വീര്‍പ്പാട് ഉപതിരഞ്ഞെടുപ്പിലെ തോല്‍വി: കണ്ണൂരില്‍ കോണ്‍ഗ്രസിനേറ്റത് കനത്ത തിരിച്ചടി
ഇരിട്ടി: മലയോര മേഖലയില്‍ യുഡിഎഫിന് തങ്ങളുടെ തട്ടകത്തില്‍ വീണ്ടും കാലിടറുന്നു. വര്‍ഷങ്ങളായി ഭരിച്ചിരുന്ന ആറളം പഞ്ചായത്ത് ഭരണം കൂടി നഷ്ടപ്പെട്ടതോടെ കെപിസിസി അധ്യക്ഷന്റെ ജില്ലയില്‍ കോണ്‍ഗ്രസിന് മറ്റൊരു തിരിച്ചടി കൂടി നേരിട്ടു. വീര്‍പ്പാട് ഉപതെരഞ്ഞെടുപ്പോടെ മലയോരത്തെ ആദിവാസികളും പിന്നോക്കക്കാരും ഏറെ തിങ്ങി നിറഞ്ഞു പാര്‍ക്കുന്ന ആറളം ഗ്രാമപഞ്ചായത്തിലെ രാഷ്ട്രീയ അനിശ്ചിതത്വത്തിന് വിരാമമായി.
ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന വീര്‍പ്പാടിലെ വിജയം ഇരുമുന്നണികള്‍ക്കും ഏറെനിര്‍ണായകമായിരുന്നു. നഷ്ടപ്പെട്ട പഞ്ചായത്ത് ഭരണം തിരിച്ചു പിടിക്കുന്നതിനായി കോണ്‍ഗ്രസും യുഡിഎഫും സര്‍വസന്നാഹങ്ങളോടെയാണ് പോരിനിറങ്ങിയത്. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ വീര്‍പ്പാടില്‍ പ്രചരണത്തിനെത്തി. പതിവിലും നേരത്തെ കോണ്‍ഗ്രസ് തര്‍ക്കങ്ങളില്ലാതെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി പ്രചരണം തുടങ്ങിയതും ശക്തമായ പോരാട്ടചൂടിലേക്ക് വീര്‍പ്പാട് ഉപതെരഞ്ഞെടുപ്പിനെ എത്തിച്ചു. ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനിയും അഡ്വ. സണ്ണി ജോസഫ് എംഎല്‍എയും യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചതോടെ ഇടതു മുന്നണി ക്യാംപും ജാഗരൂകമായി.

എന്നാല്‍ സര്‍ക്കാരിന്റെ വികസന നേട്ടങ്ങളും ഭക്ഷ്യകിറ്റുവിതരണവും ക്ഷേമപെന്‍ഷനുകള്‍ നല്‍കിയതും ആദിവാസി മേഖലയില്‍നടത്തിയ വികസന പ്രവര്‍ത്തനങ്ങളും ആറളം ഫാം നവീകരണത്തിനായി സര്‍ക്കാര്‍ അനുവദിച്ച ഫണ്ടും എല്‍ഡിഎഫ് പ്രചരണ വിഷയമാക്കുകയും ചിട്ടയായ നിശബ്ദ പ്രചരണത്തിലൂടെ കളം പിടിക്കുകയായിരുന്നു. മാത്രമല്ല എല്‍. ഡി. എഫ് സ്ഥാനാര്‍ത്ഥിയായ യു.കെ സുധാകരനുള്ള ജനസ്വാധീനവും എല്‍.ഡി. എഫിന് മുന്‍തൂക്കം ലഭിക്കാന്‍ കാരണമായി.
ഇതോടെയാണ് രാഷ്ട്രീയ കേരളം ഉറ്റു നോക്കിയ ആറളം പഞ്ചായത്തിലെ വീര്‍പ്പാട് വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി. എഫ് സ്ഥാനാര്‍ത്ഥി യു.കെ സുധാകരന് മികച്ച വിജയം നേടാനുള്ള സാഹചര്യമുണ്ടായത്. പഞ്ചായത്ത് ഒരു സീറ്റിന്റെ മുന്‍തൂക്കം നേടി ഭരണം നിലനിര്‍ത്താന്‍ കഴിഞ്ഞത് എല്‍.ഡി. എഫിന് നേട്ടമായി മാറുകയും ചെയ്തിട്ടുണ്ട്.രണ്ടാംവട്ടവും മത്സരിച്ച യു.ഡി. എഫിലെ സുരേന്ദ്രന്‍ പാറക്കത്താഴത്തിനെയാണ് എല്‍. ഡി. എഫ് സ്ഥാനാര്‍ത്ഥി 134 വോട്ടുകള്‍ക്ക് തോല്‍പ്പിച്ചത്. ഇതോടെ മലയോരത്തെ ഉറച്ച യു.ഡി. എഫ് പഞ്ചായത്തുകളിലൊന്നു കൂടി എല്‍. ഡി. എഫ് പിടിച്ചെടുത്തു.
92.57 ശതമാനം പോളിങ് നടന്ന ആറളം പഞ്ചായത്തിലെ പത്താംവാര്‍ഡില്‍ 134 വോട്ടിനാണ് എല്‍. ഡി. എഫ് സ്ഥാനാര്‍ത്ഥി ജയിച്ചത്. 1185 വോട്ടര്‍മാരില്‍ 1097 പേരും വോട്ട് ചെയ്ത കനത്ത മത്സരമാണ് ഇവിടെ നടന്നത്. 24 പേര്‍ തപാല്‍ വോട്ടുചെയ്തു. ഡിവൈഎസ്പി പ്രിന്‍സ് അബ്രഹാമിന്റെ നേതൃത്വത്തില്‍ കനത്ത പൊലീസ് സുരക്ഷയിലായിരുന്നു വോട്ടെടുപ്പ്.വീര്‍പ്പാട് വേള്‍ഡ് വിഷന്‍ കമ്യൂണിറ്റി ഹാള്‍, സെന്റ് സെബാസ്റ്റിയന്‍സ് യുപി സ്‌കൂള്‍ എന്നിവിടങ്ങളിലെ ബൂത്തുകളിലാണ് വോട്ടെടുപ്പ് നടന്നത്. എല്‍.ഡി. എഫ് വാര്‍ഡംഗമായി തെരഞ്ഞെടുക്കപ്പെട്ട സിപി എമ്മിലെ ബേബിജോണ്‍ പൈനാപ്പള്ളില്‍ സത്യപ്രതിജ്ഞക്ക് മുന്‍പെ മരിച്ചതിനെ തുടര്‍ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. വാര്‍ഡില്‍ സുപരിചിതനായ യു. കെ സുധാകരനെ സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിച്ചാണ് എല്‍. ഡി. എഫ് വാര്‍ഡു പിടിച്ചെടുത്തത്.കഴിഞ്ഞ തവണയും യു.ഡി. എഫിനായി
സുരേന്ദ്രന്‍ തന്നെയായിരുന്നു മത്സരത്തിനിറങ്ങിയത്. ബിജെപിയിലെ എ.കെ അജയന്‍ എന്നിവരും നാല് സ്വതന്ത്രരുമടക്കം ഏഴുപേരാണ് മത്സരരംഗത്ത്. വ്യാഴാഴ്ച രാവിലെ 10ന് വീര്‍പ്പാട് സെന്റ് സെബാസ്റ്റിയന്‍സ് യുപി സ്‌കൂളിലായിരുന്നു വോട്ടെണ്ണല്‍. 17 അംഗ ഭരണസമിതിയില്‍ ഒഴിവു വന്ന വാര്‍ഡൊഴിച്ച് എല്‍.ഡി. എഫ്- യു.ഡി. എഫ് മുന്നണികള്‍ക്ക് എട്ടുവീതം സീറ്റുകള്‍ വീതമാണുള്ളത്. നറുക്കെടുപ്പിലായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍. ഡി. എഫിന് ഭരണം ലഭിച്ചത്. ബേബി ജോണ്‍ പൈനാപ്പള്ളില്‍ കൊവിഡ് ബാധിതനായി മരണമടഞ്ഞതിനെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കേണ്ടി വന്നത്.












Click it and Unblock the Notifications