തട്ടിപ്പുകേസില്‍ പ്രതിയായ കര്‍ണാടക സ്വദേശി കസ്റ്റഡിയിലിരിക്കെ മരിച്ചു
തളിപ്പറമ്പ്: വനിതാസംരഭകയെ വഞ്ചിച്ചു പത്തുലക്ഷം രൂപതട്ടിയെടുത്തുവെന്ന കേസില്‍ പൊലിസ് കസ്റ്റഡിയിലെടുത്ത കര്‍ണാടക സ്വദേശി മരിച്ചു. ശ്രീകണ്ഠാപുരം പൊലിസ് കഴിഞ്ഞ ദിവസം വഞ്ചനാകേസില്‍ കസ്റ്റഡിയിലെടുത്ത കര്‍ണാടക ചിത്രദുര്‍ഗ സ്വദേശി ശിവകുമാറാ(56)ണ് മരിച്ചത്. പൊലിസ് കസ്റ്റഡിയിലെടുത്ത ശിവകുമാറിനെ ശാരീരിക അവശത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇന്ന് ഉച്ചയ്ക്കാണ് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെത്തിച്ചത്.
ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പൊലിസ് പറയുന്നത്.ക്വാറി ഉടമയായ ശിവകുമാറിന്റെ പേരില്‍ നിടുവാലൂര്‍ സ്വദേശിനിയാണ് പത്തുലക്ഷംരൂപ വങ്ങി വഞ്ചിച്ചുവെന്ന് പരാതി നല്‍കിയത്. കര്‍ണാടകയിലെ ധാവന്‍കരെയില്‍ തന്റെ ഉടമസ്ഥതയിലുള്ള ക്രഷര്‍ ലീസിന് നല്‍കാമെന്ന് വിശ്വസിപ്പിച്ച് പരാതിക്കാരനായ കൂട്ടുമുഖത്തെ ജെമിനിരാജില്‍ നിന്നും ബാങ്ക് അക്കൗണ്ട് വഴിയും നേരിട്ടുമായി പത്തുലക്ഷം രൂപ വാങ്ങിയ ശേഷം ക്രഷീര്‍ ലീസിന് നല്‍കാതെ കബളിപ്പിച്ചുവെന്നാണ് പരാതി.
പണം നല്‍കിയവര്‍ നടത്തിയ അന്വേഷണത്തില്‍ ശിവാകുമാറിന്റെ പേരില്‍ ക്രഷറില്ലെന്നും മറ്റൊരാളുടെഉടമസ്ഥതയിലുള്ള ക്രഷര്‍ കാണിച്ചു തട്ടിപ്പു നടത്തിയതാണെന്ന് ബോധ്യപ്പെട്ടതോടെ ശ്രീകണ്ഠാപുരം പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. മൃതദേഹം ശ്രീകണ്ഠാപുരം പൊലിസ് ഇന്‍ക്വസ്റ്റു നടത്തി പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.ഹൃദയാഘാതമാണ് മരണകാരണമാണെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.