ഗാന്ധിജി ആരുമായി കലഹിച്ചിട്ടാണ് ജീവന്‍ വെടിഞ്ഞത്..? പാംപ്ലാനിയോട് ജയരാജന്‍
കണ്ണൂര്‍: രാഷ്ട്രീയ രക്തസാക്ഷികള്‍ക്ക് എതിരായ തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ അധിക്ഷേപത്തില്‍ പ്രതികരണവുമായി സി പി എം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജന്‍. മാര്‍ ജോസഫ് പാംപ്ലാനി ചില അബദ്ധങ്ങള്‍ പറയാറുണ്ടെന്നും ആ കൂട്ടത്തില്‍പ്പെടുത്തേണ്ട ഒന്നാണ് ഇത് എന്നുമാണ് ജയരാജന്റെ പ്രതികരണം. മാതൃഭൂമി ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാര്‍ ജോസഫ് പാംപ്ലാനിയുടെ അബദ്ധങ്ങള്‍ ഗൗരവത്തില്‍ എടുക്കേണ്ട എന്നും പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ രക്തസാക്ഷി മഹാത്മാഗാന്ധിയാണ് എന്നും മഹാത്മാഗാന്ധിക്ക് ആരുമായി കലഹിച്ചിട്ടാണ് ജീവന്‍ വെടിയേണ്ടി വന്നത് എന്നും പി ജയരാജന്‍ ചോദിച്ചു. അഹിംസാ മന്ത്രത്തിന്റെ പ്രധാനപ്പെട്ട വക്താവായിരുന്നു മഹാത്മാ ഗാന്ധി എന്നും ജയരാജന്‍ ചൂണ്ടിക്കാട്ടി.

പ്രാര്‍ഥനയ്ക്കായി നടന്നുവരുമ്പോള്‍ ഗാന്ധിയെ ഗോഡ്സെയും കൂട്ടരും വെടിവെച്ച് കൊല്ലുകയായിരുന്നു. അതുപോലെയുള്ള ഹീനകൃത്യത്തില്‍ ജീവന്‍ ബലി അര്‍പ്പിക്കേണ്ടിവന്ന ആളുകളെയൊക്കെ അപമാനിക്കുന്ന പ്രസ്താവനയാണ് മാര്‍ ജോസഫ് പാംപ്ലാനിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാര്‍ ജോസഫ് പാംപ്ലാനിയുടെ മുന്‍കാല പ്രസ്താവനകളുടെ പശ്ചാത്തലത്തില്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ ഇത് തള്ളിക്കളയണം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
റബ്ബറിന് 300 രൂപയാക്കുകയാണെങ്കില്‍ ബി ജെ പിക്ക് ജനപ്രതിനിധിയില്ലാത്ത വിഷമം മാറ്റിക്കൊടുക്കും എന്ന് പറഞ്ഞ ആളാണല്ലോ അദ്ദേഹം? എന്നാല്‍ അത് അദ്ദേഹത്തിന്റെ സഭയിലെ വിശ്വാസികളടക്കം അവജ്ഞയോടെ തള്ളിക്കളഞ്ഞില്ലേ. അതിനാല്‍ ഇതൊന്നും ഗൗരവത്തില്‍ എടുക്കേണ്ട കാര്യമില്ല എന്നാണ് തനിക്ക് തോന്നുന്നതെന്നും പി ജയരാജന്‍ വ്യക്തമാക്കി. കെ സി വൈ എം സംഘടിപ്പിച്ച യുവജന ദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ ആയിരുന്നു പാംപ്ലാനിയുടെ വിവാദ പരാമര്‍ശം.
അനാവശ്യമായി കലഹിക്കാന്‍ പോയി മരിച്ചവരാണ് രക്തസാക്ഷികള്‍ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. യേശുവിന്റെ ശിഷ്യന്‍മാരായ 12 അപ്പോസ്തലന്‍മാരും രക്തസാക്ഷികളായി മരിച്ചവരാണ് എന്നും രാഷ്ട്രീയക്കാരുടെ രക്തസാക്ഷികളെപ്പോലെ അല്ല അപ്പോസ്തലന്‍മാരുടെ രക്തസാക്ഷിത്വം എന്നുമായിരുന്നു അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞത്. കണ്ടവനോട് അനാവശ്യമായി കലഹിക്കാന്‍ പോയി വെടിയേറ്റു മരിച്ചവരാണ് രാഷ്ട്രീയ രക്തസാക്ഷികള്‍.
ചിലര്‍ പ്രകടനത്തിനിടെ പൊലീസ് ഓടിച്ചപ്പോള്‍ പാലത്തില്‍ നിന്നും തെന്നിവീണ് മരിച്ചവരാണ്. എന്നാല്‍ അപരന്റെ നന്മയ്ക്ക് വേണ്ടി ജീവിതം സമര്‍പ്പിച്ച വ്യക്തികളാണ് അപ്പോസ്തലന്മാര്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ അവകാശവാദം. കെ സി വൈ എം യോഗത്തില്‍ കോണ്‍ഗ്രസ് നേതാവും എം പിയുമായ രാജ്മോഹന്‍ ഉണ്ണിത്താന്‍ മുഖ്യാതിഥിയായിരുന്നു.












Click it and Unblock the Notifications