കൂട്ടുപുഴ പാലം ജനുവരി 31ന് നാടിന് സമര്‍പ്പിക്കും
കണ്ണൂര്‍: കണ്ണൂരിലെ യാത്രാദുരിതത്തിന് പരിഹാരമായ കൂട്ടുപുഴ പാലമൊരുങ്ങുന്നു. കേരള-കര്‍ണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന തലശേരി - വീരാജ് പേട്ട അന്തര്‍ സംസ്ഥാന പാതയി കൂട്ടുപുഴയില്‍ നിര്‍മ്മിച്ച പുതിയ പാലം 31ന് തന്നെ ഗതാഗത്തിന് തുറന്നുകൊടുക്കാന്‍ അന്തിമതീരുമാനമായി. നേരത്തെ ജനുവരി ഒന്നിന് പാലം തുറന്നു കൊടുക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും അവസാന മണിക്കൂറില്‍ കര്‍ണാടക വനംവകുപ്പ് ഈക്കാര്യം തങ്ങളെ അറിയിച്ചില്ലെന്നു പറഞ്ഞതിനാല്‍ മാറ്റിവയ്ക്കുകയായിരുന്നു. ഇതേ പാതയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ എരഞ്ഞോളി പാലത്തിനൊപ്പം 31ന് രാവിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസാണ് പാലം നാടിന് സമര്‍പ്പിക്കുക. പേരാവൂര്‍ എം. എല്‍. എ സണ്ണിജോസഫ് അധ്യക്ഷനാകും. ഇതോടൊപ്പം കെ എസ് ടി പി പദ്ധതിയില്‍ ഉള്‍പ്പെടുത്തി തലശ്ശേരി - വളവുപാറ റോഡില്‍ പണിത ഏഴു പാലങ്ങളും ഗതാഗതത്തിന് തുറന്നു കൊടുക്കും.

കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് പ്രോജക്ടില്‍ (കെഎസ് ടിപി) പെടുത്തി 356 കോടിയുടെ തലശേരി- വളവുപാറ അന്തര്‍ സംസ്ഥാന പാതയുടെ നവീകരണത്തില്‍ ഉള്‍പ്പെടുത്തിയാണ് കൂട്ടുപുഴയില്‍ പുതിയ പാലം നിര്‍മ്മിച്ചത്. ഇതിന്റെ നിര്‍മ്മാണത്തില്‍ നിരവധി പ്രതിസന്ധികളാണ് ഉടലെടുത്തത്. 90 മീറ്റര്‍ നീളത്തില്‍ അഞ്ചുതൂണുകളിലായി നിര്‍ക്കേണ്ട പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തി 2017 ഒക്ടോബറില്‍ ആണ് തുടങ്ങുന്നത്. പാലത്തിന്റെ കൂട്ടപുഴ ഭാഗത്തെ തൂണിന്റെ അടിത്തറ പൂര്‍ത്തിയാക്കി മാക്കൂട്ടത്ത് കേരളത്തിന്റെ അധീനതയിലുള്ള പുഴ പുറമ്പോക്ക് ഭൂമിയില്‍ തൂണിന്റെ നിര്‍മ്മാണം ആരംഭിച്ചതോടെയാണ് പ്രതിസന്ധി തുടങ്ങിയത്.
പുഴയുടെ മറുകര പൂര്‍ണ്ണമായും കര്‍ണ്ണാടക വനം വകുപ്പിന്റെ അധീനതയിലാണെന്നും മുന്‍കൂര്‍ അനുമതി വാങ്ങിയില്ലെന്നും പറഞ്ഞ് കര്‍ണ്ണാടക വനം വകുപ്പ് നിര്‍മ്മാണം തടയുകയായിരുന്നു.പുഴയുടെ മറുകരവരുന്ന മാക്കൂട്ടം പുഴക്കര പൂര്‍ണ്ണമായും തങ്ങളുടേതാണെന്ന് സ്ഥാപിക്കാന്‍ കൂടിയാണ് അവര്‍ ഈ വാദം ഉന്നയിച്ചത്. പലതട്ടില്‍ ചര്‍ച്ച നടത്തിയിട്ടും പ്രശ്നത്തിന് പരിഹാരം ഉണ്ടായില്ല. മൂന്ന് വര്‍ഷം ഒരു പ്രവ്യത്തിയും നടത്താന്‍ കഴിഞ്ഞില്ല. ഒടുവില്‍ കേന്ദ്ര- വനം പരിസ്ഥിതി മന്ത്രാലയത്തില്‍ പ്രശ്നമെത്തി. ചര്‍ച്ചകര്‍ക്കും അസംഖ്യം രേഖകളുടെ പരിശോധനയ്ക്കും ശേഷം 2020 ഏപ്രില്‍ 23-നാണ് ദേശീയ വന്യജീവി ബോര്‍ഡിന്റെ അന്തിമാനുമതിയോടെയാണ് പാലം പണി പുരനാരംഭിക്കാന്‍ കഴിഞ്ഞത്. കര്‍ണ്ണാടക വനം വകുപ്പിന്റെ നിബന്ധനകള്‍ക്ക് വിധേയമായി നിര്‍മ്മാണം പുനരാരംഭിച്ചപ്പോള്‍ ആക്‌സ്മികമായെത്തിയ കൊവിഡ് മഹാമാരി പ്രതിസന്ധി സൃഷ്ടിച്ചു. ആറുമാസംകൊണ്ട് തീര്‍ക്കേണ്ട നിര്‍മാണം നാലുതവണ നീട്ടിനല്‍കിയാണ് ഇപ്പോള്‍ പൂര്‍ത്തിയായത്.












Click it and Unblock the Notifications