ജാനകി കുട്ടി ഇനി പൂർണമായും ഫിറ്റ്: ആശ്വാസനെടുവീർപ്പിട്ട് കോടതി ജീവനക്കാർ
ഇരിക്കൂർ: ഗ്രാമീണ കോടതി ജീവനക്കാരുടെ അരുമയായ ജാനകി കുട്ടിയെന്ന തെരുവ് നായക്ക് പുതുജീവിതം. ഗുരുതരമായി മുറിവേറ്റ ജാനകി കുട്ടിയെ ദിവസങ്ങളോളം നീളുന്ന ചികിത്സയ്ക്കിടെയാണ് വെറ്റിനറി ഡോക്ടർമാർ മുറിവ് മരുന്ന് വെച്ച് ഭേദപ്പെടുത്തിയത്. ചികിത്സയുടെ ഭാഗമായുള്ള വിശ്രമവും മറ്റു കാര്യങ്ങളും കോടതി പരിസരത്തു തന്നെയായിരുന്നു.
ഇരിക്കൂർ ഗ്രാമപഞ്ചായത്തിലെ പെരുവളത്ത്പറമ്പ് ഗ്രാമീണ കോടതി വളപ്പിൽ മുറിവേറ്റ് അവശനിലയിലായിരുന്ന നായക്കാണ് പുനർജൻമമുണ്ടായത്.കഴിഞ്ഞ ഒരു വർഷത്തോളമായി കോടതി വളപ്പിൽ അന്തേവാസിയായിരുന്ന ഈ തെരുവുനായ ' ഒരാഴ്ച മുൻപ് മുറിവു പറ്റി തീരെ അവശ നിലയിലായിരുന്നു 'ഇതിന്റെ ദയനീയ അവസ്ഥകണ്ട കോടതി ജീവനക്കാർ നായയെ രക്ഷിക്കാൻ യാതൊരു വഴിയും കാണാതായതോടെ ഇരിക്കൂർ ഗ്രാമപഞ്ചായത്ത് അധികൃതരുടെ സഹായം തേടുകയായിരുന്നു.

ഉടൻ തന്നെ പഞ്ചായത്ത് പ്രസിഡന്റ് കെ. ടി അനസ്, സെക്രട്ടറി എൻ. യു. ഇബ്രാഹിം എന്നിവരുടെ നിർദ്ദേശപ്രകാരം പഞ്ചായത്ത് ജീവനക്കാരായ പികെ രാജേഷ്, കെകെ റഷീദ് എന്നിവർ ഇരിക്കൂർ വെറ്ററിനറി സർജൻ നിത്യ ചാക്കോയെ കോടതി വളപ്പിൽ എത്തിച്ച് നായയെ ചികിൽസിക്കുകയായിരുന്നു.
ഇനി ഈ തെരുവുനായ എങ്ങനെയാണ് ജീവനക്കാരുടെയും നാട്ടുകാരുടെയും സ്വന്തം ജാനകി കുട്ടിയായത് എങ്ങനെയെന്ന കഥ കേൾക്കാം. ആരോ വഴിയരികിൽ ഉപേക്ഷിച്ചു പോയ നായകുട്ടി ഒരു വർഷം മുമ്പാണ് കോടതി വളപ്പിൽ എത്തിയത്. ജീവനക്കാർ ഭക്ഷണത്തിന്റെ പങ്കു നൽകി നായകുട്ടിയെ ജാനകി കുട്ടിയെന്ന് എന്ന് പേരിട്ടു വിളിച്ചു. രണ്ട് മാസം മുമ്പ് കോടതി മുറ്റത്തെത്തിയ മൂർഖൻ പാമ്പിനെ അകത്ത് കയറാൻ അനുവദിക്കാതെ തുരത്തിയോടിച്ചതോടെയാണ് ജാനകി ജീവനക്കാർക്ക് പ്രിയങ്കരിയായി മാറിയത്.
തങ്ങളെ വൻ അപകടത്തിൽ നിന്ന് രക്ഷിച്ച ജാനകിക്ക് അപകടം വന്നപ്പോൾ രക്ഷിക്കാനായി സന്ധ്യ ജിനീഷ്, ജയിംസ്, സന്തോഷ്, അലി എന്നിവരുടെ നേതൃത്വത്തിലുള്ള കോടതി ജീവനക്കാർ മുന്നിട്ടിറങ്ങുകയായിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞതോടെ ജാനകി കുട്ടി പൂർണ ആരോഗ്യവതിയാണെന്നാണ് ജീവനക്കാർ പറയുന്നത്. കോടതിയിലെത്തുന്നവരോടും ജീവനക്കാരോടും അതിരറ്റ സ്നേഹം പ്രകടിപ്പിക്കുന്നതാണ് ജാനകി കുട്ടിയുടെ ശൈലി. ഇതു തന്നെയാണ് ഇവളെ പെരുവളത്തുപറമ്പുകാർക്ക് പ്രിയങ്കരിയാക്കുന്നതും.












Click it and Unblock the Notifications