മാഹിയില്‍ നിന്നുള്ള ഇന്ധന കടത്ത് വ്യാപകം; കണ്ണൂരിലെ പെട്രോള്‍ പമ്പുകള്‍ അടച്ചുപൂട്ടലിലേക്ക്
തലശേരി: കണ്ണൂര്‍ ജില്ലയുമായി അതിര്‍ത്തി പങ്കിടുന്ന കേന്ദ്ര ഭരണപ്രദേശമായ മാഹിയില്‍ നിന്ന് അനധികൃതമായി ഇന്ധനം കത്തി കടത്തി കൊണ്ടുവന്ന് കണ്ണൂര്‍ ജില്ലയില്‍ വിതരണം ചെയ്യുന്നതിന് എതിരെ ജില്ലാ പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍ സെപ്തംബര്‍ 30ന് പണിമുടക്കും. ഇതിന്റെ ഭാഗമായി അന്നേ ദിവസം മുഴുവന്‍ പമ്പുകളും അടച്ചിട്ടു പ്രതിഷേധിക്കുമെന്ന് പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ കണ്ണൂരില്‍ അറിയിച്ചു.
കേരളത്തെക്കാള്‍ ഇന്ധന വില 15 രൂപയോളം കുറവായ മാഹിയില്‍ നിന്നുമുള്ള ഇന്ധന കടത്ത് തടയാന്‍ പൊലിസിന് കഴിയുന്നില്ല. ടാങ്കറുകളില്‍ വന്‍ തോതിലാണ് പെട്രോള്‍, ഡീസല്‍ കടത്ത് നടക്കുന്നത്. ചെറു വാഹനങ്ങളില്‍ കടത്തികൊണ്ടുവന്ന് കണ്ണൂര്‍ ജില്ലയില്‍ വില്‍ക്കുന്നത് വ്യാപകമാണ്. ഇതുകാരണം തൊട്ടടുത്ത ജില്ലയായ കണ്ണൂരിലെ പെട്രോള്‍ പമ്പുകള്‍ അടച്ചിടേണ്ട അവസ്ഥയിലാണ് സംസ്ഥാന സര്‍ക്കാര്‍ അധിക സെസായി രണ്ടു രൂപ വര്‍ധിപ്പിച്ചതിനു ശേഷമാണ് ഈ പ്രവണത വ്യാപാമായിരിക്കുന്നത്.

ഇന്ധന കടത്തിനെതിരെ പല തവണ പരാതി നല്‍കിയിട്ടും നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് പണിമുടക്കുന്നതെന്നും പൊലീസ്, സര്‍ക്കാര്‍ നടപടിയുണ്ടായില്ലെങ്കില്‍ സമരം ശക്തമാക്കുമെന്നും പമ്പുടമകള്‍ അറിയിച്ചു. എന്നാല്‍ മാഹിയില്‍ നിന്നുള്ള ഇന്ധന കടത്തിനെതിരെ അതിശക്തമായ നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു. കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍. അജിത്ത് കുമാറിന്റെ നിയന്ത്രണത്തിലുള്ള പൊലീസ് സേന സ്‌ക്വാഡുകളായാണ് രാപ്പകല്‍ റെയ്ഡു നടത്തി വരുന്നത്.
ഇതിനിടെ വന്‍ തോതില്‍ കേരളത്തിലേക്ക് ഇന്ധനം കടത്തിയ രണ്ടു ടാങ്കര്‍ ലോറികള്‍ പിടികൂടിയിട്ടുണ്ട്. ചെറുതും വലുതുമായ മറ്റു വാഹനങ്ങള്‍ പിടിയിലാവുകയും ചിലയാളുകളെ അറസ്റ്റു ചെയ്യുകയും ചെയ്തിട്ടുണ്ട്. തലശേരിയിലെ അതിര്‍ത്തി പ്രദേശമായ കോടിയേരി വഴിയാണ് ഇന്ധന കടത്ത് കൂടുതല്‍ നടത്തുന്നത്.
മുഴിക്കര , പന്തക്കല്‍ ,കോപ്പാലം എന്നിവടങ്ങളിലെ പമ്പുകളില്‍ നിന്നാണ് വന്‍ തോതില്‍ ഇന്ധനം ശേഖരിക്കുന്നത്. പിടികൂടുന്ന വാഹന ഉടമകള്‍ക്ക് വന്‍ തുക പിഴയിടാക്കുന്നുണ്ടെന്ന് പൊലിസ് അറിയിച്ചു. കഴിഞ്ഞ കുറെ കാലമായി ഇന്ധന വില യിലെ വ്യത്യാസം കാരണം മാഹിയിലെ പെട്രോള്‍ പമ്പുകളില്‍ നിന്നും അയല്‍പ്രദേശങ്ങളായ കണ്ണൂര്‍, കോഴിക്കോട്, ജില്ലകളിലേക്ക് ഇന്ധന കടത്ത് വ്യാപകമാണ് നിയമ ലംഘകരെ പിടികൂടുന്നതിനായി ജി.എസ് ടി ഇന്റലിജന്‍സ് സ്‌ക്വാഡും റെയ്ഡ് നടത്തുന്നുണ്ട്.












Click it and Unblock the Notifications