കണ്ണൂരില്‍ വീണ്ടും ഒരു കോടിയുടെ ഓണ്‍ലൈന്‍ തട്ടിപ്പ്: സൈബര്‍ സെല്‍ പൊലിസ് കേസെടുത്തു
കണ്ണൂര്‍: താവക്കരയിലെ ജ്വല്ലറി ജീവനക്കാരിയുടെ മരണത്തിനിടയാക്കിയ ഓണ്‍ ലൈന്‍ തട്ടിപ്പിനു ശേഷം കണ്ണൂരില്‍ വീണ്ടും ഓണ്‍ലൈന്‍ ജോലി വാഗ്ദാനം ചെയ്തു കോടികളുടെ തട്ടിപ്പുനടത്തിയെന്ന പരാതിയില്‍ കണ്ണൂര്‍ സൈബര്‍ പൊലിസ് കേസെടുത്തു അന്വേഷണം ഊര്‍ജിതമാക്കി. സൈബര്‍ പൊലിസ് സിഐ സനല്‍കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിവരുന്നത്. വീട്ടിലിരുന്ന് പാര്‍ട്ട് ടൈമായി ബിസിനസ് ചെയ്ത് ലക്ഷങ്ങള്‍ ലാഭം കൊയ്യാമെന്ന് വിശ്വസിപ്പിച്ച മൂന്നു പേരില്‍ നിന്നായി ഓണ്‍ലൈന്‍ തട്ടിപ്പ് സംഘം ഒരു കോടിയോളം രൂപ തട്ടിയെടുത്തുവെന്ന പരാതിയിലാണ് സൈബര്‍ സെല്‍ പൊലിസ് കേസെടുത്തു ശാസ്ത്രീയ അന്വേഷണമാരംഭിച്ചത്.
തട്ടിപ്പുകാര്‍ അയച്ചുകൊടുത്ത ലിങ്കില്‍ പ്രവേശിച്ച പിണറായി വെണ്ടുട്ടായി സ്വദേശിനിയായ 28 കാരിയെ ഈ മാസം 14 മുതല്‍ 19 വരെയുള്ള കാലയളവില്‍ ഓണ്‍ലൈന്‍ ആപ് വഴി 2,41,000 രൂപയും, കോയ്യോട് സ്വദേശിഷിജിനില്‍ നിന്നും ഇക്കഴിഞ്ഞ ഫെബ്രവരി ഒന്‍പതു മുതല്‍ മാര്‍ച്ച് 17 വരെയുള്ള കാലയളവില്‍ 26, 22,000 രൂപയും ,മയ്യില്‍ എട്ടേയാര്‍ സ്വദേശി വിനീത് വിജയനില്‍ നിന്നും ഈ മാസം 13 മുതല്‍ 21 വരെ യുള്ള കാലയളവില്‍ വീട്ടില്‍ നിന്നും ടെലഗ്രാം ഗ്രൂപ്പ് വഴി36,23,900 രൂപയുമാണ് സംഘം തട്ടിയെടുത്തത്.

തട്ടിപ്പിനിരയായവര്‍ സൈബര്‍ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് കേസെടുത്ത് അന്വേഷണമാരംഭിച്ചതെന്നും ഇത്തരം തട്ടിപ്പുകളില്‍ വീഴുന്നതില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ ജാഗ്രതപാലിക്കണമെന്ന് സൈബര്‍ സെല്‍ സി. ഐ സനല്‍കുമാര്‍ കണ്ണൂര്‍സൈബല്‍ സെല്‍ ഓഫീസില്‍ അറിയിച്ചു. ഒന്നര മാസം മുന്‍പ് കണ്ണൂര്‍ നഗരത്തിലെ ഒരു ജ്വല്ലറി ജീവനക്കാരിയില്‍ നിന്നും പാര്‍ട്ട് ടൈം ജോലി വാഗ്ദ്ധാനം ചെയ്തു എട്ടുലക്ഷം രൂപ തട്ടിയെടുത്തിരുന്നു. ഇതിന്റെ മനോവിഷമത്താല്‍ കണ്ണൂര്‍ അഞ്ചുകണ്ടിയിലെ യുവതി പയ്യാമ്പലം ബേബി ബീച്ചിലെ കടലില്‍ ചാടി ആത്മഹത്യ ചെയ്തിരുന്നു.
ഇതിനു ശേഷം നിരവധി പരാതികളാണ് ഓണ്‍ ലൈന്‍തട്ടിപ്പിന് ഇരയായെന്നു ചൂണ്ടിക്കാട്ടി കണ്ണൂര്‍ സൈബര്‍ പൊലിസിന് ലഭിച്ചുവരുന്നത്. അഞ്ചുകണ്ടിസ്വദേശിനിയും ഇടച്ചേരിയില്‍ താമസിക്കുന്നവരുമായി റോഷിതയാണ് ഓണ്‍ലൈന്‍ തട്ടിപ്പിനിരയായി ജീവനൊടുക്കിയത്. ഇവരുടെ അക്കൗണ്ടില്‍ നിന്നും ഉത്തരേന്ത്യക്കാരായ സംഘം രണ്ടു ദിവസം കൊണ്ടു എട്ടുലക്ഷം രൂപ തട്ടിയെടുത്തതായി പൊലിസ് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. ഇതിനു ശേഷം ഓണ്‍ ലൈന്‍ തട്ടിപ്പുകള്‍ക്കെതിരെ സൈബര്‍ പൊലിസ് നിരീക്ഷണം ശക്തമാക്കിവരികയാണ്.
ഓണ്‍ ലൈന്‍ തട്ടിപ്പിനിരയാകുന്നവര്‍ ബാങ്കുമായി ബന്ധപ്പെടുന്നതിന് മുന്‍പേ തന്നെ എത്രയും പെട്ടെന്നു തന്നെ സൈബര്‍ പൊലിസിന്റെ ടോള്‍ ഫ്രീ നമ്പറായ 1930-വിളിച്ചു പരാതി രജിസ്റ്റര്‍ ചെയ്താല്‍ പണം നഷ്ടപ്പെടുന്നത് ഒഴിവാക്കാന്‍ കഴിയുമെന്നാണ് സൈബര്‍ പൊലിസിന്റെ മുന്നറിയിപ്പ്. എന്നാല്‍ അഞ്ജാത സന്ദേശങ്ങളും ഫോണ്‍കോളുകളും അവഗണിക്കാത്തതാണ് പലരും കെണിയില്‍ വീഴുന്നതെന്നാണ് സൈബര്‍ പൊലിസ് തട്ടിപ്പിന്റെ മൂലകാരണമായി വിലയിരുത്തുന്നത്.












Click it and Unblock the Notifications