മാക്കൂട്ടം ചുരം പാതയിലെ കാട്ടാനകളുടെ സാന്നിദ്ധ്യം: യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യം ശക്തമായി
ഇരിട്ടി: കണ്ണൂരിലെ ആറളം ഫാമില്‍ കാട്ടാനകളെ തുരത്തല്‍ നടന്നു കൊണ്ടിരിക്കെ കേരള - കര്‍ണാടക അന്തര്‍ സംസ്ഥാനപാതയായ തലശേരി - കുടക് റോഡിലെ മാക്കൂട്ടത്തും കാട്ടാനകള്‍ കൂട്ടത്തോടെ ഇറങ്ങി. കേരളാ- കര്‍ണ്ണാടക അതിര്‍ത്തിയില്‍ തലശ്ശേരി - കുടക് അന്തര്‍സംസ്ഥാന പാത മുറിച്ചു കടന്നുപോകുന്ന കാട്ടാനക്കൂട്ടങ്ങളുടെ ദൃശ്യമാണ് യാത്രക്കാര്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്തത്.
കഴിഞ്ഞ മെയ് 18 ന് രാവിലെ ഏഴുമണിയോടെ ബംഗളൂരുവില്‍ നിന്നും ഇരിട്ടിയിലേക്ക് വരികയായിരുന്ന മേഖലയിലെ ഒരു കേബിള്‍ ടിവി സംഘം സഞ്ചരിച്ച വാഹനത്തിനു മുന്നില്‍ക്കൂടെയാണ് കൊമ്പനാനകളും കുട്ടിയാനകളുമടക്കം പത്തിലേറെ ആനകള്‍ റോഡ് മുറിച്ചു കടന്നുപോയത്. ഇവരാണ് ആനകളുടെ ദൃശ്യം പകര്‍ത്തിയത്. രാപ്പകളില്ലാതെ ചെറുതും വലുതുമായ യാത്രാവാഹനങ്ങളും ചരക്ക് വാഹനങ്ങളും ഇടതടവില്ലാതെ കടന്നു പോകുന്ന പാതയാണിത്.

ബ്രഹ്‌മഗിരി വന്യജീവി സങ്കേതത്തിലൂടെ കടന്നു പോകുന്ന ഈ പാതയില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആനകളടക്കമുള്ള വന്യമൃഗങ്ങളെ കാണാറുണ്ടായിരുന്നെങ്കിലും അടുത്ത കാലത്തൊന്നും കുരങ്ങുകളൊഴികെയുള്ളവയെ ഈ ചുരം പാതയില്‍ ആരും കണ്ടിരുന്നില്ല. എന്നാല്‍ ഇരു സംസ്ഥാനങ്ങളുടെയും അതിര്‍ത്തി പങ്കിടുന്ന ഇരിട്ടിയിലെ ബാരാപ്പുഴ കടന്ന് ആനകള്‍ കേരളത്തിലെ ജനവാസ മേഖലയിലെത്തി നാശം വിതക്കുന്നത് നിത്യ സംഭവമാണ്.
17 കിലോമീറ്ററോളം കൊടും വളവുകളും, കയറ്റവും, ഇറക്കവുമെല്ലാമുള്ള ഈ പാത വൈദ്യുതീകരിച്ചിട്ടില്ലാത്തതിനാല്‍ രാത്രിയായാല്‍ കൂരിരുട്ടിലാണ്. കടന്നു പോകുന്ന വാഹനങ്ങളുടെ വെളിച്ചം മാത്രമാണ് പാതയില്‍ ഉണ്ടാവുക. ഉള്‍വനത്തിലേക്ക് കടന്നുകഴിഞ്ഞാല്‍ മൊബൈല്‍ ഫോണുകളും പ്രവര്‍ത്തന രഹിതമാകും. ഇതെല്ലം കൊണ്ടുതന്നെ ആനക്കൂട്ടങ്ങള്‍ റോഡ് മുറിച്ചു കടന്നു പോകുന്ന ദൃശ്യം ഇതുവഴി പോകുന്ന യാത്രക്കാരില്‍ ഏറെ ഭീതി ജനിപ്പിച്ചിരിക്കയാണ്. യാത്രക്കാര്‍ക്ക് മതിയായ സുരക്ഷാ സംവിധാനം ഒരുക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.












Click it and Unblock the Notifications