദവി നൽകിയിട്ടും കണ്ണൂർ വിമാന താവളത്തിന് അതു ലഭിക്കാത്തതിൽ ദുരൂഹതയുണ്ട് അഞ്ചു വർഷം കഴിഞ്ഞാൽ ഈ കാര്യം പരിഗണിക്കാമെന്ന് പറഞ്ഞ കേന്ദ്ര വ്യോമയാന മന്ത്രാലയമന്ത്രി ജോൺ ബ്രിട്ടാസ് എം.പി ഉന്നയിച്ച സബ്മിഷന് മറുപടിയായി പറഞ്ഞത് മെട്രോ നഗരത്തിൽ സ്ഥിതി ചെയ്യാത്തതിനാൽ പരിഗണിക്കാൻ കഴിയില്ലെന്നാണ്.
ജനകീയ ഐക്യത്തോടെ മാത്രമേ ഇതിന് പരിഹാരം കാണാൻ കഴിയുകയുള്ളു. വിചിത്രമായ ന്യായവാദങ്ങളാണ് കണ്ണൂർ വിമാനത്താവളത്തിന് പോയന്റ് ഓഫ് കോൾ പദവി അനുവദിക്കാത്തതിന് കാരണമായി കേന്ദ്രസർക്കാർ പറയുന്നത്. ഹജ്ജ് എംബാർക്കേഷൻ കണ്ണൂർ വിമാന താവളത്തിന് ലഭിച്ചത് ടീം ഹിസ്റ്റോറിക്കൽ ജേർണി സംഘം ഡൽഹിയിൽ പോയി കേന്ദ്ര മന്ത്രിമാരെ കണ്ടതിനു ശേഷമാണ്. പോയന്റ് ഓഫ് കോൾ പദവി ലഭിക്കുന്നതുവരെ തങ്ങളുടെ പ്രവർത്തനം തുടരുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വാർത്താ സമ്മേളനത്തിൽ ഹിസ്റ്റോറിക്കൽ ഫ്ളൈറ്റ് ജേർണി വൈസ് പ്രസിഡന്റ് എസ്.കെ ഷംസീർ. സെക്രട്ടറി കെ.വി ബഷീർ, സെക്രട്ടറി ആർ.വിജയദേവൻ, രക്ഷാധികാരി ടി.വി മധു, കോർഡിനേറ്റർ റഷീദ് കുഞ്ഞിപ്പാറാൽ എന്നിവർ പങ്കെടുത്തു.












Click it and Unblock the Notifications