ഓൺലൈനിൽ കത്തി വാങ്ങി സുഹൃത്തിന്റെ കഴുത്തറത്തു: തലശേരിയിൽ 21 വയസുകാരന്റെ കുറ്റസമ്മത മൊഴി ഞെട്ടിക്കുന്നത്
തലശേരി: ഓൺലൈനിലൂടെ ഓർഡർ ചെയ്തു ശസ്ത്രക്രിയ ചെയ്യുന്ന കത്തി വാങ്ങി സുഹൃത്തിന്റെ കഴുത്തറത്ത്. ഇതിനായി മദ്യപാനമേള മറയാക്കി. തലശേരിയിൽ പിടിയിലായ 21 വയസുകാരന്റെ കുറ്റസമ്മത മൊഴി കേട്ട് ഞെട്ടിയിരിക്കുകയാണ് പൊലീസ്. താൻ കണ്ട ത്രില്ലർ സിനിമകൾ അനുകരിച്ചാണ് യുവാവ് കൊലപാതകത്തിന് പദ്ധതിയിട്ടതെന്ന് ചെയ്തതെന്ന് കുറ്റസമ്മത മൊഴിയിൽ പറയുന്നു. തലശേരിയിലെ കടൽതീരമായ ഗോപാൽ പേട്ട തുറമുഖത്തിനരികെയാണ് സംഭവം.
യുവാവിനെ കഴുത്തറത്ത് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മുഖ്യപ്രതി അറസ്റ്റിലായതോടെയാണ് കേസിന്റെ ചുരളഴിയുന്നത്. കുട്ടിമാക്കൂൽ ധന്യയിൽ അമിത്തി (34) നെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിലെ മുഖ്യ പ്രതി മുഴപ്പിലങ്ങാട് സ്വദേശി ഹിബാലിനെ (21) യാണ് സിഐ കെ.സനൽകുമാർ, എഎസ്ഐ രാജീവൻ വളയം, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ശ്രീജേഷ്, സുജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

സംഘർഷത്തിൽ കൈക്ക് സാരമായി പരിക്കേറ്റ് ഒമ്പത് തുന്നലുകളുള്ള പ്രതി പ്ലാസ്റ്റിക്ക് സർജറിക്ക് തയാറെടുക്കുന്നതിനിടയിലാണ് പോലീസിന്റെ വലയിലാക്കുന്നത്. കണ്ണൂർ , കോഴിക്കോട് ജില്ലകളിൽ ഒളിവിൽ കഴിയവെ വിവിധ ആശുപത്രികളിൽ പ്രതി ചികിത്സ തേടുകയും ചെയ്തിരുന്നു.
ഓൺലൈൻ സംവിധാനത്തിലൂടെ വില്പന നടത്തുന്ന മൂർച്ചയേറിയ പ്രത്യേകതരം ശസ്ത്രക്രിയ നടത്തുന്ന കത്തി ഉപയോഗിച്ചാണ് അമിത്തിന്റെ കഴുത്തറുത്തതെന്ന് ഹീബാൽ പോലീസിനു മൊഴി നൽകി. ഇയാളുടെ സുഹൃത്ത് പൊന്നു എന്ന ദിൽജിത്താണ് കത്തി വാങ്ങിനൽകിയത്. മദ്യപാനത്തിനിടയിലുള്ള തർക്കവും മുൻ വൈരാഗ്യവുമാണ് അക്രമത്തിൽ കലാശിച്ചതെന്നും സംഘത്തിൽ നാല് പേരുണ്ടായിരുന്നതായും പ്രതി പോലീസിനോട് പറഞ്ഞു. ഹിബാലിനെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.
യുവാവിനെ ആശുപത്രിയിലെത്തിച്ച നാട്ടുകാരൻ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. അടിയന്തിര ശസ്ത്രക്രിയകൾക്ക് വിധേയനായ അമിത്തിന് സംസാര ശേഷി തിരിച്ചു കിട്ടിയതായി ആശുപത്രി വൃത്തങ്ങൾ പറഞ്ഞു. കഴുത്തിന്റെ ഞരമ്പുകൾ മുറിഞ നിലയിൽ അതീവ ഗുരുതരാവസ്ഥയിലാണ് അമിത്തിനെ ഒരു സുഹൃത്ത് ആശുപത്രിയിലെത്തിച്ചത്. മുമ്പ് ഗോപാൽ പേട്ടയിൽ താമസിച്ചിരുന്ന അമിത്തുൾപ്പെടെ നാലംഗ സംഘം രാത്രി ഈ പ്രദേശത്തെ ആളൊഴിഞ്ഞ പറമ്പിൽ ഇരുന്ന് മദ്യപിച്ചിരുന്നു.
രാത്രി പന്ത്രണ്ടിനു ശേഷം കഴുത്ത് മുറിഞ്ഞ് ചോര ഒലിക്കുന്ന നിലയിൽ അമിത്ത് സഹായം തേടി പരിസരത്തെ വീടുകളിൽ എത്തുകയായിരുന്നു. തുടർന്ന് നാട്ടുകാരാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. സംഭവത്തിലെ കൂട്ടുപ്രതികൾക്കായി പോലീസ് തിരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്. ഇവർക്ക് മയക്കുമരുന്ന് സംഘവുമായി ബന്ധമുണ്ടോയെന്ന കാര്യവും അന്വേഷിച്ചുവരുന്നുണ്ട്.












Click it and Unblock the Notifications