നെഞ്ചത്തടിയും പൊട്ടിക്കരച്ചിലും: നാടകീയ രംഗങ്ങളുമായി മയക്കുമരുന്ന് കേസിലെ പ്രതികളായ ദമ്പതികള്‍
കണ്ണൂര്‍: കോടികൾ വിലയുള്ള സിന്തറ്റിക്ക് മയക്ക് മരുന്ന് കേസില്‍ ഒടുവില്‍ പിടിയിലായ ദമ്പതികള്‍ കണ്ണുരില്‍ സൃഷ്ടിച്ചത് ബോളിവുഡ് സിനിമയെ വെല്ലുന്ന നാടകീയ രംഗങ്ങള്‍. ബുധനാഴ്ച്ച രാവിലെ പതിനൊന്ന് മണിയോടെ കണ്ണൂര്‍ ഡി.വൈ.എസ്.പി ഓഫിസില്‍ മയക്ക് മരുന്ന് കേസില്‍ ഇവർ പിടിയിലായി. തുടർന്ന് യുവ ദമ്പതികൾ നെഞ്ചത്തടിയും കരച്ചിലും നിലവിളിയുമായി നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ച് അരങ്ങ് കൊഴുപ്പിച്ചത്.
ഹെല്‍പ്പ് ചെയ്തതിനാണ് തങ്ങളെ മയക്കുമരുന്ന് കേസിലെ സൂത്രധാരനായ നിസാം കേസില്‍ കുടുക്കിയെന്നാണ് മാധ്യമ പ്രവര്‍ത്തകരോട് ഇവർ പറഞ്ഞത്. താന്‍ അന്നേ ഇതൊക്കെ വേണ്ടായെന്ന് ഭര്‍ത്താവ് അന്‍സാരിയോട് പറഞ്ഞതാണെന്നും ഹെല്‍പ്പ് ചെയ്ത തങ്ങളെ അവര്‍ കേസില്‍ കുടുക്കുകയായിരുന്നുവെന്നാണ് ഷബ്‌നയെന്ന ആതിര കരഞ്ഞു കൊണ്ടു പൊലിസിനോടും മാധ്യമ പ്രവര്‍ത്തകരോടും പറഞ്ഞു.

എന്നാല്‍ വളരെ കൃത്യമായ ആസൂത്രണത്തോട് കൂടിയാണ് ഇവര്‍ കഴിഞ്ഞ ആറ് മാസക്കാലമായി മയക്ക് മരുന്ന് കച്ചവടത്തിന് ഇറങ്ങുകയായിരുന്നുവെന്ന കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റു ചെയ്തതെന്ന് കണ്ണൂര്‍ സിറ്റി പൊലിസ് അസി.കമ്മിഷണര്‍ പി.പി സദാനന്ദന്‍ കേരള കൗമുദിയോട് പറഞ്ഞു.
കണ്ണൂര്‍ സിറ്റി മരക്കാര്‍ക്കണ്ടി ചെറിയ ചിന്നപ്പന്റവിടെ വീട്ടില്‍ അന്‍സാരി (33)യും ഭാര്യ ആതിരയെന്ന ഷബ്‌നയും(26)മയക്കുമരുന്നിന്റെ ഇരുണ്ടവഴികളിലൂടെ പണം കൊയ്യാനിറങ്ങിയത്. നേരത്തെ കണ്ണൂര്‍ നഗരത്തില്‍വെച്ചു അന്‍സാരിയെ എക്‌സൈസ് തന്ത്രപരമായിപിടികൂടിയിരുന്നു. ഫോണ്‍ വഴി അന്‍സാരിയോട് അഞ്ചുഗ്രാം മയക്കുമരുന്നിന് ഓര്‍ഡര്‍ചെയ്യും എന്നാല്‍ 16ഗ്രാമുമായി എത്തിയ ഇയാളെ പിടികൂടുകയുമായിരുന്നു.
ഈ കേസില്‍ ഷബ്‌നയുടെ സഹോദരനും അറസ്റ്റിലായിരുന്നു. ജയിലില്‍ കിടന്നിരുന്നു ഇരുവരും. എന്നാല്‍ ആ സമയത്തുപോലും മയക്കുമരുന്ന് ഇടപാട് നിര്‍ത്തിയിരുന്നില്ല അന്‍സാരി. ജയിലില്‍ കിടന്ന വേളയില്‍ വാട്‌സ് ആപ്പ് കോള്‍ വഴി ഭാര്യ ഷബ്‌നയെ കളത്തിലിറക്കി ഇയാള്‍ ഏഴുലക്ഷത്തിന്റെ മയക്കുമരുന്ന് ഇടപാട് നടത്തിയിരുന്നുവെന്ന് നിസാമിന്റെ മൊബൈല്‍ ഫോണും അക്കൗണ്ടും പരിശോധിച്ചപ്പോള്‍ വ്യക്തമായെന്ന് അസി. സിറ്റി പൊലിസ് കമ്മിഷണര്‍ വെളിപ്പെടുത്തി.
നാട്ടിലും ഗള്‍ഫിലുമായി ഒരേ സമയം മയക്കുമരുന്ന് റാക്കറ്റുണ്ടാക്കിയായിരുന്നു അന്‍സാരിയുടെ പ്രവര്‍ത്തനം. ഖത്തറിലും ദുബായിയിലും ജോലി ചെയ്തു കൊണ്ടിരുന്ന കണ്ണൂര്‍ സിറ്റി മരക്കാര്‍ കണ്ടി സ്വദേശി അന്‍സാരിയുമായി തന്റെ പതിനേഴാമത്തെ വയസില്‍ ആതിരയെന്ന പെണ്‍കുട്ടി പ്രണയത്തിലാവുകയായിരുന്നു അന്‍സാരിയെ വിവാഹം കഴിക്കുന്നതിനാണ് ഇവര്‍ മതം മാറി ശബ്‌നയാകുന്നത്. അമ്മയും സഹോദരനുമുള്ള ഷബ്‌ന കഴിഞ്ഞ കുറെക്കാലമായി അന്‍സാരിയുടെ കണ്ണുര്‍സിറ്റിയിലെ മരക്കാര്‍ കണ്ടിയിലെ വീട്ടിലും പിന്നീട് അഫ്‌സല്‍ - ബള്‍ക്കിസ് ദമ്പതികളെ ഒഴിപ്പിച്ചു നിസാം എടുത്തു കൊടുത്ത വാടക വീട്ടിലായിരുന്നു താമസം.
നിസാമിന്റെ ഗള്‍ഫിലുള്ള മയക്കുമരുന്ന് വ്യാപാരം നിയന്ത്രിച്ചത് ഖത്തറും ദുബായിയും കേന്ദ്രികരിച്ചു അന്‍സാരിയായിരുന്നു ഇയാള്‍ ഗള്‍ഫ് മലയാളികളെ കേന്ദ്രീകരിച്ചു പാര്‍ട്ടികളിലും മറ്റു ആഘോഷവേളകളിലും സിന്തറ്റിക്ക് മയക്കുമരുന്ന് വില്‍പന നടത്തുകയായിരുന്നു.എന്നാല്‍ അന്‍സാരിയുടെ നീക്കങ്ങള്‍ ഖത്തര്‍ - ദുബായ് പൊലിസിന്റെ നിരീക്ഷണത്തിലായതോടെ കൊവിഡിന്റെ മറവില്‍ ഇയാള്‍ നാട്ടിലേക്ക് മുങ്ങുകയായിരുന്നു.
ഗള്‍ഫിലെ ബന്ധങ്ങള്‍ ഉപയോഗിച്ചാണ് കഴിഞ്ഞ ആറുമാസക്കാലമായി അന്‍സാരി നിസാമിന്റെ കീഴില്‍ മയക്കുമരുന്ന് ചില്ലറ വില്‍പ്പനക്കാരനായി പ്രവര്‍ത്തിച്ചു വന്നിരുന്നത്. കേരളത്തിലും ഇതിനു സമാനമായി ഗള്‍ഫിലും ഇയാള്‍ ഒരേ പോലെ ബിസിനസ് നിയന്ത്രിച്ചിരുന്നു.
മയക്കുമരുന്ന് കേസില്‍ പിടിയിലായപ്പോള്‍ സ്‌റ്റേഷനില്‍ നിശബ്ദമായിരുന്ന അഫ്‌സല്‍-ബള്‍ക്കിസ് ദമ്പതികള്‍ ഈ രംഗത്തെ ചെറുമീനുകളാണെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചവിവരം. അഫ്‌സല്‍ ദമ്പതികളെക്കാള്‍ മയക്കുമരുന്ന് ഇടപാടുകള്‍ വമ്പന്‍സ്രാവുകളായ അന്‍സാരി-ഷബ്‌ന എന്നിവര്‍ നടത്തിയെന്നാണ് നിസാമിന്റെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചതില്‍ നിന്നും പൊലിസിന് വ്യക്തമായത്.
ബള്‍ക്കിസ്-അഫ്‌സല്‍ ദമ്പതികള്‍ ചില്ലറ വില്‍പ്പനയാണ് നടത്തിയിരുന്നുവെങ്കില്‍ തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള മൊത്ത വിതരണ മായിരുന്നു അന്‍സാര്‍ - ഷബ്‌ന ദമ്പതികള്‍ ഏറ്റെടുത്തത്.ദിവസവും 20000 മുതല്‍ 40,000 രൂപവരെ ഇവര്‍ നിസാമിന്റെ അക്കൗണ്ടിലേക്ക് ഗൂഗിള്‍ പേവഴി അയച്ചിരുന്നതായും ചിലപ്പോള്‍ ഒരു ലക്ഷത്തിന്റെ വരെ പണമിടപാട് നടന്നതായും പ്രത്യേക അന്വേഷണസംഘത്തിന് തെളിവുലഭിച്ചിട്ടുണ്ട്. ഇവര്‍ നിസാമുമായി നടത്തിയ ശബ്ദസന്ദേശങ്ങളും കേസിലെ പ്രധാന തെളിവായി ലഭിച്ചിട്ടുണ്ട്
അറസ്റ്റു ചെയ്തതിനു ശേഷം കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനിലേക്ക് മാറ്റുമ്പോള്‍ അന്‍സാരി ഡി.വൈ.എസ്.പി ഓഫിസിന്റെ ഗ്രില്‍സ് പിടിച്ചു ബലം പ്രയോഗിച്ചത് ബുധനാഴ്ച്ച ഉച്ചയ്ക്ക് 12മണിക്ക് ഏറെ നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചു പൊട്ടിക്കരയുകയും മാധ്യമ പ്രവര്‍ത്തകരോടും പൊലിസിനോടും ഇയാള്‍ തട്ടിക്കയറുകയും ചെയ്തു.ഈ സമയം ഷബ്‌നയും വനിതാ പൊലിസിന്റെ കസ്റ്റഡിയില്‍ നിന്നും പൊട്ടിക്കരയുകയും തങ്ങളെ കുടുക്കിയ താണെന്ന് പറയുകയും ചെയ്യുന്നുണ്ടായിരുന്നു ഷബ്‌നയുടെ അമ്മയും സഹോദരനെയും അവരെ കാണാന്‍ സ്റ്റേഷനിലെത്തിയിരുന്നു. ഈ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ മാധ്യമ പ്രവര്‍ത്തകരോട് ഷബ്‌നയുടെ സഹോദരന്‍ തട്ടിക്കയറുകയും ക്ഷുഭിതനായി പൊലിസ് സ്റ്റേഷന്റെ മുന്‍പില്‍ നിര്‍ത്തിയിട്ട ചരക്കുലോറിയുടെ ചില്ലുതകര്‍ക്കുകയും ചെയ്തു.
ഇയാളും നേരത്തെ മയക്കുമരുന്ന് കേസില്‍ പിടിയിലായതിനെ തുടര്‍ന്ന് അന്‍സാരിയോടൊപ്പം ആറു മാസം ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ച് ഏഴിന് സിന്തറ്റിക് മയക്കുമരുന്നായ എം.ഡി.എം.എ, ബ്രൗണ്‍ഷുഗര്‍, ഹാഷിഷ് എന്നിവ ഉള്‍പ്പെടെ വന്‍ശേഖരവുമായി പിടിയിലായ അഫ്‌സല്‍ - ബള്‍ക്കിസ് ദമ്പതികളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായി പൊലിസ് പറഞ്ഞു. മയക്കുമരുന്ന് ഇടപാടുകള്‍ക്കായി നിസാം ഒരു വാടക വീട് എടുത്തു നല്‍കിയാണ് ഇവരെ പാര്‍പ്പിച്ചിരുന്നത്.പിടിയാലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications