ആകാശും കൂട്ടരുമല്ല പാര്‍ട്ടി; സിപിഎം ക്വട്ടേഷന്‍ സംഘത്തിന്റെ പിന്നാലെ പോയിട്ടില്ലെന്ന് ജയരാജന്‍
ആകാശ് തില്ലങ്കേരി സോഷ്യല്‍ മീഡിയയിലൂടെ സിപിഎമ്മിനെ പ്രതിരോധത്തിലാക്കുന്ന പ്രസ്താവനകള്‍ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മറുപടിയുമായി പി ജയരാജന്‍ രംഗത്തെത്തിയത്.

കണ്ണൂര്‍: തില്ലങ്കേരിയില്‍ നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ ആകാശിനേയും കൂട്ടരേയും തള്ളി സി പി എം നേതാവും മുന്‍ ജില്ലാ സെക്രട്ടറിയുമായ പി ജയരാജന്‍. തില്ലങ്കേരിയിലെ പാര്‍ട്ടി എന്നാല്‍ ആകാശും കൂട്ടരുമല്ല എന്നും പി ജയരാജന്‍ പറഞ്ഞു.
ആകാശ് തില്ലങ്കേരിയുടെ ഫേസ്ബുക്ക് കമന്റിലെ പരാമര്‍ശങ്ങള്‍ക്ക് ഓരോന്നിനും മറുപടി പറഞ്ഞ് കൊണ്ടായിരുന്നു പി ജയരാജന്റെ പ്രസംഗം. പാര്‍ട്ടിക്ക് വേണ്ടി ജീവത്യാഗം ചെയ്തവരുടെ കുടുംബങ്ങള്‍ ഇപ്പോഴും പാര്‍ട്ടിക്ക് ഒപ്പം നില്‍ക്കുന്നുണ്ട്. അവര്‍ പലവഴി തേടി പോയിട്ടില്ല.

പാര്‍ട്ടിക്ക് പാര്‍ട്ടിയുടെ വഴി
പല വഴിക്ക് സഞ്ചരിക്കുന്നവര്‍ക്കു അവരുടെ വഴി എന്നും പാര്‍ട്ടിക്കു പാര്‍ട്ടിയുടെ വഴി എന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ പല വഴിക്ക് സഞ്ചരിക്കുന്നവരുമായി സന്ധി ചെയ്ത് അവരെ സംരക്ഷിക്കാനില്ല എന്നും പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. തില്ലങ്കേരിയിലെ പാര്‍ട്ടി അംഗങ്ങളും നേതൃത്വവുമാണ് സി പി എമ്മിന്റെ മുഖം.

ആകാശിനെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയത് ഞാന്‍
തില്ലങ്കേരിയിലെ പാര്‍ട്ടി ക്വട്ടേഷന്‍ സംഘത്തിന്റെ പിന്നാലെ പോയിട്ടില്ല എന്നും പി ജയരാജന്‍ പറഞ്ഞു. കോണ്‍ഗ്രസ് ഭീകരതയെ പ്രതിരോധിച്ച ചരിത്രമാണ് തില്ലങ്കേരിയിെ പാര്‍ട്ടിക്കുള്ളത് എന്നും അദ്ദേഹം പറഞ്ഞു. ആകാശിനെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയത് താന്‍ പാര്‍ട്ടി സെക്രട്ടറി ആയിരുന്നപ്പോഴാണ് എന്നും പി ജയരാജന്‍ വ്യക്തമാക്കി. ഷുഹൈബ് വധം ഒരിക്കലും പാര്‍ട്ടിക്ക് അംഗീകരിക്കാന്‍ കഴിയുമായിരുന്നില്ല.

ക്വട്ടേഷന്‍ സംഘത്തിന്റെ സേവനം പാര്‍ട്ടിക്ക് വേണ്ട
അതിനാലാണ് ആ കേസില്‍പ്പെട്ട എല്ലാവരേയും പാര്‍ട്ടി പുറത്താക്കിയത്. ആകാശിനെ പുറത്താക്കിയപ്പോള്‍ തന്നെ പാര്‍ട്ടി ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയാണ് എന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. ക്വട്ടേഷന്‍ സംഘത്തിന്റെ ഒരു സേവനവും ഈ പാര്‍ട്ടിക്ക് വേണ്ട എന്നും പി ജയരാജന്‍ പറഞ്ഞു. ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ ഫേസ്ബുക്കിലൂടെയുള്ള വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ആണ് പി ജയരാജനെ ഉള്‍പ്പെടെ പങ്കെടുപ്പിച്ചു കൊണ്ട് സി പി എം വിശദീകരണ യോഗം സംഘടിപ്പിച്ചത്.

പി ജയരാജനെ തന്നെ ഇറക്കി
തില്ലങ്കേരി ലോക്കല്‍ കമ്മിറ്റിക്ക് കീഴിലെ 19 ബ്രാഞ്ചുകളിലേയും പ്രവര്‍ത്തകരും അനുഭാവികളും വിശദീകരണ യോഗത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കും മുന്‍പ് വിഷയം തണുപ്പിക്കാനാണ് സി പി എം ശ്രമം. എം വി ഗോവിന്ദന്റെ യാത്ര ഇന്ന് കാസര്‍കോട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തിരുന്നു.












Click it and Unblock the Notifications