കുട്ടികളെ കൊണ്ട് അഭിവാദ്യമര്‍പ്പിച്ച സംഭവം: കെഎസ്യു അധ്യക്ഷന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി
കണ്ണൂര്‍: മുഖ്യമന്ത്രി കടന്നുപോകുമ്പോള്‍ റോഡരികില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ നിരത്തിനിര്‍ത്തി മുദ്രാവാക്യം വിളിപ്പിക്കുകയും അഭിവാദ്യമര്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തുവെന്ന് കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡണ്ട് പി.മുഹമ്മദ് ഷമ്മാസ് കണ്ണൂര്‍ ഡി.സി.സി ഓഫീസില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പിഞ്ചുകുട്ടികളെ പൊരി വെയിലത്ത് നിര്‍ത്തി മുദ്രാവാക്യം വിളിപ്പിക്കുന്നത് കണ്ട് ആസ്വദിക്കുന്ന മുഖ്യമന്ത്രിയുടെ മനസ്സ് വികൃതമാണെന്നും നവകേരള സദസ്സിന്റെ പേരില്‍ വ്യാപകമായി വിദ്യാര്‍ഥികളേയും വിദ്യാഭ്യാസ സ്ഥാപനങ്ങളേയും തെറ്റായ രീതിയില്‍ ദുരുപയോഗം ചെയ്യുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും മുഹമ്മദ് ഷമ്മാസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഉച്ചക്കഞ്ഞിക്ക് പോലും പണമില്ലാതെ പ്രധാന അധ്യാപകര്‍ വലയുകയും പിരിവ് എടുക്കാന്‍ സര്‍ക്കാര്‍ തന്നെ നിര്‍ദ്ദേശിക്കുകയും ചെയ്യുന്ന ദയനീയ സാഹചര്യത്തിലാണ് തിരുവനന്തപുരത്തുള്‍പ്പെടെ സ്‌കൂളുകള്‍ നവകേരള സദസ്സിന്റെ ബോര്‍ഡ് വെക്കണമെന്ന് ഉദ്യോഗസ്ഥര്‍ ഉത്തരവിറക്കിയിരിക്കുന്നത്.അതുപോലെതന്നെ മലപ്പുറത്ത് വിദ്യാര്‍ത്ഥികളുടെ സ്വഭാവഗുണവും അച്ചടക്കവും നോക്കി തെരഞ്ഞെടുത്ത് പരിപാടിയില്‍ പങ്കെടുപ്പിക്കണമെന്ന നിര്‍ദ്ദേശവും വിചിത്രമാണ്.
ഇത്രയും ക്രൂരത കുട്ടികള്‍ക്ക് നേരെ നടക്കുമ്പോഴും പ്രതികരിക്കേണ്ട ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ മുഖ്യമന്ത്രി എന്ന് കേട്ടാല്‍ മുട്ടിടിക്കുന്ന ആളാണെന്നും മുഹമ്മദ് ഷമ്മാസ് പറഞ്ഞു. ചമ്പാട് എല്‍പി സ്‌കൂളില്‍ വിദ്യാര്‍ഥികളെ റോഡില്‍ ഇറക്കി നിര്‍ത്തിയത് പന്ന്യന്നൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് അശോകന്റെ നിര്‍ദ്ദേശപ്രകാരമാണെന്ന് തെളിയിക്കുന്ന ശബ്ദരേഖയും മുഹമ്മദ് ഷമ്മാസ് പത്രസമ്മേളനത്തില്‍ പുറത്തുവിട്ടു. സംസ്ഥാനത്തുടനീളം നടക്കുന്ന ഇത്തരം വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി അഡ്വ.ബൈജു നോയല്‍ മുഖേനയാണ് മുഹമ്മദ് ഷമ്മാസ് ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്.
മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് എന്ന പേരില്‍ കൂടെയുള്ളത് പോലീസ് ഗുണ്ടാ സംഘമാണെന്ന് പറഞ്ഞ ഷമ്മാസ് കഴിഞ്ഞദിവസം പഴയങ്ങാടിയില്‍ നടന്ന അക്രമത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ വയര്‍ലസ് സെറ്റ് ഉപയോഗിച്ച് മര്‍ദ്ദിച്ച മുഖ്യമന്ത്രിയുടെ സുരക്ഷാ ജീവനക്കാരുടെ പേര് വിവരങ്ങളും ചിത്രങ്ങളും വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ടു. കെ.എസ്.യു ജില്ലാ പ്രസിഡണ്ട് എം.സി അതുല്‍,സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ആകാശ് ഭാസ്‌കരന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications