ലഹരിസംഘത്തിനെതിരെ പരാതിപ്പെട്ടു; ഡിസിസി ജനറല്‍ സെക്രട്ടറിയ്ക്ക് നേരെ ആക്രമണം
കണ്ണൂര്‍: ലഹരി സംഘത്തിനെതിരെ പരാതിപ്പെട്ടതിന് ഡി സി സി ജനറല്‍ സെക്രട്ടറിയെ ആക്രമിച്ചു. പൊടിക്കുണ്ടില്‍ താമസിക്കുന്ന രാജീവന്‍ എളയാവൂരിനെയാണ് അക്രമി സംഘം വെട്ടി പരിക്കേല്‍പ്പിച്ചത്. പട്ടാപ്പകലായിരുന്നു ആക്രമണം. തലയ്ക്ക് പരിക്കേറ്റ രാജീവന്‍ എളയാവൂരിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. അയല്‍പക്കത്തുള്ള വീട് കേന്ദ്രീകരിച്ചുള്ള സംഘമാണ് ആക്രമണത്തിന് പിന്നില്‍.
ലഹരി സംഘം താവളമാക്കിയ വീട്ടില്‍ പൊലീസ് പരിശോധന നടത്തിയതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിറകിലെന്ന് രാജീവന്‍ പറഞ്ഞു. വാക്കത്തി കൊണ്ടുള്ള ആക്രമണത്തില്‍ തലയ്ക്ക് വെട്ടേറ്റ രാജീവന്‍ എളയാവൂര്‍ കൊയിലി ആശുപത്രിയില്‍ ചികിത്സയിലാണ്. പൊടിക്കുണ്ട് മില്‍മ പ്ലാന്റിന് സമീപമാണ് രാജീവന്‍ എളയാവൂര്‍ താമസിക്കുന്നത്. ഇദ്ദേഹത്തിന്റെ വീടിന് തൊട്ടടുത്ത വാടക കെട്ടിടത്തില്‍ മദ്യപാനം അടക്കമുള്ള ലഹരി ഉപയോഗത്തിനായി ആളുകള്‍ ഒത്തുകൂടാറുണ്ടെന്ന് ആരോപണമുണ്ട്.

ഇന്നലെ രാവിലെ കണ്ണൂര്‍ ടൗണ്‍ സി ഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള സംഘം പരസ്യ മദ്യപാനം നടത്തിയ 3 പേരെ ഈ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്തിരുന്നു. പൊലീസില്‍ വിവരം അറിയിച്ചത് രാജീവന്‍ എളയാവൂരാണെന്ന് ആരോപിച്ച് വാടക വീട്ടുടമസ്ഥന്‍ രാജീവന്‍ അടക്കമുള്ള സംഘമാണ് ഡി സി സി ജനറല്‍ സെക്രട്ടറിയെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.
പരസ്യ മദ്യപാനം നടത്തിയവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതിന് ശേഷം വീട്ടുടമ രാജീവന്‍ തനിക്ക് നേരെ അസഭ്യ വര്‍ഷം നടത്തിയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ലഹരി ഉപയോഗത്തിനെതിരെ പരാതിപ്പെട്ടാല്‍ ആക്രമിക്കപ്പെടും എന്ന അവസ്ഥ ഭീതിപ്പെടുത്തുന്നതാണെന്ന് മേയര്‍ ടി ഒ മോഹനന്‍ പറഞ്ഞു. പൊലീസ് ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂരില്‍ വേറുറപ്പിക്കുന്ന ലഹരി മാഫിയയെ അമര്‍ച്ച ചെയ്യാന്‍ പൊലീസ് അധികാരികള്‍ കര്‍ശന നിലപാട് എടുക്കണമെന്ന് ഡി സി സി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജും ആവശ്യപ്പെട്ടു. മദ്യപ സംഘം രാജീവന്‍ എളയാവൂരിനെ ആക്രമിച്ചതില്‍ സജീവ് ജോസഫ് എം എല്‍ എയും പ്രതിഷേധം അറിയിച്ചു. കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ട് വന്ന് മാതൃകാപരമായി ശിക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജീവന്‍ എളയാവൂരിനെ ആക്രമിച്ചവര്‍ക്കെതിരെ വധ ശ്രമത്തിന് കേസ് എടുക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് സതീശന്‍ പാച്ചേനി പറഞ്ഞു.












Click it and Unblock the Notifications