ക്ഷേത്രോത്സവത്തിനിടെയുണ്ടായ സ്‌ഫോടനം; ക്ഷേത്രം ഭാരവാഹിക്ക് നാടിന്റെ യാത്രാമൊഴി

തലശേരി: ഇരിവേരിയില്‍ ക്ഷേത്രോത്സവത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ ഗുരുതരമായി പരുക്കേറ്റു ചികിത്സയ്ക്കിടെ മരണമടഞ്ഞ ക്ഷേത്രം ഭാരവാഹിക്ക് നാടിന്റെ യാത്രാമൊഴി. ജനപ്രതിനിധികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇരിവേരി കാവിനടുത്തെ മൈതാനത്തില്‍ പൊതുദര്‍ശനത്തിന് എത്തിച്ചപ്പോള്‍ ഒഴുകിയെത്തി.
ക്ഷേത്രം കമ്മിറ്റി ഭാരവാഹിയെന്ന നിലയിലും പൊതുപ്രവര്‍ത്തനരംഗത്തും നാട്ടുകാര്‍ക്ക് പ്രിയങ്കരനായിരുന്നു ശശീന്ദ്രന്‍. ഇരിവേരി പുലിദേവക്ഷേത്രം ഉത്സവത്തിന്റെ മുന്നോടിയായി നടന്ന കലവറ നിറക്കല്‍ ഘോഷയാത്രയ്ക്കിടെ പടക്ക ശേഖരത്തിന് തീപിടിച്ച് ഉണ്ടായ സ്‌ഫോടനത്തിലാണ് ഗുരുതരമായി പരിക്കേറ്റ് ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ക്ഷേത്രം കമ്മിറ്റി സെക്രട്ടറി ചാലില്‍ ശശീന്ദ്രന്‍(56) മരണമടഞ്ഞത്.
ശനിയാഴ്ച രാത്രി ഒന്‍പതു മണിയോടെയാണ് മരണം സ്ഥിരീകരിച്ചത്. ഈ മാസം 12 നായിരുന്നു നാടിനെ നടുക്കിയ അപകടം. ഞായറാഴ്ച ഇവരുടെ ചികിത്സക്കായി സഹായ നിധി ശേഖരിക്കാന്‍ ക്ഷേത്ര കമ്മിറ്റി യോഗം വിളിച്ച് ചേര്‍ക്കാന്‍ തിരുമാനിച്ചിരുന്നു. അതിനിടെയാണ് മരണം സംഭവിച്ചത്. കലവറ നിറക്കല്‍ ഘോഷയാത്രക്കിടെ പടക്കത്തില്‍ നിന്ന് തീപ്പൊരി സമീപത്തെ കേബിളില്‍ പതിക്കുകയും ഇത് കെടുത്താന്‍ ശ്രമിക്കുമ്പോള്‍ ശശീന്ദ്രന്റെ കയ്യില്‍ സഞ്ചിയില്‍ സൂക്ഷിച്ച പടക്ക ശേഖരത്തിന് തീ പിടിക്കുകയും ആയിരുന്നു.
സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ പ്രദേശത്തെ നിരവധി വീടുകള്‍ക്കും കേടുപാട് സംഭവിച്ചിരുന്നു. ജില്ലാ പോലീസ് മേധാവി അജിത് കുമാര്‍. ചക്കരക്കല്‍ സി ഐ ശ്രീജിത്ത് കോടേരി എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ്, അശ്വതി ബെന്നിയുടെ നേതൃത്വത്തില്‍ ഫോറന്‍സിക്ക് വിദഗ്ദര്‍ എന്നിവരും നേരത്തെ സ്ഥലത്ത് എത്തി പരിശോധന നടത്തിയിരുന്നു.
വി കെ കരുണന്റെ പരാതി പ്രകാരം പോലീസ് എക്‌സ്‌പ്ലോസീവ് ആക്ട് അനുസരിച്ചാണ് സംഭവത്തില്‍ കേസെടുത്ത് ചക്കരക്കല്‍ സി.ഐ. ശ്രീ ജിത്ത് കൊടേരിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തി വരുകയാണ്. പരേതനായ ഗോവിന്ദന്റെയും ദേവുവിന്റെയും മകനാണ്. ഭാര്യ: രേണുക. മക്കള്‍ : ദ്യശ്യ, ദിയ. മരുമകന്‍: ജിതേഷ് (മുഴപ്പാല). സഹോദരങ്ങള്‍: ശോഭന, ഹൈമ, ഷൈമ.
ക്ഷേത്രത്തിനടുത്ത് പൊതു ദര്‍ശനത്തിന് വെച്ച ശേഷം പിന്നീട് മൃതദേഹം ആര്‍.വി മൊട്ടയിലെ സ്വവസതിയിലും പൊതു ദര്‍ശനത്തിന് വെച്ചു. ഇതിനു ശേഷം വൈകുന്നേരം പയ്യാമ്പലത്ത് സംസ്‌കാര ചടങ്ങുകള്‍ നടന്നു.












Click it and Unblock the Notifications