കണ്ണൂരിൽ നാല് സിഐഎസ്എഫ് ജവാൻമാർ ഉൾപ്പെടെ ആറു പേർക്ക് കൊറോണ വൈറസ്: ഒരാൾ കുവൈത്തിൽ നിന്നെത്തിയത്! !!
കണ്ണൂർ: ഇതര സംസ്ഥാനത്തു നിന്നുമെത്തിയ നാല് സിഐഎസ്എഫ് ജവാൻമാർ ഉൾപ്പെടെ കണ്ണൂർജില്ലയില്‍ പുതുതായിആറു പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ചു. കുവൈറ്റില്‍ നിന്ന് എത്തിയ ഒരാള്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തിയ അഞ്ചു പേര്‍ക്കുമാണ് രോഗബാധയേറ്റത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരില്‍ നാലു പേര് സിഐഎസ്എഫുകാരാണ്.
കരിപ്പൂര്‍ വിമാനത്താവളം വഴി ജൂണ്‍ 11ന് കുവൈറ്റില്‍ നിന്നുള്ള ജെ9 1413 വിമാനത്തിലെത്തിയ പെരളശ്ശേരി സ്വദേശി 58കാരന്, കണ്ണൂര്‍ വിമാനത്താവളം വഴി ജൂണ്‍ ഏഴിന് ഡല്‍ഹിയില്‍ നിന്ന് എഐ 425 വിമാനത്തില്‍ എത്തിയ കൊളച്ചേരി സ്വദേശി 65കാരന്, ഇതേ വിമാനത്തിലെത്തിയ ഉത്തര്‍ പ്രദേശ് സ്വദേശി 29കാരന്, ഹിമാചല്‍ പ്രദേശ് സ്വദേശി 33കാരന്, ഇതേ ദിവസം ഡല്‍ഹിയില്‍ നിന്ന് ബാംഗ്ലൂര്‍ വഴി 6ഇ 7974 വിമാനത്തിലെത്തിയ ഡല്‍ഹി സ്വദേശി 29കാരന്, ഉത്തര്‍പ്രദേശ് സ്വദേശി 27കാരന് എന്നിവര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചതെന്നും ജില്ലാ കലക്ടർ ടി.വി സുഭാഷ് അറിയിച്ചു.

ഇതിനിടെ പതിനാലുകാരന് കോവിഡ് ബാധിച്ചതിനെ തുടർന്ന് അടച്ചുപൂട്ടിയ കണ്ണൂർ നഗരം വ്യാഴാഴ്ച തുറക്കും. ദുരന്തനിവാരണ അതോറിറ്റി യോഗത്തിലാണ് നഗരം പൂർവസ്ഥിതിയിലാക്കാൻ തീരുമാനിച്ചത്. കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ചാൽ ഏഴു ദിവസം കഴിഞ്ഞാണ് പുനരവലോകനം ഉണ്ടാകുക. ഉറവിടം അറിയാത്ത കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആരോഗ്യ വകുപ്പാണ് നഗരം അടച്ചിടാൻ നിർദേശം നൽകിയത്. തുടർന്നാണ് കഴിഞ്ഞ 18 മുതൽ നഗരം അടച്ചു പൂട്ടിയത്.
അതേസമയം പതിനാലുകാരന്റെ രണ്ടാമത്തെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നു. പിതാവിനും വിദ്യാർഥിയെ ആദ്യം പരിശോധിച്ച ഡോക്ടർക്കും കോവിഡ് ബാധയില്ലെന്ന് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. കൊവിഡ് വൈറസ് രോഗ പ്രതിരോധപ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ 26 ന് കോവിഡ് പരിശോധന നടത്താന്‍ തീരുമാനിച്ചതായി ആശുപത്രി സൂപ്രണ്ട് ഡോ. പി.പി. രവീന്ദ്രന് അറിയിച്ചു. 12 മുതല്‍ 20 വരെ അന്യസംസ്ഥാനത്തുനിന്നോ വിദേശരാജ്യങ്ങളില്‍നിന്നോ വന്ന പനിയോ മറ്റ് അസുഖങ്ങളോ ഇല്ലാത്തവരില്‍ സ്രവപരിശോധന നടത്താൻ താത്പര്യമുള്ളവര്‍ അടിയന്തരമായി പേര്, അഡ്രസ്, ഫോണ്‍നമ്പര്‍, കേരളത്തില്‍ എത്തിയ തീയതി എന്നിവ താഴെപ്പറയുന്ന വാട്സ് ആപ്പ് നമ്പറിലേക്ക് അയയ്ക്കണം. പരിമിതമായ കിറ്റുകള്‍ മാത്രം ഉള്ളതിനാല്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കായിരിക്കും മുന്‍ഗണന.
സ്രവമെടുക്കാന്‍ വരുന്നവര്‍ സ്വന്തം വാഹനത്തില്‍ വരണം. അതത് പ്രാഥമികാരോഗ്യകേന്ദ്രത്തിലോ പോലീസ് സ്റ്റേഷനിലോ വിവരമറിയിക്കുകയും വേണം. വാഹനത്തില്‍നിന്ന് വഴിയില്‍ ഇറങ്ങുകയോ മറ്റുസ്ഥലങ്ങളില്‍ പോകുകയോ ചെയ്യരുത്. ആശുപത്രിയില്‍ എത്തിയാല്‍ വാഹനത്തില്‍നിന്ന് ഇറങ്ങാതെ ആശുപത്രി അധികൃതരുമായി 8592087575 , 9846174188 എന്ന നമ്പറുകളില്‍ ബന്ധപ്പെട്ടശേഷം ടെസ്റ്റിംഗ് സെന്ററിലേക്കു പോകേണ്ടതാണ്. രജിസ്റ്റര്‍ ചെയ്തവര്‍ അനുവദിച്ച സമയത്തു മാത്രമേ എത്തേണ്ടതുള്ളൂവെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.












Click it and Unblock the Notifications