സിറ്റി പൊലീസ് കമ്മിഷണര്‍ ഓഫിസിലേക്ക് മാര്‍ച്ച്: യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
കണ്ണൂര്‍: കണ്ണൂരില്‍ റോഡ് ഗതാഗതം തടസപ്പെടുത്തി സിറ്റി പൊലിസ് കമ്മിഷണറുടെ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തിയ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കണ്ണൂര്‍ ടൗണ്‍ പൊലിസ് കേസെടുത്തു. ഗതാഗത തടസമുണ്ടാക്കുകയും പൊലിസിനെ കൈയ്യേറ്റം ചെയ്യുകയും സിറ്റി പൊലിസ് കമ്മിഷണര്‍ ഓഫിസിലേക്ക് പൊലിസ് ഉയര്‍ത്തിയ ബാരിക്കേഡ് മറികടന്നുകൊണ്ടു കയറാന്‍ ശ്രമിച്ചതിനുമാണ് കണ്ണൂര്‍ ടൗണ്‍ സിഐ ശ്രീജിത്ത് കോടെരി അന്‍പതിലേറെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി നടത്തിയ സിറ്റി പൊലിസ് കമ്മിഷണര്‍ ഓഫീസ് പ്രതിഷേധ മാര്‍ച്ചിനെതിരെ പൊലിസ് ജലപീരങ്കി പ്രയോഗിച്ചിരുന്നു. ചെറിയ തോതില്‍ ലാത്തിച്ചാര്‍ജ്ജുമുണ്ടായി. അര മണിക്കൂറോളം പൊലിസും സമരക്കാരും ബലപ്രയോഗവും നടന്നു. വെള്ളിയാഴ്ച്ച രാവിലെ 11 മണിക്ക് മുസ്ലീം ലീഗ് ജില്ലാ കമ്മിറ്റി ഓഫിസായ കണ്ണൂര്‍ കാല്‍ടെക്‌സിലെ ബാഫഖി സൗധത്തിന് മുന്‍പില്‍ വെച്ചാണ് മാര്‍ച്ച് ആരംഭിച്ചത്.

തുടര്‍ന്ന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഓഫീസിന് മുന്‍പില്‍ വെച്ചു പൊലിസ് ബാരിക്കേഡ് ഉയര്‍ത്തി മാര്‍ച്ച് തടയുകയായിരുന്നു. ഇതിന് ശേഷം ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരും പൊലിസും തമ്മില്‍ ഉന്തുംതളളും നടന്നു. ഇതിനിടെ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കെതിരെയാണ് പൊലിസ് ജലപീരങ്കി പ്രയോഗിച്ചത്. രണ്ടു വട്ടമാണ് വരുണ്‍ ജലപീരങ്കി പ്രയോഗം നടത്തിയത്.
ഇതിനെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. സമരം യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. ഫൈസല്‍ ബാബു ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി സി.കെ മുഹമ്മദലി, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് നസീര്‍ നെല്ലൂര്‍, ജനറല്‍ സെക്രട്ടറി പി.സി നസീര്‍ എന്നിവര്‍ പ്രസംഗിച്ചു. കണ്ണൂര്‍ ടൗണ്‍ സ്.ഐ ശ്രീജിത്ത് കോടെരിയുടെ നേതൃത്വത്തില്‍ വന്‍ പൊലിസ് സംഘം സ്ഥലത്ത് ക്യാംപ് ചെയ്തിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്‍ ആര്‍.എസ്.എസിന് വിടുപണി ചെയ്യുകയാണെന്ന് യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. ഫൈസല്‍ ബാബു പറഞ്ഞു. കേരളത്തിലെ ജനങ്ങളുടെ മുഴുവന്‍ ആഘോഷമാണ് തൃശൂര്‍ പൂരം. ആ പൂരം കലക്കാന്‍ എഡിജിപിയെ ഉപയോഗിച്ചു. ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി സംഘര്‍ഷമുണ്ടായപ്പോള്‍ എങ്ങനെയാണ് പൂരസ്ഥലത്ത് എത്തിയത് വ്യക്തമാക്കണമെന്ന് അഡ്വ. ഫൈസല്‍ ബാബു ആവശ്യപ്പെട്ടു.
സേവാഭാരതിയുടെ ആംബുലന്‍സിലാണ് രാത്രിയില്‍ എവിടെ നിന്നോ സുരേഷ് ഗോപി വന്നത്. ഇതൊക്കെ ആര്‍എസ്എസിനായി ഗൂഢാലോചന നടത്തിയതിന്റെ വ്യക്തമായ തെളിവാണ്. ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയ എഡിജിപിയെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണ്. പാലക്കാട് സിറാജുന്നീസയെന്ന പെണ്‍കുട്ടി പൊലിസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ആരോപണ വിധേയനായ മുന്‍ ഡിജിപിയെ ആഭ്യന്തര വകുപ്പില്‍ ഉപദേഷ്ടാവാക്കിയത് ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്താണ്.
ഗുജറാത്തില്‍ ഇസ്രന്‍ ജഹാനെ വെടിവെച്ചു കൊന്ന ലോക്‌നാഥ് ബഹ്‌റയാണ് ഇപ്പോഴത്തെ വിശ്വസ്തന്‍. ബിജെപി കേന്ദ്ര നേതാകളുടെ നിര്‍ദ്ദേശപ്രകാരമാണ് മുഖ്യമന്തി ഇവരെ നിയോഗിച്ചതെന്നും ഫൈസല്‍ ബാബു ആരോപിച്ചു. മുഖ്യമന്ത്രി സ്വന്തം മരുമകനോട് മാത്രമാണ് നീതി പുലര്‍ത്തുന്നത്. റിയാസിനോട് മാത്രം സ്‌നേഹമുള്ള മുഖ്യമന്ത്രിയായി അദ്ദേഹം മാറിയെന്നും ഫൈസല്‍ ബാബു ആരോപിച്ചു.












Click it and Unblock the Notifications