കാട്ടാമ്പള്ളി ബാറിലെ കൊലപാതകം; പ്രതി ജില്ല വിട്ടതായി പൊലീസ്
വളപട്ടണം: മയ്യില്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കാട്ടാമ്പളളി കൈരളി ബാറില്‍ മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തില്‍ യുവാവിനെ കുത്തിക്കൊന്ന കേസിലെ പ്രതി കണ്ണൂര്‍ ജില്ല വിട്ടതായി സംശയിക്കുന്നതായി കണ്ണൂര്‍ എസിപി ടികെ രത്നകുമാര്‍. പ്രതിയായ അഴീക്കോട് മൂന്നുനിരത്ത് സ്വദേശിയായ നിഷാം എറണാകുളം, കോട്ടയം ജില്ലകളില്‍ എത്തിയതായി പൊലിസിന് വിവരം ലഭിച്ചിട്ടുണ്ട്.
പ്രസ്തുത ജില്ലകളിലെ പൊലീസിന് ഇയാളെ കുറിച്ചുള്ള വിവരം നല്‍കിയിട്ടുണ്ടെന്നും എസിപി അറിയിച്ചു. പൊലീസ് പരിശോധനയില്‍ കാട്ടാമ്പളളിയില്‍ ബൈക്കില്‍ രക്ഷപ്പെട്ട നിസാം വെള്ളിയാഴ്ച്ച രാവിലെ കോഴിക്കോട് ജില്ല കടന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ചിറക്കല്‍ കീരിയാട് ലക്ഷം വീട് കോളനിയില്‍ താമസിക്കുന്ന ടിപി റിയാസാണ്(43) കൊല്ലപ്പെട്ടത്. കാട്ടമ്പള്ളി കൈരളി ബാറില്‍ വ്യാഴാഴ്ച്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം.

മദ്യപിച്ചുണ്ടായ തര്‍ക്കത്തിനിടെ നിഷാം റിയാസിനെ കുത്തുകയായിരുന്നുവെന്ന് മയ്യില്‍ പൊലിസ് പറഞ്ഞു. സംഘര്‍ഷത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. മയ്യില്‍ എസ്എച്ച്ഒ ടിപി സുമേഷിനാണ് അന്വേഷണ ചുമതല. അഴീക്കോട് മൂന്നുനിരത്ത് സ്വദേശിയായ നിസാം അവിടെ ജിംനേഷ്യം നടത്തിവരികയാണെന്നു പൊലീസ് പറഞ്ഞു. റിയാസിന്റെ സുഹൃത്ത് സന്ദീപുമായി ബാറില്‍ വെച്ചുണ്ടായ തര്‍ക്കത്തിലിടപ്പെട്ടതാണ് റിയാസിനെ ബാറിന് പുറത്തു കാത്തുനിന്നു കുത്തികൊല്ലാന്‍ പ്രേരിപ്പിച്ചതെന്നാണ് പൊലിസിന്റെ എഫ്‌ഐആര്‍.
ഇതിനു ശേഷം ഇയാള്‍ തന്റെ ബുളളറ്റില്‍ രക്ഷപ്പെടുകയായിരുന്നു. നിഷാമിന്റെ രാഷ്ട്രീയ ബന്ധങ്ങളെ കുറിച്ചു പൊലീസ് പരിശോധിച്ചുവരികയാണ്. ഒരു പ്രമുഖ പാര്‍ട്ടിയുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് ആരോപണം പൊലീസ് അന്വേഷിക്കുന്നുണ്ട്. എന്നാല്‍ കൊലപാതകത്തിന് കാരണമായത് വ്യക്തിപരമായ തര്‍ക്കമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ബാറിലുണ്ടായ തര്‍ക്കത്തിനിടെയാണ് റിയാസിനെ പ്രകോപനത്തിന് വശംവദനായ നിഷാം നെഞ്ചില്‍ കുത്തിക്കൊന്നത്.












Click it and Unblock the Notifications