കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'തലശ്ശേരി കലാപം സിപിഎമ്മിന്റെ തലയിലേക്ക്', മുൻ കെഎസ്യു നേതാവിന്റ കുറിപ്പുമായി പി ജയരാജൻ

Google Oneindia Malayalam News

കണ്ണൂര്‍: 9 വര്‍ഷം മുന്‍പൊരു ഡിസംബര്‍ 28ന് ആണ് തലശ്ശേരിയില്‍ വര്‍ഗീയ കലാപം പൊട്ടിപ്പുറപ്പെട്ടത്. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ കറുത്ത ഏടായി മാറിയ തലശ്ശേരി കലാപത്തിന് അരനൂറ്റാണ്ട് തികഞ്ഞിരിക്കുകയാണ്.

അന്ന് കെഎസ്യു നേതാവ് ആയിരുന്ന ഒവി ജാഫറിന്റെ കുറിപ്പ് പങ്കിട്ടിരിക്കുകയാണ് സിപിഎം നേതാവ് പി ജയരാജന്‍. വര്‍ഗീയ കലാപത്തിന്റെ ഉത്തരവാദിത്തം സിപിഎമ്മിന്റെ തലയില്‍ കെട്ടിവെക്കാനും ആര്‍എസ്എസിനെ വെള്ളപൂശാനും കോണ്‍ഗ്രസ് നേതൃത്വം ശ്രമിച്ചു എന്ന് കുറിപ്പില്‍ പറയുന്നു.

1

പി ജയരാജൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം: '' തലശ്ശേരി വർഗീയ കലാപത്തിന്റെ ഓർമകൾക്ക് അമ്പതാണ്ട് പൂർത്തിയാകുമ്പോൾ അന്ന് KSU നേതാവും പിന്നീട് DCC ജനറൽ സെക്രട്ടറിയുമായിരുന്ന OV. ജാഫർ ആത്മ വിമർശനത്തോടെ എഴുതിയ ഫേസ്ബുക്ക് കുറിപ്പാണ് താഴെ. വർഗീയ കലാപത്തിന്റെ തീയണക്കാൻ ഏത് പ്രസ്ഥാനമാണ് ശ്രമിച്ചത് എന്നതിന്റെ വിവരണം കൂടി ഇതിനകത്തുണ്ട്. കോൺഗ്രസ്‌ ലീഗ് നേതാക്കൾക്ക് ഇതേക്കുറിച്ച് എന്താണഭിപ്രായം എന്ന് അറിയാൻ ജനങ്ങൾക്കാകെ താല്പര്യമുണ്ട്. ഉത്തരവാദിത്തപ്പെട്ട കോൺഗ്രസ്‌ നേതാക്കളും ലീഗ് നേതാക്കളും പ്രതികരിക്കണം എന്നഭ്യർത്ഥിക്കുന്നു.

2

''തലശ്ശേരി കലാപം നൽകുന്ന പാഠം അഥവാ പരസ്പരം പാലുട്ടുന്ന വർഗീയത. ആർ.എസ്.എസ് ആസൂത്രണം ചെയ്ത "തലശ്ശേരി വർഗീയ കലാപത്തിന് " ഡിസംബർ 28ന് അമ്പത് വർഷം തികയുന്നു. കലാപത്തിൻ്റെ 3 ദിവസങ്ങളിലും, തുടർന്ന് ജീവനൊഴിച്ച് എല്ലാം നഷ്ടപ്പെട്ട ഒരു ജനതയോടൊപ്പം ദിവസങ്ങളോളം റിലീഫ് പ്രവർത്തനങ്ങളൂടെ ഭാഗമായും തലശ്ശേരിയിൽ ഉണ്ടായിരുന്ന എനിക്ക് എല്ലാം ഒരു തിരശ്ശീലയിലെന്നോളം ഇന്നും മനസ്സിൽ മാറി മറിയുന്നു. 1971 ഡിസംബർ 28. വടക്കേ മലബാറിന് മാത്രമല്ല കേരള സംസ്ഥാനത്തിന് തന്നെ അപമാനം വിതച്ച ദിവസം. 1972 ജനുവരിയിൽ തലശ്ശേരിയിൽ നടത്താൻ തീരുമാനിച്ച കെ.എസ് യു ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി വയനാട്ടിലെ മാനന്താവാടിയിൽ നടന്ന വിദ്യാർത്ഥി കൺവെൻഷനിൽ പങ്കെടുത്ത ശേഷം ഞാനും അന്നത്തെ കെ എസ് യു ജില്ലാ പ്രസിഡണ്ടായിരുന്ന എ.കെ. വിജയശങ്കറും തലശ്ശേരിയിൽ ബസ്സിറങ്ങുമ്പോൾ സമയം രാത്രി 8 മണി.

3

തലശ്ശേരി മണ്ഡലം കോൺഗ്രസ്സ് ഓഫീസ് സ്ഥിതി ചെയ്യുന്ന എൽ.എസ് പ്രഭുമന്ദിരത്തിൻ്റെ ഓഫീസ് സിക്രട്ടറിയായിരുന്ന ഒതയോത്ത് സുകുമാരൻ്റെ റൂമിലായിരുന്നു കെ.എസ് യുക്കാരുടെ കേമ്പ്. വയനാട്ടിലെ കൺവെൻഷൻ കഴിഞ്ഞ് ബസ്സിറങ്ങിയ വിജയശങ്കർ തൻ്റെ നാടായ മേലൂരിലേക്ക് ബസ് കയറിപ്പോയി. ഞാൻ ബസ് സ്റ്റാൻ്റിന് തൊട്ടടുത്തായി ഒ.വി റോഡിലെ നൂർജഹാൻ_ഹോട്ടലിൽ നിന്ന് അത്തായവും കഴിച്ച് അംബാസിഡർ ഹോട്ടലിലേക്ക് തിരിച്ചു. പിറ്റേന്ന് (ഡിസംബർ 29) കാലത്ത് 8 മണിക്ക് എന്നെ വിളിച്ചുണർത്തി അന്നത്തെ ജില്ലാ കെ.എസ് .യു സിക്രട്ടറിയും തലശ്ശേരിക്കാരനുമായ കെ.പി.രാജനാണ് തലശ്ശേരിയിൽ ഹിന്ദു - മുസ്ലിം സംഘട്ടനമാരംഭിച്ചതായ വിവരം പറയുന്നത് .

4

അന്നത്തെ ഡി സി സി പ്രസിഡണ്ടായിരുന്ന N R (എൻ.രാമകൃഷ്ണൻ) തലശ്ശേരിയിൽ എത്തിയിട്ടുണ്ടെന്നും ബി.ഇ.എം.പി സ്കൂളിൻ്റെ മുൻവശത്തു ഇന്ത്യൻ കോഫി ഹൗസിൻ്റെ മുകളിൽ സ്ഥിതി ചെയ്യുന്ന ലീഗ് നേതാവ് സി.കെ.പി ചെറിയ മമ്മൂക്കേയിയുടെ ഓഫീസിൽ ഉണ്ടെന്നും രാജൻ പറഞ്ഞപ്പോൾ ഒട്ടും താമസിക്കാതെ ഞാൻ കേയി സാഹിബിൻ്റെ ഓഫീസിൽ എത്തി. അവിടെ എൻ.ആറിനെ കൂടാതെ കെ.പി.സി.സി സിക്രട്ടറിയായ എ.കെ.ആൻ്റണി, ലീഗ് നേതാവ് ഇ.അഹമ്മദ്, സി.പി.ഐ ജില്ലാ സിക്രട്ടറിയായ പി.പി.മുകുന്ദൻ എന്നിവർ എത്തിയിട്ടുണ്ടായിരുന്നു. (തലേ ദിവസം കോഴിക്കോട് ഉണ്ടായിരുന്ന എ.കെ. ആൻ്റണി വിവരമറിഞ്ഞപ്പോൾ തലശ്ശേരിയിലേക്ക് തിരിക്കുകയായിരുന്നു.)

5

ഏതോ ആവശ്യത്തിന് എറണാകുളത്ത് പോയ ചെറിയ മമ്മുക്കേയി ജില്ലാ അതിർത്തിയായ മാഹിയിൽ കുടുങ്ങി കിടക്കുകയാണെന്നും അദ്ദേഹത്തെ സുരക്ഷിതമായി തലശ്ശേരിയിൽ പോലീസ് കാവലോടെ എത്തിക്കുന്നതിന് വേണ്ടി ജില്ലാ പോലീസ് അധികാരിയുമായി ഫോണിൽ സംസാരിച്ചു കൊണ്ടിരുന്ന എ.കെ.ആൻ്റണിയേയാണ് ഞാൻ കണ്ടത്. എന്നെ കണ്ടയുടൻ N R എന്നെ ഒരു ഉത്തരവാദിത്വം ഏൽപ്പിച്ചു. കേയി സാഹിബിൻ്റെ ഓഫീസിലേക്കെത്തുന്ന ഫോൺ കോളുകൾ അറ്റൻറ് ചെയ്യാനും അവ കുറിച്ച് വെച്ച് യഥാസമയം നേതാക്കളെ അറിയിക്കാനുമുള്ള ഡ്യൂട്ടി. പീന്നീട് ഓരോ നിമിഷത്തിലും ആ ഫോണിലൂടെ തേടിയെത്തിയ വാർത്തകളുടെ ഓർമ്മ അരനൂറ്റാണ്ട് കഴിഞ്ഞിട്ടും എൻ്റെ നെഞ്ചകത്തെ ഇന്നും ചുട്ടുപൊള്ളിക്കുന്ന അനുഭവമായി നിൽക്കുന്നു.

6

ആ അനുഭവങ്ങൾ പങ്ക് വെക്കാൻ ഒരു പാട് പേജുകൾ വേണ്ടിവരും അത് കൊണ്ടു മാത്രം അതിവിടെ ഒഴിവാക്കുന്നു. തലശ്ശേരി റെയിൽവേ മേൽപ്പാലത്തിന് അടുത്തുള്ള മേലൂട്ട് മുത്തപ്പൻ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് എരഞ്ഞോളി ഭാഗത്ത് നിന്നും വരുന്ന കലശഘോഷയാത്രക്ക് നേരെ ഒ.വിറോഡിലെ നൂർജഹാൻ ഹോട്ടലിൻ്റെ മുകളിൽ നിന്നും ചെരിപ്പെറിഞ്ഞു എന്നാരോപിച്ചു കൊണ്ടാണ്. നൂർജഹാൻ ഹോട്ടലിന് നേരെ ആദ്യം ആക്രമണമുണ്ടായത്. അന്ന് രാത്രി 8-8.30 ന് അവിടുന്ന് ഭക്ഷണം കഴിച്ചിറങ്ങിയ എനിക്ക് ആ പരിസരത്ത് അസ്വാഭികമായി എന്തെങ്കിലും കാണാൻ കഴിഞ്ഞിട്ടില്ല. എന്നത്തേയും പോലെ ശാന്തമായിരുന്നു പഴയ ബസ് സ്റ്റാൻ്റിന് തൊട്ടടുത്ത് ഒ.വി റോഡിൽ സ്ഥിതി ചെയ്യുന്ന നൂർജഹാൻ ഹോട്ടലും പരിസര പ്രദേശങ്ങളും.

7

പക്ഷെ നൂർജഹാൻ ഹോട്ടൽ തകർക്കപ്പെട്ടതിന് ഒരു മണിക്കൂറിനകം ഒ.വി റോഡിൻ്റെ മറ്റേയറ്റത്തുള്ള എൻ.സദാനന്ദ പൈയുടെ പെട്രോൾ പമ്പ് ആക്രമിക്കുകയും തകർക്കപ്പെടുകയും ചെയ്തു. അത് വ്യക്തമാക്കുന്നത് അന്ന് ലീഗ് തീവ്രവാദികൾ പ്രത്യാക്രമണത്തിന്ന് നേരത്തേ ഒരുങ്ങി നിന്നിരുന്നുവോ എന്ന ചോദ്യമാണ്? തലശ്ശേരി കലാപത്തിൻ്റെ ഉത്തരവാദിത്വം ആർ എസ് എസ്സിനാണെന്നു കലാപം അവസാനിച്ച് ഒരാഴ്ച്ച കഴിഞ്ഞ് തലശ്ശേരിയിലെത്തിയ കെ.പി സി സി പ്രസിഡണ്ട് കെ കെ വിശ്വനാഥൻ ഗസ്റ്റ് ഹൗസിൽ വെച്ച് പത്രക്കാരോട് പറഞ്ഞത് ഞാൻ ഇന്നും ഓർക്കുന്നു. തൊട്ട ദിവസം വൈകുന്നേരമായിരുന്നു അന്നത്തെ ആഭ്യന്തര മന്ത്രി കെ.കരുണാകരൻ ലഹളാനന്തര തലശ്ശേരിയിൽ സന്ദർശനത്തിനായി എത്തുന്നത്.

8

തലശ്ശേരി കത്തി എരിയുമ്പോൾ അദ്ദേഹം തിരുവനന്തപുരത്ത് വെച്ച് ഡിസംബർ 30 ന് അന്തരിച്ച ഇന്ത്യൻ സ്പേസ് റിസേർച്ച് സെൻ്റർ സ്ഥാപകനായ വിക്രം സാരാഭായിയുടെ മൃതദേഹത്തെ അനുഗമിച്ച് ബോംബയിലേക്ക് പോയിരുന്നു.പ്രോട്ടോക്കാൾ അനുസരിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ ശാസ്ത്രജ്ഞൻ്റെ മൃതദേഹത്തെ അനുഗമിക്കേണ്ടത് സംസ്ഥാന മുഖ്യമന്ത്രിയായ സി.അച്യുതമേനോൻ ആയിരുന്നു. പകരം ഈയൊരു ഘട്ടത്തിൽ കരുണാകരൻ പോയത് ശരിയായില്ല എന്നഭിപ്രായമുള്ള കോൺഗ്രസുകാരോടൊപ്പമായിരുന്നു ജില്ലയിലെ യൂത്ത് കോൺഗ്രസ് - കെ.എസ് യുക്കാർ. അത് കൊണ്ട് തന്നെ തലശ്ശേരിയിലെത്തുന്ന കരുണാകരനെ സ്വീകരിക്കാൻ ആത്മരോഷത്തോടെയാണ് ഞങ്ങൾ എത്തിയത് . കരുണാകരൻ വന്നിറങ്ങുമ്പോൾ എതിർ മുദ്രാവാക്യം മുഴക്കണമെന്ന് പോലും ചില കോൺഗ്രസ് നേതാക്കൾ ഞങ്ങളോടാവശ്യപ്പെട്ടിരുന്നു.

9

പക്ഷെ ഡി.സി സി പ്രസിഡണ്ടായിരുന്ന എൻ.രാമക്യഷ്ണൻ ഞങ്ങളെ വിളിച്ച് " കരുണാകരൻ കാര്യങ്ങൾ ഞങ്ങളോട് നേരിട്ട് വിശദീകരിച്ചു തരുമെന്ന " വാഗ്ദാനം നൽകിയതിനെ തുടർന്ന് ഞങ്ങൾ ബഹളമുണ്ടാക്കിയില്ല. ഞാൻ ഇന്നും കൃത്യമായി ഓർക്കുന്നു. അന്നേ ദിവസം വൈകുന്നേരം 7 മണിയോടെയാണ് കരുണാകരൻ തലശ്ശേരി കോടതിക്കടുത്തുള്ള PWD ഗസ്റ്റ് ഹൗസിൽ എത്തുന്നത്. അക്ഷരാർത്ഥത്തിൽ ഗസ്റ്റ് ഹൗസ് പരിസരം കോൺഗ്രസ് നേതാക്കളാൽ നിറഞ്ഞു കവിഞ്ഞിരുന്നു.. തലശ്ശേരി നഗരം കത്തിയെരിയുമ്പോൾ ആഭ്യന്തരമന്ത്രി സ്ഥലം സന്ദർശിക്കാതിരുന്നത് സർക്കാറിന്നെതിരെയുള്ള ഒരു വിഷയമായി അന്നത്തെ പ്രതിപക്ഷ കക്ഷിയായ സി.പിഎം ഉയർത്തി കൊണ്ടുവന്നിരുന്നു. ആ ആരോപണം നേരിടാനാവാതെ വഴികൾ തേടി കൊണ്ടിരിക്കുമ്പോഴാണ് ആഭ്യന്തര മന്ത്രി തലശ്ശേരിയിലെത്തിയത്.

10

കരുണാകരൻ എത്തിയ ഉടനെ പോലിസ് ഉദ്യോഗസ്ഥരുമായി അടച്ചിട്ട മുറിയിൽ സംഭാഷണം നടത്തി. പിന്നീട് ഐക്യമുന്നണി നേതാക്കളുടെ ഊഴമായിരുന്നു.എൻ്റെ ഓർമ്മയിൽ എൻ.രാമകൃഷ്ണൻ CPI ജില്ലാ സിക്രട്ടറി പി.പി മുകുന്ദൻ, ലീഗ് നേതാവ് ഇ അഹമ്മദ് തുടങ്ങി ഒട്ടനവധി നേതാക്കളുടെ മുറിയിലേക്ക് കയറി.ആ യോഗം 2 മണിക്കൂറോളം തുടർന്നു എന്നാണെൻ്റെ ഓർമ്മ. അതിനു ശേഷമാണ് യൂത്ത്- കോൺഗ്രസ്സ്-കെ.എസ് യു പ്രതിനിധികളെ കാണാൻ ലീഡർ സൗമനസ്യം കാണിച്ചത്. കുറേ ദിവസങ്ങളായുള്ള പ്രവർത്തനത്തിൻ്റെ ഫലമായി ശരീരത്തെ ബാധിച്ച ക്ഷീണാവസ്ഥയിലാണ് ഞങ്ങൾ - ജില്ലാ യുത്ത് കോൺഗ്രസ് പ്രസിഡണ്ട് പി.സി.മുഹമ്മദ്, സിക്രട്ടറി എം.കെ.രാഘവൻ, കെ.എസ് യു പ്രസിഡണ്ട് വിജയശങ്കർ , സിക്രട്ടറി കെ.ജെ തോമസ് ഞാനും കൂടിയാണ് ലീഡറുടെ മുറിയിലേക്ക് പോയത്.

11

മുറിയിലേക്ക് കയറിയ ഉടനെ അദ്ദേഹം പറഞ്ഞത് ഇന്നും ഓർമ്മയിലുണ്ട് - "കലാപത്തെക്കുറിച്ച് പോലീസ് നൽകിയ റിപ്പോർട്ട് പൂർണ വിശ്വാസത്തിലെടുത്തത് കൊണ്ടാണ് ബോംമ്പെയിലേക്ക് പോയത്. തലശ്ശേരി നിയന്ത്രണാധീതമാണെന്നായിരുന്നു പോലീസ് റിപ്പോർട്ട്. " അങ്ങോട്ടെന്തെങ്കിലും പറയുന്നതിന് മുമ്പ് അദ്ദേഹം തുടർന്നു. "ഈ കലാപത്തിൻ്റെ പിന്നിൽ സി.പി.എം ആണ് എന്ന രീതിയിലുള്ള പ്രചരണ പരിപാടിയുമായി മുന്നോട്ട് പോകണമെന്നാണ് പാർട്ടി തീരുമാനം, ചെറുപ്പക്കാർ ആ ദൗത്യം ഏറ്റെടുക്കണം.". അദ്ദേഹം കൈ ഉയർത്തി അതിനർത്ഥം പോകാൻ അനുമതി തന്നിരിക്കുന്നു എന്നാണ് . ആകെ 2 നിമിഷം. ക്ഷീണം കൊണ്ട് കൂമ്പി വരുന്ന കണ്ണുകളോടെ ഒന്നും തിരിച്ചു ചോദിക്കാതെ യുവാക്കൾ മടങ്ങി. എല്ലാം നേരത്തെ തയ്യാറാക്കിയ തിരക്കഥ. ആഭ്യന്തര മന്ത്രിയുടെ പിടിപ്പ് കേട് ചർച്ച ചെയ്യാൻ കാത്തിരുന്ന മാധ്യമങ്ങൾക്ക് പുതിയ വിഷയം കിട്ടിയ സന്തോഷം.

12

അതോടെയാണ് തലേ ദിവസം കെ.പി.സി.സി പ്രസിഡൻറ് ആർ.എസ് . എസ്സിൻ്റെ മേൽ ചാർത്തിയ കുറ്റപത്രം ഒരൊറ്റ ദിവസം കൊണ്ട് മലക്കം മറിഞ്ഞ് സി.പിഎമ്മിൻ്റെ ശിരസ്സിലേക്ക് എടുത്ത് വെക്കുന്നത്. സത്യത്തിൽ എനിക്ക് അത് ഉൾകൊള്ളാൻ ഏറേ പ്രയാസമായത് കൊണ്ടായിരിക്കാം പിറ്റേ ദിവസം എൻ.ആറിനോട് ഈ വൈരുദ്ധ്യത്തെക്കുറിച്ച് ചോദിച്ചത്. കെ.പി,സി സി പ്രസിഡൻ്റിൻ്റെ അഭിപ്രായത്തെ പാർലിമെൻ്ററി പാർട്ടി ലീഡർ തള്ളി പറയുന്ന ശൈലി പിന്നീട് ഒരുപാട് പ്രാവശ്യം അന്യഭവപ്പെട്ടിട്ടുണ്ടെങ്കിലും ഈ അനുഭവം കേവല വിദ്യാർത്ഥിയായ എനിക്ക് ആദ്യമായിരുന്നു. ഈ അനുഭവം Rടടനെ വിശുദ്ധമാക്കാനുള്ള ശ്രമമായിട്ടാണ് ആദ്യം എനിക്ക് തോന്നിയത്. എൻ.ആറിനോട് സംസാരിച്ചപ്പോഴാണ് കാര്യങ്ങൾ മനസിലായത്. "ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ലഹളാനന്തര രാഷ്ട്രീയ ചുറ്റുപ്പാടുകൾ സി.പിഎമ്മിന് അനുകൂലമായി വന്നിട്ടുണ്ട്..

13

മുസ്ലിം ആരാധനാലയങ്ങളെ സംരക്ഷിക്കപ്പെട്ടത് CPM പാർട്ടി പ്രവർത്തകരുടെ ജാഗ്രത കൊണ്ടാണെന്ന് പൊതുധാരണ മുസ്ലിംങ്ങൾക്കിടയിൽ അവരുണ്ടാക്കിയെടുത്തിട്ടുണ്ട് അത് ദോഷം ചെയ്യാതിരിക്കാൻ സി.പിഎമ്മിനെ ഡിഫൻസിൽ നിറുത്തിയേ പറ്റൂ. " അസത്യത്തെ സത്യമാക്കി മാറ്റുന്ന ഗീബൽസിയൻ തന്ത്രമാണ് ലക്ഷ്യം പോലെ മാർഗ്ഗവും ശുദ്ധമാവണമെന്ന് പഠിപ്പിച്ച ഒരു മഹത്മാവിൻ്റെ ശീലങ്ങളേറ്റു പാടി എന്നവകാശപ്പെടുന്ന ഒരു പ്രസ്ഥാനത്തിൻ്റെ നെടുനായകരുടെ വാക്കുകൾ ശിരസ്സിലേറ്റി ഒരു പാട് വേദികളിൽ ഈ അസത്യം എന്നെ പോലുള്ളവർ വിളിച്ചു പറഞ്ഞു. പക്ഷെ ഒരു അസത്യം നൂറാവർത്തിച്ചാലും അത് സത്യമാകില്ല എന്ന് കാലം അന്നും ഇന്നും എന്നും പറഞ്ഞു കൊണ്ടെയിരിക്കുന്നു. തലശ്ശേരി കലാപത്തെക്കുറിച്ചന്വേഷിക്കാൻ അച്യുതമേനോൻ സർക്കാർ നിയോഗിച്ച ജോസഫ് വിതയത്തിൽ കമ്മിഷൻ റിപ്പോർട്ട് 1972 മെയ് മാസം അവസാനം സർക്കാറിന് സമർപ്പിച്ചു.

14

എല്ലാ രാഷ്ട്രീയ പാർട്ടികളും കമ്മിഷൻ വിചാരണ വേളയിൽ കക്ഷി ചേർന്നുവെങ്കിലും സി.പി.എം ബഹിഷ്ക്കരിക്കുകയായിരുന്നു ചെയ്തത്. റിപ്പോർട്ട് വരുന്നതിന് മുമ്പ് തന്നെ സി.പിഎമ്മിനെ പ്രതിക്കൂട്ടിൽ നിർത്താൻ സർക്കാർ ശ്രമിച്ചതിലും കലാപ നഷ്ടം കണക്കാക്കാൻ സർക്കാർ രൂപീകരിച്ച കമ്മിറ്റിയിൽ ഉൾപ്പെടുത്താത്തതിലും പ്രതിഷേധിച്ചായിരുന്നു ബഹിഷ്ക്കരണം. പക്ഷെ കോൺഗ്രസും ലീഗും തുറന്ന് വിട്ട അസത്യ കഥകൾ കമ്മീഷൻ്റെ മുന്നിൽ വിലപ്പോയില്ല. വിതയത്തിൽ കമ്മിഷൻ റിപ്പോർട്ടിൽ അത് അടിവരയിട്ട് പറയുന്നുണ്ട്. It is not disputed that none of the leaderട of the marxist Party took part in these disturbances. It is also evidence that marxist workers went in a car with party Flag on 29th evening and advised the people to stop the riots. ഒരു അന്വേഷണ റിപ്പോർട്ടിൽ ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കാം കക്ഷി ചേരാത്ത ഒരു സംഘടനയെക്കുറിച്ച് സത്യസന്ധമായ വിലയിരുത്തൽ നടത്തിയുണ്ടാവുക.

15

വിതയത്തിൽ കമ്മീഷൻ റിപ്പോർട്ട് പുറത്തിറങ്ങുന്നത് വരെ അന്തരീക്ഷം മലിമസമാക്കാൻ കോൺഗ്രസിനും ലീഗിനും സാധിച്ചുവെങ്കിലും ജനമനസുകൾ ഈ ആരോപണം മൂഖവിലക്കെടുത്തില്ല എന്ന് തെളിയിക്കപ്പെട്ടു. ലഹളക്ക് മുമ്പുള്ള തലശ്ശേരിയുടെ രാഷ്ട്രീയ ഗതി വിഗതികൾ മുസ്ലീഗിനെ ചുറ്റിപ്പറ്റിയായിരുന്നെങ്കിൽ പോകേ പോകേ അത് സിപിഎമ്മിന് അനുകൂല തട്ടകമായി മാറുന്നതിന് സാക്ഷ്യം വഹിക്കാൻ നമുക്ക് സാധിച്ചു. പക്ഷെ കോൺഗ്രസും ലീഗും മാറിയിട്ടില്ല. അവർക്ക് മാറാൻ ആവുകില്ല അതിന് തെളിവാണ് ഈ അടുത്ത കാലത്ത് കേരളം അഭിമുഖീകരിച്ച ഒരു പാട് പ്രശ്നങ്ങളിൽ സത്യത്തോട് മുഖം തിരിച്ചു കൊണ്ടു അവർ സ്വീകരിച്ച നിലപാട്.

16

കേരളത്തിൻ്റെ മതേതര മനസ്സിനെ വർഗീയ വിഷലിപ്തമാക്കാൻ ആർ.എസ് എസും ലീഗും നടത്തിയ പരിശ്രമങ്ങളെ തടയാൻ ആത്മത്യാഗം ചെയ്തും സി.പി എം രക്തസാക്ഷി സഖാവ് യു. കുഞ്ഞിരാമന് സാധിച്ചുവെങ്കിൽ വർത്തമാനകാല രാഷ്ടീയത്തിലെ, ഇത്തരം നീക്കങ്ങൾക്ക് തടയിടാൻ ആയിരം കുഞ്ഞിരാമൻമാർ ഉണ്ടാവും എന്ന് ഉറപ്പാണ്. ഈ പാവന മണ്ണിൻ്റെ പവിത്രത തകർക്കാൻ കൈകോർത്തും പരസ്പരം പാലുട്ടിയും മുന്നിട്ടിറങ്ങുന്ന ഏത് വർഗീയതക്കെതിരെയും -അത് ഭൂരിപക്ഷമായാലും ന്യൂനപക്ഷമായാലും - ഒറ്റ മനസ്സോടെ കേരളത്തിലെ മതേതര സമൂഹം പ്രതിരോധം തീർക്കും ഉറപ്പ്. ആ ഉറപ്പാണ് തലശ്ശേരി കലാപത്തിന് അരനൂറ്റാണ്ട് തികയുമ്പോഴും അങ്ങ് കിഴക്ക് ഉയർന്ന് വരുന്ന രക്തനക്ഷത്രം കൂടുതൽ ശോഭയാർന്നതാവുന്നതും നാടിന് വഴി കാട്ടിയാവുന്നതും'' .

ഒ.വി ജയഫർ

Recommended Video

cmsvideo
Night curfew issued in Kerala | Oneindia Malayalam

English summary
P Jayarajan shares ex KSU leader's fb post on Thalassery riot in 1971
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X