കണ്ണൂര്‍ മയക്ക് മരുന്ന് കേസ്: പിന്നില്‍ വന്‍ റാക്കറ്റെന്ന് പ്രത്യേക അന്വേഷണ സംഘം
കണ്ണൂര്‍: ഒന്നര കോടി രൂപയിലേറെ ഇടപാട് നടന്ന മയക്ക് മരുന്ന് കേസിൽ കേരളത്തില്‍ നാല്‍പതിലെറെ ഇടനിലക്കാർ കണ്ണികളാണെന്ന് പ്രത്യേക അന്വേഷണസംഘം. കൂടുതല്‍ പേര്‍ ഇനിയും കുടങ്ങുമെന്നാണ് അന്വേഷണ സംഘം നല്‍കുന്ന സൂചന.
ഇരകളുടെ പണത്തിനോടുള്ള അത്യാവശ്യവും ദയനീയമായ ജീവിതാവസ്ഥയും മുതലെടുത്താണ് ഇടനിലക്കാരായി പലരെയും മയക്കുമരുന്ന് റാക്കറ്റ് ഉപയോഗിച്ചത്. ഇവരില്‍ പലര്‍ക്കും കണ്ണികളിലെ ഒന്നോ രണ്ടോപേരെ മാത്രമെ അറിയുമായിരുന്നുള്ളൂ. ഇത്തരത്തില്‍ കണ്ണൂര്‍ മയക്കുമരുന്ന് ഇടപാടുകള്‍ക്കു പിന്നില്‍ വന്‍ റാക്കറ്റുതന്നെ പ്രവര്‍ത്തിച്ചതായി അന്വേഷണസംഘത്തിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.

ബെംഗ്ളൂരില്‍ നിന്നും കണ്ണൂരിലേക്ക് മയക്കുമരുന്ന് കടത്താന്‍ ഒരു അന്താരാഷ്ട്ര ഇടനാഴി തന്നെ ഉണ്ടായിരുന്നു എന്ന വിവരമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ചില തീവ്രവാദ സംഘടനകള്‍ സ്പോണ്‍സര്‍മാരായി ഇതില്‍ ബന്ധപ്പെട്ടതായി സംശയമുണ്ടെങ്കിലും ഇതിനു വ്യക്തമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ല.
കണ്ണൂര്‍ നഗരത്തില്‍ നിന്നും 1.950 ഗ്രാംമയക്കുമരുന്ന് പിടികൂടിയ സംഭവത്തില്‍ ബംഗ്ളൂരില്‍ നിന്നും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത നൈജീരിയന്‍ യുവതിയെ ചോദ്യംചെയ്തു. ബംഗ്ളൂരില്‍ വിദ്യാര്‍ത്ഥിനിയായ നൈജീരിയന്‍ യുവതിയാണ് പിടിയിലായത്.
കേസിലെ മുഖ്യപ്രതിയായ നിസാം ഇവര്‍ക്ക് പണം ബാങ്ക് അക്കൗണ്ട് വഴി കൈമാറിയതായി തെളിഞ്ഞിട്ടുണ്ട്. ബംഗളൂരില്‍ കോളേജ് വിദ്യാര്‍ത്ഥിനിയായ ഇവരെ പിടികൂടിയത്. എന്നാല്‍ ഇവര്‍ തന്റെ അക്കൗണ്ടുവഴി നടന്ന ഇടപാടുകളേ കുറിച്ചു തനിക്കറിയില്ലായിരുന്നുവെന്നാണ് അന്വേഷണസംഘത്തിന് നല്‍കിയ മൊഴി.അതുകൊണ്ടു തന്നെ ഇവരെ വെറുതെ വിടാനാണ് സാധ്യതയെന്ന് അന്വേഷണ സംഘം നല്‍കുന്ന സൂചന.നിസാം അയച്ചു നല്‍കിയ തുക ഇവര്‍ നൈജീരിയന്‍ സ്വദേശിക്ക് ഗൂഗിള്‍ പേവഴി കൈമാറിയിട്ടുണ്ടെങ്കിലും അതു മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട പണമാണെന്ന് അറിഞ്ഞിരുന്നില്ലെന്നാണ് നൈജീരിയന്‍ യുവതി നല്‍കിയ മൊഴി.
കണ്ണൂര്‍ മയക്കുമരുന്ന് കേസില്‍ അന്വേഷണം പുരോഗമിക്കുമ്പോള്‍ അന്താരാഷ്ട്രറാക്കറ്റിലേക്ക് എത്തിച്ചുചേരുന്നതിനുള്ള തെളിവുകളുടെ അഭാവമാണ് പ്രത്യേക അന്വേഷണ സംഘത്തെ വലയ്ക്കുന്നത്്. അന്വേഷണം മുകളിലേക്ക് പോകുന്തോറും ബാങ്ക് അക്കൗണ്ടുവഴിയുള്ള പണമിടപാടുകളുടെ വിവരം മാത്രമാണ് പൊലിസിനു ലഭിക്കുന്നത്. ഇതോടെ കേസ് അഫ്സല്‍-ബള്‍ക്കിസ് ദമ്പതികളിലും ഇവരുടെ ബന്ധുക്കളായ നിസാം, ജനീസ്, പഴയങ്ങാടിയിലെ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ശിഹാബ്, അന്‍സാരി-ഷബ്ന ദമ്പതികളിലേക്കും ഒതുങ്ങി പോകാനാണ് സാധ്യത.












Click it and Unblock the Notifications