കലഹത്തിന് പോയി പാലത്തില്‍ നിന്ന് വീണ് മരിച്ചവര്‍; രാഷ്ട്രീയ രക്തസാക്ഷികളെ അധിക്ഷേപിച്ച് മാര്‍ ജോസഫ് പാംപ്ലാനി
കണ്ണൂര്‍: രാഷ്ട്രീയ രക്തസാക്ഷികള്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി തലശ്ശേരി അതിരൂപതാ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി. അനാവശ്യമായി കലഹിക്കാന്‍ പോയി മരിച്ചവരാണ് രക്തസാക്ഷികള്‍ എന്നാണ് മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞത്. കണ്ണൂര്‍ ചെറുപുഴയില്‍ കെ സി വൈ എം സംഘടിപ്പിച്ച യുവജന ദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ ആണ് മാര്‍ ജോസഫ് പാംപ്ലാനിയുടെ വിവാദ പരാമര്‍ശം.
അപ്പോസ്തലന്‍മാര്‍ രാഷ്ട്രീയ രക്തസാക്ഷികളെപ്പോലെ അല്ല അദ്ദേഹം പറഞ്ഞു. സത്യത്തിനും നന്മയ്ക്കും വേണ്ടി ജീവന്‍ ബലി അര്‍പ്പിച്ചവരാണ് എന്നും മാര്‍ ജോസഫ് പാംപ്ലാനി അവകാശപ്പെട്ടു. യേശുവിന്റെ ശിഷ്യന്‍മാരായ 12 അപ്പോസ്തലന്‍മാരും രക്തസാക്ഷികളായി മരിച്ചവരാണ് എന്നും രാഷ്ട്രീയക്കാരുടെ രക്തസാക്ഷികളെപ്പോലെ അല്ല അപ്പോസ്തലന്‍മാരുടെ രക്തസാക്ഷിത്വം എന്നുമാണ് മാര്‍ ജോസഫ് പാംപ്ലാനി പറയുന്നത്.

രാഷ്ട്രീയ രക്തസാക്ഷികള്‍ കണ്ട ആള്‍ക്കാരോട് അനാവശ്യമായി കലഹിക്കാന്‍ പോയി വെടിയേറ്റു മരിച്ചവരാണ്. ചിലര്‍ പ്രകടനത്തിനിടെ പൊലീസ് ഓടിച്ചപ്പോള്‍ പാലത്തില്‍ നിന്നും തെന്നിവീണ് മരിച്ചവരാണ് എന്നും മാര്‍ ജോസഫ് പാംപ്ലാനി അധിക്ഷേപിച്ചു. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ പേരെടുത്തു പറയാതെയായിരുന്നു മാര്‍ ജോസഫ് പാംപ്ലാനിയുടെ അധിക്ഷേപ പ്രസംഗം.
അപരന്റെ നന്മയ്ക്ക് വേണ്ടി ജീവിതം സമര്‍പ്പിച്ച വ്യക്തികളാണ് അപ്പോസ്തലന്മാര്‍ എന്നും അവര്‍ നന്മയ്ക്കും സത്യത്തിനും ശ്രേയസിനും ലോകത്തിന്റെ സുസ്ഥിരമായ ഭാവിക്കും ജീവിതത്തിന്റെ മൂല്യങ്ങള്‍ക്കും നിലപാട് സ്വീകരിച്ചതിനാല്‍ ജീവന്‍ കൊടുക്കേണ്ടി വന്നവരാണ് എന്നും അദ്ദേഹം പറഞ്ഞു. ആ സത്യം എപ്പോഴും ഓര്‍ക്കണം എന്നും മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു.
ശനിയാഴ്ച വൈകീട്ടായിരുന്നു ചെറുപുഴയില്‍ കെ സി വൈ എം യുവജനദിനാഘോഷം സംഘടിപ്പിത്. യോഗത്തില്‍ കോണ്‍ഗ്രസ് നേതാവും എം പിയുമായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ മുഖ്യാതിഥിയായിരുന്നു. റബ്ബര്‍ കിലോയ്ക്ക് 300 രൂപ ഉറപ്പാക്കിയാല്‍ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിക്ക് സംസ്ഥാനത്ത് എം പിമാരില്ലെന്ന വിഷമം മാറ്റിത്തരും എന്ന് നേരത്തെ മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞത് വിവാദമായിരുന്നു.












Click it and Unblock the Notifications